ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളാണ് അനുരാഗ് കശ്യപ്. വ്യത്യസ്തമായ ചിത്രങ്ങളൊരുക്കി ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ അനുരാഗ് കശ്യപിന് സാധിച്ചു. താരങ്ങളെക്കാള്‍ കണ്ടന്റുകളാണ് സിനിമകളെ വിജയിപ്പിക്കുന്നതെന്ന് വിശ്വസിക്കുന്ന സംവിധായകനാണ് അനുരാഗ് കശ്യപ്. ബോളിവുഡിലെ സ്റ്റാര്‍ സിസ്റ്റത്തില്‍ മനംമടുത്ത് ഇനി ബോളിവുഡിലേക്കില്ലെന്ന് അടുത്തിടെ അനുരാഗ് കശ്യപ് പറഞ്ഞു.
ഇനി താന്‍ സൗത്ത് ഇന്ത്യയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പറഞ്ഞ അനുരാഗ് കശ്യപ് അടുത്തിടെ മലയാളത്തിലെയും തമിഴിലെയും മികച്ച സിനിമകളുടെ ഭാഗമായിരുന്നു. വിജയ് സേതുപതി നായകനായ മഹാരാജയിലെ വില്ലന്‍ വേഷം ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ആഷിക് അബുവിന്റെ റൈഫിള്‍ ക്ലബ്ബിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യമറിയിക്കാന്‍ അനുരാഗ് കശ്യപിന് സാധിച്ചു.
ഇപ്പോഴിതാ സംവിധായകനെന്ന നിലയില്‍ അനുരാഗ് കശ്യപ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപകാലത്ത് വ്യത്യസ്തമായ സബ്ജക്ടുകള്‍ ചെയ്ത് ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടിയെ നായകനാക്കിയാണ് അനുരാഗ് കശ്യപ് ചിത്രമൊരുക്കുന്നതെന്നാണ് റൂമറുകള്‍.
മമ്മൂട്ടിക്കൊപ്പം തമിഴിലെയും തെലുങ്കിലെയും താരപുത്രന്മാരായ ധ്രുവ് വിക്രമും അഖില്‍ അക്കിനേനിയും ചിത്രത്തിന്റെ ഭാഗമാകുമെന്നും റൂമറുകളുണ്ട്. അനുരാഗ് കശ്യപിന്റെ സ്ഥിരം ഫോര്‍മുലയില്‍ ഒരു ഡാര്‍ക്ക് ത്രില്ലറാകും ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല.
ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ റിലീസ്. ഗെയിം ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ഏപ്രില്‍ 10ന് തിയേറ്ററുകളിലെത്തും. മമ്മൂട്ടിക്ക് പുറമെ ഗൗതം വാസുദേവ് മേനോന്‍, ഹക്കിം ഷാ, ഭാമ അരുണ്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ലുക്ക് വലിയ ചര്‍ച്ചയായിരുന്നു.
Latest Buzz!!!
Anurag Kashyap to direct #Mammootty in an upcoming film 🔥
Dhruv Vikram and Akhil Akkineni are also part of the film 🥵#anuragkashyap #Mammootty #Mollywood pic.twitter.com/hY2oFA4wno
— Gatsby antonio (@GatsbyAntonio) February 13, 2025
നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലാണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. വിനായകന്‍ നായകനാകുന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി അവതരിക്കുന്നത്. ഇതിന് പുറമെ മോഹന്‍ലാലിനൊപ്പമുള്ള മഹേഷ് നാരായണന്‍ ചിത്രം, ഫാലിമിക്ക് ശേഷം നിതീഷ് സഹദേവ് ഒരുക്കുന്ന കോമഡി എന്റര്‍ടൈനര്‍ എന്നിവയും മമ്മൂട്ടിയുടെ ലൈനപ്പിലുണ്ട്.
Content Highlight: Rumors that Anurag Kashyap joining hand with Mammootty, Dhruv Vikram and Akhil Akkineni will be be part of the project