|

മോഹന്‍ലാല്‍- അമല്‍ നീരദ് പ്രൊജക്ടില്‍ ഫഹദില്ല, പകരം മലയാളത്തിലെ യുവനടന്‍?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തുടര്‍പരാജയങ്ങള്‍ക്ക് ബോക്‌സ് ഓഫീസിലെ തന്റെ സിംഹാസനം വീണ്ടെടുക്കുന്ന മോഹന്‍ലാലിനെയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ ഇന്‍ഡസ്ട്രിയിലെ സകലമാന റെക്കോഡുകളും തകര്‍ത്തപ്പോള്‍ പിന്നാലെയെത്തിയ തുടരും ബോക്‌സ് ഓഫീസില്‍ ജൈത്രയാത്ര തുടരുകയാണ്.

ഇതിന് പിന്നാലെ മോഹന്‍ലാലിന്റെ വരുംകാല പ്രൊജക്ടുകളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല് മീഡിയയില്‍ സജീവമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി സോഷ്യല്‍ മീഡിയയില്‍ കേട്ടുകൊണ്ടിരിക്കുന്ന മോഹന്‍ലാല്‍- അമല്‍ നീരദ് പ്രൊജക്ട് അധികം വൈകാതെ ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.

മോഹന്‍ലാലിനൊപ്പം ഫഹദ് ഫാസിലും ചിത്രത്തിന്റെ ഭാഗമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഫഹദ് ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറിയെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരങ്ങള്‍. പകരം മലയാളത്തിലെ മുന്‍നിര യുവതാരം ഈ പ്രൊജക്ടിന്റെ ഭാഗമായേക്കുമെന്നും കേള്‍ക്കുന്നുണ്ട്. സൗബിന്‍ ഷാഹിറും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്‌തേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

നിലവില്‍ മലയാളത്തിലെ സെന്‍സേഷണല്‍ സംഗീത സംവിധായകനായ സുഷിന്‍ ശ്യാമാകും ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സുഷിന്റെ സംഗീതത്തില്‍ മോഹന്‍ലാല്‍ അവതരിക്കുന്നത് എങ്ങനെയാകുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ലിറ്റില്‍ സ്വയമ്പ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചേക്കുമെന്നും റൂമറുകളുണ്ട്.

ഒക്ടോബര്‍ പകുതിയോടെ ചിത്രം ഔദ്യോഗികമായി ഷൂട്ട് ആരംഭിക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ആശീര്‍വാദ് സിനിമാസും അമല്‍ നീരദ് സിനിമാസും ചേര്‍ന്നാകും ചിത്രം നിര്‍മിക്കുക. ആശീര്‍വാദ് സിനിമാസിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ചാകും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും അമല്‍ നീരദും ഒന്നിക്കുന്നത്.

നിലവില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വത്തിന്റെ ഷൂട്ടിലാണ് മോഹന്‍ലാല്‍. ഇതിന് ശേഷം മഹേഷ് നാരായണന്റെ മള്‍ട്ടിസ്റ്റാര്‍ പ്രൊജക്ടും മോഹന്‍ലാല്‍ പൂര്‍ത്തിയാക്കും. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യം 3, ബ്ലെസിയുമായി ഒന്നിക്കുന്ന പ്രൊജക്ട് എന്നിവയും മോഹന്‍ലാലിന്റെ ലൈനപ്പിലുണ്ട്.

Content Highlight: Rumors that Fahadh Faaasil out from Mohanlal Amal Neerad project