Entertainment
അജിത്തിനോട് ക്ലാഷിന് വന്നാല്‍ പൊടി പോലും കാണില്ലെന്ന് മനസിലായെന്ന് തോന്നുന്നു, റിലീസ് തിയതി മാറ്റാന്‍ ധനുഷ്?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 03, 12:05 pm
Monday, 3rd March 2025, 5:35 pm

തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനാകുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകരില്‍ പ്രതീക്ഷയുണര്‍ത്തിയിരുന്നു. വേതാളം, മങ്കാത്ത തുടങ്ങിയ ചിത്രങ്ങളില്‍ കണ്ടതുപോലെ കൂള്‍ ആയിട്ടുള്ള അജിത്തിനെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാന്‍ സാധിച്ചത്.

ചിത്രത്തിന്റെ ലൊക്കേഷന്‍ പിക്കുകളില്‍ അജിത്തിന്റെ ഗെറ്റപ്പ് വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തിനായി മെലിഞ്ഞ് ചുള്ളനായി വന്ന അജിത്തിന്റെ ഗെറ്റപ്പ് സോഷ്യല്‍ മീഡിയയില്‍ തംരഗമായി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിനും വന്‍ വരവേല്പാണ് ലഭിച്ചത്. ഏറ്റവുമധികം ആളുകള്‍ കണ്ട തമിഴ് ടീസറായി ഗുഡ് ബാഡ് അഗ്ലി മാറി.

അജിത്തിന്റെ കടുത്ത ആരാധകനായ ആദിക് രവിചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍. തന്റെ ഇഷ്ടനടനെ കാണാന്‍ ആഗ്രഹിക്കുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ ആദിക്കിന് സാധിച്ചുവെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. അഞ്ചോളം ഗെറ്റപ്പിലാണ് അജിത് ഗുഡ് ബാഡ് അഗ്ലിയില്‍ പ്രത്യക്ഷപ്പെടുന്നത്. തിയേറ്ററില്‍ അജിത് എന്ന താരത്തിന്റെ അഴിഞ്ഞാട്ടം കാണാന്‍ സാധിക്കുമെന്നാണ് പലരും കരുതുന്നത്.

ഗുഡ് ബാഡ് അഗ്ലിക്കൊപ്പം ക്ലാഷ് റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇഡ്‌ലി കടൈ. ധനുഷ് സംവിധാനം ചെയ്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഫീല്‍ ഗുഡ് ഴോണറില്‍ പെടുന്നതാണ്. ഗുഡ് ബാഡ് അഗ്ലിയുടെ കൂടെ ഏപ്രില്‍ 10ന് തന്നെയാണ് ഇഡ്‌ലി കടൈയും റിലീസ് പ്രഖ്യാപിച്ചത്. എന്നാല്‍ ക്ലാഷില്‍ നിന്ന് ഇഡ്‌ലി കടൈ പിന്‍വാങ്ങുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

രണ്ട് ചിത്രങ്ങളുടെയും കളക്ഷനെ സാരമായി ബാധിക്കുമെന്ന കാരണത്തലാണ് ഇഡ്‌ലി കടൈ പിന്‍വാങ്ങുന്നതെന്നാണ് ചില റൂമറുകള്‍. എന്നാല്‍ അജിത്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യാനുള്ളതിനാലാണ് ധനുഷ് ക്ലാഷില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ ഗുഡ് ബാഡ് അഗ്ലിക്ക് ശേഷമുള്ള അജിത്തിന്റ പ്രൊജക്ട് ഏതെന്ന് തീരുമാനമായിട്ടില്ല.

മാര്‍ക്ക് ആന്റണിയുടെ ഗംഭീരവിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. തൃഷയാണ് അജിത്തിന്റെ നായികയായി എത്തുന്നത്. സുനില്‍, പ്രസന്ന, അര്‍ജുന്‍ ദാസ്, പ്രഭു, ഷൈന്‍ ടോം ചാക്കോ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനരിക്കുന്നുണ്ട്. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം.

Content Highlight: Rumors that Dhanush’s Idly Kadai movie withdrawing from clash with Good Bad Ugly