| Monday, 23rd December 2024, 5:37 pm

സ്‌പൈഡര്‍മാന്‍ മാത്രമല്ല, നാലാം ഭാഗത്തില്‍ വേറെയും സര്‍പ്രൈസുകള്‍ ഒളിപ്പിച്ച് മാര്‍വല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകത്താകമാനം ആരാധകരുള്ള സിനിമാ ഫ്രാഞ്ചൈസിയാണ് മാര്‍വല്‍ സ്റ്റുഡിയോസ്. സൂപ്പര്‍ഹീറോ സിനിമകളെ ചേര്‍ത്ത് വലിയൊരു സിനിമാറ്റിക് യൂണിവേഴ്സ് മാര്‍വല്‍ സൃഷ്ടിച്ചു. കഴിഞ്ഞ കുറച്ചുകാലങ്ങളായി പഴയ പ്രതാപം നഷ്ടപ്പെട്ട മാര്‍വല്‍ ഏറ്റവുമൊടുവില്‍ റിലീസായ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിനിലൂടെ വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു.

മാര്‍വല്‍ ആരാധകര്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമാണ് സ്‌പൈഡര്‍മാന്‍ 4. കൊവിഡിന് ശേഷം മാര്‍വലിന് വണ്‍ ബില്യണ്‍ കളക്ഷന്‍ നേടിക്കൊടുത്ത സിനിമകളിലൊന്ന് സ്‌പൈഡര്‍ മാനായിരുന്നു. വെറുമൊരു സൂപ്പര്‍ഹീറോ ചിത്രം എന്നതിലുപരി സ്‌പൈഡര്‍മാന്‍ ആരാധകരുടെ നൊസ്റ്റാള്‍ജിയകളെ ഓര്‍മിപ്പിക്കാന്‍ ചിത്രത്തിന് സാധിച്ചു.

മള്‍ട്ടിവേഴ്‌സിന്റെ സാധ്യതകളുപയോഗിച്ച് സ്‌പൈഡര്‍മാനായി മുമ്പ് വേഷമിട്ടിരുന്ന ടോബി മഗ്വയറിനെയും ആന്‍ഡ്രൂ ഗാര്‍ഫീല്‍ഡിനെയും തിരിച്ചുകൊണ്ടുവന്നത് പ്രേക്ഷകര്‍ക്ക് ഗംഭീര സിനിമാനുഭവം സമ്മാനിച്ചിരുന്നു. ടോം ഹോളണ്ട് നായകനാകുന്ന സ്‌പൈഡര്‍മാന്‍ 4നെക്കുറിച്ചുള്ള റൂമറുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രത്തന്റെ ഷൂട്ട് അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് വാര്‍ത്തകള്‍.

ആദ്യ മൂന്ന് ഭാഗങ്ങളിലും നായികയായ സെന്‍ഡയക്ക് നാലാം ഭാഗത്തില്‍ ചെറിയ വേഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെന്‍ഡയയുടെ തിരക്കുകള്‍ കാരണമാണ് താരത്തിന്റെ വേഷം ചെറുതാകുന്നതെന്നാണ് പറയപ്പെടുന്നത്. നോ വേ ഹോമിന്റെ തുടര്‍ച്ചയായതിനാല്‍ സെന്‍ഡയക്ക് പ്രാധാന്യമില്ലാത്തത് ചിത്രത്തെ ബാധിക്കില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

മാര്‍വലിന്റെ അണ്ടര്‍റേറ്റഡ് സൂപ്പര്‍ഹീറോകളില്‍ ഒരാളായ ഡെയര്‍ഡെവിളും നാലാം ഭാഗത്തില്‍ പ്രധാനവേഷത്തിലെത്തുമെന്നാണ് മറ്റൊരു റൂമര്‍. നോ വേ ഹോമില്‍ ഒരൊറ്റ സീനില്‍ മാത്രം വന്ന ഡെയര്‍ഡെവിളിന് ഗംഭീര കൈയടികളായിരുന്നു ലഭിച്ചത്. എന്നാല്‍ നാലാം ഭാഗത്തില്‍ ഇരുവരുമൊന്നിച്ചുള്ള ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുണ്ടാകുമെന്നും അഭ്യൂഹങ്ങളുണ്ട്.

മാര്‍വലിന്റെ തന്നെ മറ്റൊരു സൂപ്പര്‍ഹീറോയായ പണിഷറും സ്‌പൈഡര്‍മാന്‍ 4ല്‍ എത്തുന്നുണ്ടെന്ന് പറയപ്പെടുന്നുണ്ട്. ഫെയ്‌സ് സിക്‌സിലെ ആദ്യ ചിത്രമെന്ന നിലയില്‍ വരും ചിത്രങ്ങളിലേക്കുള്ള ലീഡും നാലാം ഭാഗത്തിലുണ്ടാകും. അവഞ്ചേഴ്‌സ് ഡൂംസ് ഡേയിലേക്ക് കണക്ട് ചെയ്യുന്ന ഭാഗങ്ങളും ചിത്രത്തിലുണ്ടെന്ന് പറയപ്പെടുന്നു. ഡോക്ടര്‍ ഡൂമായി വേഷമിടുന്നത് മാര്‍വലിന്റെ മുഖമെന്ന് അറിയപ്പെടുന്ന റോബര്‍ട്ട് ഡൗണി ജൂനിയറാണ്. ആര്‍.ഡി.ജെയും ടോം ഹോളണ്ടും മുഖാമുഖം വരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Rumors that Daredevil will play crucial character in Spiderman 4

We use cookies to give you the best possible experience. Learn more