|

ഷാരൂഖ് കഴിഞ്ഞു, ഇനി സല്‍മാന്‍... അറ്റ്‌ലീ ചിത്രത്തിലെ രണ്ടാമത്തെ ഹീറോയാകാന്‍ തമിഴിലെ സൂപ്പര്‍സ്റ്റാര്‍?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷങ്കറിന്റെ സംവിധാനസഹായിയായി സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് അറ്റ്‌ലീ. ആര്യ, നയന്‍താര, നസ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ രാജാ റാണിയിലൂടെ സ്വതന്ത്രസംവിധായകനായി അരങ്ങേറി. പിന്നീട് തന്റെ ഇഷ്ടനടനായ വിജയ്‌യെ നായകനാക്കി തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ ഒരുക്കി തമിഴിലെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു. മൂന്ന് ചിത്രങ്ങളും വിജയ്‌യുടെ കരിയറില്‍ വലിയ ഇംപാക്ടുണ്ടാക്കിയവയാണ്.

ബിഗിലിന്റെ വന്‍ വിജയത്തിന് പിന്നാലെ ഷാരൂഖ് ഖാന്‍ അറ്റ്‌ലീയുമായി കൈകോര്‍ത്തത് വലിയ വാര്‍ത്തയായിരുന്നു. തന്റെ ആദ്യ ഹിന്ദി ചിത്രമായ ജവാന്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിപ്പിച്ച് സിനിമാലോകത്തെ ഞെട്ടിക്കാന്‍ ഈ 38കാരന് സാധിച്ചു. ജവാന് ശേഷം അറ്റ്‌ലീ ചെയ്യുന്ന ചിത്രമേതെന്നറിയാന്‍ സിനിമാലോകം ആകാക്ഷയോടെ കാത്തിരിക്കുകയാണ്. അല്ലു അര്‍ജുനെ നായകനാക്കി ഒരു ചിത്രം ചെയ്യുമെന്ന് റൂമറുകളുണ്ടായിരുന്നെങ്കിലും അത് വ്യാജമായിരുന്നു.

ഇപ്പോഴിതാ അറ്റ്‌ലീയുടെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡിലെ ക്രൗഡ് പുള്ളര്‍മാരിലൊരാളായ സല്‍മാന്‍ ഖാനെ നായകനാക്കിയാണ് പുതിയ ചിത്രം ഒരുക്കുന്നത്. രണ്ട് നായകന്മാര്‍ക്ക് പ്രാധാന്യമുള്ള സബ്ജക്ടായിരിക്കുമെന്നും രണ്ടാമത്തെ വേഷത്തിലേക്ക് കമല്‍ ഹാസനോ രജിനികാന്തോ വന്നേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

നിലവില്‍ എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദറിലാണ് സല്‍മാന്‍ അഭിനയിക്കുന്നത്. വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം 2025 ഈദിന് തിയേറ്ററുകളിലെത്തും. സല്‍മാന്‍ ഖാന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ടൈഗര്‍ 3 ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയാണെന്നും പഴയകാലത്തെ യോദ്ധാവിന്റെ വേഷത്തില്‍ സല്‍മാന്‍ അവതരിക്കുമെന്നുമാണ് റൂമറുകള്‍. പത്താനിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയ ഷാരൂഖിന്റെ ബോളിവുഡ് സിംഹാസനം അരക്കിട്ടുറപ്പിക്കാന്‍ സഹായിച്ച ജവാന്‍ അണിയിച്ചൊരുക്കിയ അറ്റ്‌ലീ സല്‍മാനൊപ്പം കൈകോര്‍ക്കുമ്പോള്‍ ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ റെക്കോഡുകള്‍ കടപുഴകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

സൗത്ത് ഇന്ത്യയിലെ മുന്‍നിര പ്രൊഡക്ഷന്‍ കമ്പനികളിലൊന്നായ സണ്‍ പിക്‌ചേഴ്‌സിനൊപ്പം ബോളിവുഡിലെ മറ്റൊരു മുന്‍നിര പ്രൊഡക്ഷന്‍ ഹൗസ് കൂടി കൈകോര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 മെയ്യില്‍ ചിത്രത്തിന്റെ വര്‍ക്കുകള്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്. 2026ല്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.

Content Highlight: Rumors that Atlee’s nex film with Salman Khan and Rajnikanth or Kamal Haasan will do a pivotal role