അമല്‍ നീരദ് ചിത്രത്തില്‍ മോഹന്‍ലാല്‍, ഫഹദ്, പൃഥ്വിരാജ്? ഗ്യാങ്സ്റ്റര്‍, കോപ്, ഡെവിളിന്റെ റീമേക്കാണോ എന്ന് ആരാധകര്‍
Film News
അമല്‍ നീരദ് ചിത്രത്തില്‍ മോഹന്‍ലാല്‍, ഫഹദ്, പൃഥ്വിരാജ്? ഗ്യാങ്സ്റ്റര്‍, കോപ്, ഡെവിളിന്റെ റീമേക്കാണോ എന്ന് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 20th August 2024, 10:36 pm

മലയാളത്തിലെ സ്‌റ്റൈലിഷ് സംവിധായകന്‍ ആരെന്ന ചോദ്യത്തിന് അമല്‍ നീരദ് എന്നായിരിക്കും പലരുടെയും ഉത്തരം. ബിഗ് ബി, ബാച്ചിലര്‍ പാര്‍ട്ടി, സാഗര്‍ ഏലിയാസ് ജാക്കി, വരത്തന്‍, ഇയോബിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ അമല്‍ അത് തെളിയിച്ചിട്ടുണ്ട്. സ്‌ക്രീനില്‍ വരുന്ന ഓരോ കഥാപാത്രത്തെയും എത്രത്തോളം മികച്ചതായി അവതരിപ്പിക്കാന്‍ പറ്റുമോ അത്രത്തോളം അമല്‍ ശ്രമിക്കാറുണ്ട്.

ഇപ്പോഴിതാ മോഹന്‍ലാല്‍, പൃഥ്വിരാജ്, ഫഹദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ സിനിമ ചെയ്യുന്നവെന്നാണ് റൂമറുകള്‍. മലയാളത്തിലെ മൂന്ന് സൂപ്പര്‍താരങ്ങളെ അമലിന്റെ സംവിധാനത്തില്‍ ഒരു ഫ്രെയിമില്‍ കാണാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ഇതുവരെ വന്നിട്ടില്ല.

കേരളത്തില്‍ ഏറ്റവും ആരാധകരുള്ള കൊറിയന്‍ ചിത്രം ദി ഗ്യാങ്സ്റ്റര്‍, ദി കോപ്, ദി ഡെവിളിന്റെ റീമേക്കാകും അമല്‍ നീരദ് സംവിധാനം ചെയ്യുന്നതെന്നും റൂമറുകളുണ്ട്. കൊറിയന്‍ ലാലേട്ടന്‍ എന്നറിയപ്പെടുന്ന മാ ഡോങ് സിയോക് പ്രധാന കഥാപാത്രത്തിലെത്തിയ ചിത്രം കൊറിയയില്‍ വന്‍ വിജയമായിരുന്നു. കൊവിഡ് ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ ചിത്രത്തിന് കേരളത്തില്‍ ആരാധകരുണ്ടായി.

റൂമറുകളെല്ലാം സത്യമാണെങ്കില്‍ ആക്ഷന്‍ സിനിമാപ്രേമികള്‍ക്ക് ആഘോഷിക്കാനുള്ള എല്ലാ വകയും ചിത്രത്തിലുണ്ടാകും. നിലവില്‍ കുഞ്ചാക്കോ ബോബനെ നായകനാക്കിയുള്ള ബോഗന്‍വില്ലയാണ് അമല്‍ നീരദിന്റെ പുതിയ ചിത്രം. ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

അതേസമയം മോഹന്‍ലാല്‍ നായകനാകുന്ന എമ്പുരാന്റെ സംവിധാനത്തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. അല്ലു അര്‍ജുന്‍ നായകനാകുന്ന പുഷ്പ 2വിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ് ഫഹദ്. അല്ലു അര്‍ജുന്റെ വില്ലനായ ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

Content Highlight: Rumors that Amal Neerad plans to direct movie with Mohanlal, Prithviraj and Fahadh Faasil in lead role