സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ തുടര്‍ഭാഗമായാണ് എമ്പുരാന്‍ അണിയിച്ചൊരുക്കുന്നത്. ആദ്യഭാഗത്തെക്കാള്‍ വലിയ ബജറ്റിലാണ് ചിത്രം വരുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യനായാണ് എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുന്നത്.
മാര്‍ച്ച് 27നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഈദ് റിലീസായെത്തുന്ന ചിത്രത്തിന് ആദ്യവാരം തന്നെ വമ്പന്‍ കളക്ഷന്‍ നേടാനുള്ള അവസരമുണ്ട്. കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും എമ്പുരാന്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ അഞ്ച് ദിവസത്തോളം കിട്ടുന്ന ഓപ്പണിങ് വീക്കെന്‍ഡ് റണ്‍ ലഭിക്കുമ്പോള്‍ ജി.സി.സി രാജ്യങ്ങളില്‍ 10 ദിവസത്തോളം ഹോളിഡേ അഡ്വാന്റേജ് ലഭിക്കും.
കേരളത്തില്‍ ലിയോ നേടിയ ആദ്യദിന കളക്ഷന്‍ എമ്പുരാന്‍ തകര്‍ക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. കേരളത്തില്‍ പുലര്‍ച്ചെ നാല് മണിക്ക് ഫാന്‍സ് ഷോ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലിയോ നേടിയ 12 കോടി എന്ന മാജിക്കല്‍ ഫിഗര്‍ തകര്‍ത്ത് കേരള ബോക്‌സ് ഓഫീസിലെ തന്റെ സിംഹാസനം മോഹന്‍ലാല്‍ വീണ്ടെടുക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.
എമ്പുരാന്റെ ഓളം കെട്ടടങ്ങും മുമ്പ് മമ്മൂട്ടിയും മറ്റൊരു ഗംഭീര സിനിമയുമായി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബസൂക്ക ഏപ്രിലിലേക്ക് റിലീസ് മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. എന്നാല്‍ പിന്നീട് ഇതിനെക്കുറിച്ച് അണിയറപ്രവര്‍ത്തകരില്‍ യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ റിലീസ് മാറ്റിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പല സിനിമാപേജുകളും പറയുന്നത്.
നവാഗതനായ ഡീനോ ഡെന്നീസാണ് ബസൂക്കയുടെ സംവിധായകന്‍. മമ്മൂട്ടിയെ സ്‌റ്റൈലിഷായി അവതരിപ്പിച്ച പോസ്റ്ററുകള്‍ക്കും ടീസറിനും വന്‍ വരവേല്പാണ് ലഭിച്ചത്. മമ്മൂട്ടിക്ക് പുറമെ ഗൗതം വാസുദേവ് മേനോന്‍, ഹക്കിം ഷാ, ബാബു ആന്റണി, സിദ്ധാര്‍ത്ഥ് ഭരതന്‍, ദിവ്യാ പിള്ള തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഏപ്രില്‍ മൂന്നിനോ പത്തിനോ ബസൂക്ക തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.
ബിഗ് എംസിന്റെ സിനിമകളിലൂടെ മലയാളസിനിമയുടെ സമ്മര്‍ റിലീസിന് തിരി തെളിയുമ്പോള്‍ അതിനെ പിന്തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങളും സമ്മര്‍ റിലീസായെത്തുന്നുണ്ട്. തല്ലുമാലക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാന, മാത്യൂ തോമസ് നായകനാകുന്ന ലൗലി ത്രീ.ഡി തുടങ്ങിയവയാണ് മറ്റ് റിലീസുകള്‍.
Content Highlight: Rumors that Bazooka postponed to April after Empuraan release