മലയാളത്തിന് പുറത്ത് വലിയ പ്രൊജക്ടുകളുടെ ഭാഗമാവുകയാണ് ഫഹദ് ഫാസില്‍. അല്ലു അര്ജുന് ചിത്രം പുഷ്പയിലെ വില്ലന്‍ വേഷത്തിലൂടെ ഫഹദിന്റെ റേഞ്ച് ചിന്തിക്കാന്‍ കഴിയുന്നതിനുമപ്പുറമായി മാറിയിരിക്കുകയാണ്. കമല്‍ ഹാസന് നായകനായ വിക്രത്തില്‍ നായകനെക്കാള്‍ സ്ക്രീന്‍ ടൈം കൂടുതലുള്ള കഥപാത്രമായിരുന്നു ഫഹദ് അവതരിപ്പിച്ച അമര്‍.
പിന്നാലെ രജിനികാന്തും ജയ് ഭീമിന്റെ സംവിധായകന് ടി.ജെ ജ്ഞാനവേലും ഒന്നിക്കുന്ന വേട്ടയനിലും ഫഹദ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അമിതാഭ് ബച്ചന്, റാണാ ദഗ്ഗുബട്ടി, ദുഷാരാ വിജയന്, മഞ്ജു വാര്യര്‍ തുടങ്ങി വന്‍ താരനിരയാണ് വേട്ടയനില്‍ ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഡബ്ബിങ്ങിന് വേണ്ടി ഫഹദ് ജോയിന്‍ ചെയ്ത ഫോട്ടോസ് അണിയറപ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.
മലയാളത്തിന് പുറത്ത് കൈനിറയെ സിനിമകളുള്ള ഫഹദ് രജിനികാന്തിനൊപ്പം വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ സംവിധാനം ചെയ്ത ലോകേഷ് കനകരാജും രജിനികാന്തും ഒന്നിക്കുന്ന കൂലിയില്‍ ഫഹദും ഭാഗമാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രജിനിയുടെ 171ാമത് ചിത്രമാണ് കൂലി. സിനിമയുടെ അനൗണ്‍സ്മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു.
ജയിലറിന് ശേഷം സണ്‍ പിക്ചേഴ്സുമായി രജിനി കൈകോര്‍ക്കുന്നുവെന്ന പ്രത്യേകതയും കൂലിക്കുണ്ട്. ഒരുപാട് കാലത്തിന് ശേഷം രജിനികാന്തും സത്യരാജും ഒന്നിക്കുന്ന സിനിമ കൂടിയാണ് കൂലി. ശ്രുതി ഹാസനും സിനിമയുടെ ഭാഗമാകുന്നുണ്ട്. താരം തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്തുവിട്ടത്. ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണവും അനിരുദ്ധ് സംഗീതസംവിധാനവും നിര്‍വഹിക്കുന്ന ചിത്രം 2025 ഏപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
Content Highlight: Rumors that Fahadh Faasil will be a part of Rajnikanth’s Coolie