Entertainment
വലിയൊരു ബ്രേക്കിന് മുമ്പുള്ള സിനിമ ഗ്രാന്‍ഡാക്കാന്‍ ദളപതി, ജന നായകനില്‍ കാമിയോ റോളില്‍ തമിഴിലെ മുന്‍നിര സംവിധായകരും?

തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജന നായകന്‍. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി വിജയ് ഇറങ്ങുന്നതിന് മുമ്പ് തിയേറ്ററിലെത്തുന്ന ചിത്രമാണ് ഇത്. വിജയ്‌യുടെ ഫെയര്‍വെല്‍ ചിത്രമായാണ് ജന നായകനെ ആരാധകര്‍ കാണുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിനും സെക്കന്‍ഡ് ലുക്കിനും തണുപ്പന്‍ പ്രതികരണമായിരുന്നു ലഭിച്ചത്.

എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോഡ് കളക്ഷന്‍ ഇടുമെന്ന് ആരാധകരും ന്യൂട്രല്‍സും അടിയുറച്ച് വിശ്വസിക്കുന്നുണ്ട്. 300 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം പാന്‍ ഇന്ത്യനായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഇപ്പോഴിതാ തമിഴിലെ മൂന്ന് മുന്‍നിര സംവിധായകര്‍ ജന നായകനില്‍ കാമിയോ റോളിലെത്തുന്നു എന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

വിജയ്‌യുടെ സ്റ്റാര്‍ഡം ഉയര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ച അറ്റ്‌ലീയാണ് ഇതില്‍ പ്രധാനി. വിജയ്‌യുടെ കടുത്ത ആരാധകനായ അറ്റ്‌ലീയുടെ രണ്ടാമത്തെ ചിത്രം തെരി വന്‍ വിജയമായി മാറി. ഇതേ കോമ്പോയുടെ രണ്ടാമത്തെ ചിത്രം മെര്‍സല്‍ സെന്‍സേഷണല്‍ ഹിറ്റായി മാറി. ഇളയ ദളപതിയില്‍ നിന്ന് ദളപതിയിലേക്ക് വിജയ് മാറിയത് മെര്‍സലിലൂടെയായിരുന്നു.

വിജയ് എന്ന താരത്തെയും അയാളിലെ നടനെയും ഒരുപോലെ ഉപയോഗിച്ച ലോകേഷ് കനകരാജാണ് ലിസ്റ്റിലെ രണ്ടാമന്‍. തമിഴില്‍ തുടര്‍ച്ചയായി രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റൊരുക്കിയ സംവിധായകന്‍ കൂടിയാണ് ലോകേഷ് കനകരാജ്. വിജയ്- ലോകേഷ് കോമ്പോയിലെ ആദ്യചിത്രമായ മാസ്റ്ററില്‍ ലോകേഷ് അതിഥിവേഷത്തിലെത്തിയിരുന്നു.

 

നെല്‍സണാണ് ലിസ്റ്റിലെ മൂന്നാമന്‍. വിജയ്‌യുമായി നെല്‍സണ്‍ ഒന്നിച്ച ബീസ്റ്റ് പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും പിന്നീട് ചെയ്ത ജയിലര്‍ തമിഴിലെ വമ്പന്‍ വിജയമായി മാറി. ദളപതി 69 നെല്‍സണ്‍ സംവിധാനം ചെയ്യുമെന്ന് ഇടക്ക് റൂമറുകളുണ്ടായിരുന്നു. മൂന്ന് സംവിധായകരും വിജയ്‌യും ഒന്നിക്കുന്ന സീന്‍ തിയേറ്റര്‍ പൂരപ്പറമ്പാകുമെന്ന കാര്യത്തില്‍ സംശയമില്ല.

തുനിവിന് ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജന നായകന്‍. തീരന് ശേഷം വിനോദ് വിജയ്‌യോട് പറഞ്ഞ കഥയായിരുന്നു ഇത്. അന്ന് വിജയ് ഒഴിവാക്കിയ സ്‌ക്രിപ്റ്റ് പിന്നീട് കമല്‍ ഹാസനിലേക്കെത്തിയിരുന്നു. എന്നാല്‍ ആ പ്രൊജക്ടും നടക്കാതെ വന്നതോടെ തിരികെ വിജയ്‌യിലേക്ക് എത്തുകയായിരുന്നു. പൂജ ഹെഗ്‌ഡേയാണ് ചിത്രത്തിലെ നായിക. മലയാളി താരം മമിത ബൈജുവും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബോബി ഡിയോള്‍, പ്രിയാമണി, നരേന്‍, പ്രകാശ് രാജ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Content Highlight: Rumors that Atlee, Lokesh Kanagaraj, Nelson doing a cameo in Vijay’s Jana Nayagan movie