|

രണ്ട് വര്‍ഷം മാറി നിന്നതിന്റെ ക്ഷീണം പലിശയടക്കം തീര്‍ക്കാനാണ് പ്ലാന്‍, ഹിറ്റ് സംവിധായകനൊപ്പം വീണ്ടും കൈകോര്‍ക്കാന്‍ ദുല്‍ഖര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ബിഗ് എംസിന് ശേഷം മലയാളത്തില്‍ ഏറ്റവുമുയര്‍ന്ന ആദ്യദിന കളക്ഷന്‍ നേടാന്‍ കെല്പുള്ള നടനും കൂടിയാണ് ദുല്‍ഖര്‍ സല്‍മാന്‍. നെഗറ്റീവ് റിവ്യൂ വന്ന കിങ് ഓഫ് കൊത്ത പോലും ആദ്യദിന കളക്ഷനില്‍ മുന്നിട്ട് നിന്നിരുന്നു. ദുല്‍ഖര്‍ നായകനായ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു.

കിങ് ഓഫ് കൊത്തക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ നിന്ന് ചെറിയ ഇടവേളയെടുത്തിരുന്നു. മലയാളത്തിലേക്ക് ദുല്‍ഖറിന്റെ തിരിച്ചുവരവാണ് ഇപ്പോള്‍ എല്ലാവരും കാത്തിരിക്കുന്നത്. ആര്‍.ഡി.എക്‌സിന്റെ വന്‍ വിജയത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം ആന്റണി വര്‍ഗീസ് പെപ്പെയും ശക്തമായ വേഷത്തിലെത്തുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ട്. തമിഴ് സംവിധായകനും നടനുമായ മിഷ്‌കിനും ചിത്രത്തിന്റെ ഭാഗമാകുമെന്ന തരത്തില്‍ റൂമറുകളുണ്ടായിരുന്നു. നേരത്തെ ഈ വേഷത്തില്‍ എസ്.ജെ. സൂര്യ ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് എസ്.ജെ. സൂര്യ പ്രൊജക്ടില്‍ നിന്ന് പിന്മാറുകയായിരുന്നു.

നഹാസ് ചിത്രത്തിന് ശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാകും ദുല്‍ഖര്‍ ജോയിന്‍ ചെയ്യുക. പറവക്ക് ശേഷം സൗബിന്‍ സംവിധായക കുപ്പായമണിയുന്ന ചിത്രത്തിന് മേലെയും ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്. ഈ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷമുള്ള ദുല്‍ഖറിന്റെ പ്രൊജക്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

മലയാളത്തിലെ മികച്ച ഛായാഗ്രഹകരിലൊരാളായ സമീര്‍ താഹിര്‍ നാലാമത് സംവിധായക കുപ്പായമണിയുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചാപ്പാ കുരിശിലൂടെ സംവിധായക കുപ്പായമണിഞ്ഞ സമീര്‍ പിന്നീട് ദുല്‍ഖറിനെ നായകനാക്കി രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

ദുല്‍ഖര്‍- സമീര്‍ കൂട്ടുകെട്ടില്‍ പിറന്ന ആദ്യചിത്രമായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിക്ക് ഇന്നും ആരാധകരേറെയാണ്. ഇതേ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച കലിയും വന്‍ വിജയമായി മാറി. ഇതേ കോമ്പോ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുമ്പോള്‍ വന്‍ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരുമെന്ന് കരുതുന്നു.

നിലവില്‍ രണ്ട് അന്യഭാഷാ ചിത്രങ്ങളുടെ ഭാഗമാണ് ദുല്‍ഖര്‍. നവാഗതനായ സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കാന്താ, തെലുങ്ക് ചിത്രം ആകാശം ലോ ഒക്ക താര എന്നിവയാണ് ദുല്‍ഖറിന്റെ അടുത്ത റിലീസുകള്‍. ഈ വര്‍ഷം പകുതിയോടെ മലയാളചിത്രത്തില്‍ ദുല്‍ഖര്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Rumors that Dulquer Salmaan joining hands with Sameer Thahir