| Thursday, 17th October 2024, 8:02 am

ഡിസംബറില്‍ റിലീസിനൊരുങ്ങാന്‍ ബറോസ്, കേരളത്തിന് പുറത്ത് ത്രീ.ഡി. സ്‌ക്രീന്‍ കിട്ടാന്‍ പ്രയാസമാകുമെന്ന് സിനിമാലോകം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

40 വര്‍ഷത്തെ അഭിനയജീവിതത്തിന് ശേഷം കരിയറില്‍ ആദ്യമായി മോഹന്‍ലാല്‍ സംവിധായകകുപ്പായമണിയുന്ന ചിത്രമാണ് ബറോസ്. സംവിധാനത്തോടൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം പൂര്‍ണമായും ത്രീ.ഡിയിലാണ് ഒരുങ്ങുന്നത്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, പടയോട്ടം തുടങ്ങിയ ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയ ജിജോ പുന്നൂസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

2019ല്‍ അനൗണ്‍സ് ചെയ്ത ചിത്രം 2020ല്‍ ഷൂട്ട് തുടങ്ങിയിരുന്നു. എന്നാല്‍ കൊവിഡ് കാരണം ഷൂട്ട് മുടങ്ങുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം പകുതിയോടെ തിയേറ്ററിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പല കാരണങ്ങള്‍ കൊണ്ട് മാറ്റിവെക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ചിത്രം ഡിസംബറില്‍ തിയേറ്ററിലെത്തുമെന്നുള്ള സൂചനകള്‍ പുറത്തുവന്നിരിക്കുകയാണ്.

ഡിസംബര്‍ 19ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ഏറ്റവുമൊടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ തിയതിയില്‍ റിലീസ് ചെയ്താല്‍ കേരളത്തിന് പുറത്ത് കുറച്ച് സ്‌ക്രീനുകള്‍ മാത്രമേ കിട്ടുള്ളൂവെന്നാണ് പല സിനിമാപേജുകളും അഭിപ്രായപ്പെടുന്നത്. ഡിസ്‌നിയുടെ ലൈവ് ആക്ഷന്‍ ചിത്രമായ മുഫാസ ഡിസംബര്‍ 20നാണ് റിലീസ് ചെയ്യുക.

കേരളത്തിന് പുറത്തും ഓവര്‍സീസിലും പല മള്‍ട്ടിപ്ലെക്‌സുകളും മുഫാസക്കായിരിക്കും പ്രാധാന്യം കൊടുക്കുക. 2019ല്‍ റിലീസ് ചെയ്ത ദി ലയണ്‍ കിങ്ങിന്റെ പ്രീക്വലാണ് മുഫാസ. സിംബയുടെ അച്ഛന്‍ മുഫാസയുടെ കഥയാണ് ചിത്രം പറയുന്നത്. ത്രീ.ഡിയില്‍ തന്നെയാണ് മുഫാസയും റിലീസ് ചെയ്യുന്നത്. ഈ ഒരു കാരണം കൊണ്ട് ബറോസിന് ത്രീ.ഡി സ്‌ക്രീനുകള്‍ കിട്ടാന്‍ പ്രയാസമായിരിക്കും.

ഷൂട്ട് കഴിഞ്ഞ് കുറച്ചധികം കാലങ്ങളായി റിലീസ് കാത്തുകിടക്കുന്ന ബറോസ് ഫെസ്റ്റിവല്‍ സീസണിലെ റിലീസാണ് ലക്ഷ്യമിടുന്നത്. ഈ വര്‍ഷം റിലീസ് സാധ്യമായില്ലെങ്കില്‍ വീണ്ടും കാത്തിരിക്കേണ്ടി വരും. ആശീര്‍വാദ് സിനിമാസാണ് ചിത്രത്തിന്റെ നിര്‍മാണം. വന്‍ ബജറ്റില്‍ പാന്‍ വേള്‍ഡ് ചിത്രമായി ഒരുങ്ങുന്ന ബറോസിന് വൈഡ് റിലീസ് ലഭിച്ചില്ലെങ്കില്‍ കളക്ഷനെ സാരമായി ബാധിക്കും. ബറോസിന് ശേഷം ഷൂട്ട് ആരംഭിച്ച ആശീര്‍വാദിന്റെ എമ്പുരാന്‍ 2025 മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്.

നിരവധി വിദേശ ആര്‍ട്ടിസ്റ്റുകളാണ് ബറോസിന്റെ മുന്നണിയിലും പിന്നണിയിലും അണിനിരക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തിലേക്ക് പൃഥ്വിരാജിനെ പരിഗണിച്ചിരുന്നെങ്കിലും കൊവിഡ് ലോക്ക്ഡൗണ്‍ കാരണം ഷൂട്ട് നീണ്ടുപോവുകയും പൃഥ്വി പിന്മാറുകയും ചെയ്തിരുന്നു. സന്തോഷ് ശിവനാണ് ബറോസിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ നിധി കാത്തുസൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതത്താന്റെ കഥയാണ് ചിത്രം പറയുന്നത്.

Content Highlight: Rumors that Barroz will release on December 19th

We use cookies to give you the best possible experience. Learn more