| Wednesday, 24th July 2024, 3:33 pm

റോക്കി ഭായ്‌യുടെ കഥ ഇനിയും അവസാനിച്ചിട്ടില്ല, യഷിന് കൂട്ടായി തമിഴകത്തിന്റെ തലയും?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്വന്തം അമ്മക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ വേണ്ടി ലോകം കീഴടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട റോക്കി ഭായ്‌യുടെ കഥ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. പ്രശാന്ത് നീല്‍ എന്ന സംവിധായകന്‍ കന്നഡ ഇന്‍ഡസ്ട്രിയെ കെ.ജി.എഫ് സീരീസിലൂടെ ഇന്ത്യന്‍ സിനിമയുടെ മുന്‍നിരയിലെത്തിച്ചു. യഷ് എന്ന നടന്റെ സ്റ്റാര്‍ വാല്യുവും ഇതിനോടൊപ്പം ഉയര്‍ന്നു.

1000 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ കെ.ജി.എഫ് 2 മൂന്നാം ഭാഗത്തിനുള്ള സൂചന നല്‍കിക്കൊണ്ടാണ് അവസാനിച്ചത്. 1970കളില്‍ റോക്കി ഭായ് എന്ത് ചെയ്യുകയായിരുന്നു എന്നതാകും മൂന്നാം ഭാഗം പറയുക. ഇപ്പോഴിതാ കെ.ജി.എഫ് യൂണിവേഴ്‌സിലേക്കുള്ള പുതിയ സിനിമ പ്രശാന്ത് അണിയിച്ചൊരുക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. തമിഴ് സൂപ്പര്‍താരം അജിതിനെ നായകനാക്കിയാകും പ്രശാന്ത് പുതിയ ചിത്രം ചെയ്യുകയെന്നാണ് റൂമറുകള്‍.

നിലവില്‍ സലാര്‍ 2വിന്റെ പണിപ്പുരയിലാണ് പ്രശാന്ത് നീല്‍. സലാറിന് ശേഷമാകും അജിത്തുമായുള്ള ചിത്രം ആരംഭിക്കുക. കെ.ജി.എഫ് യൂണിവേഴ്‌സിന്റെ ഭാഗമാകും ഈ ചിത്രമെന്നും ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ യഷ് എത്തുമെന്നുമാണ് റൂമറുകള്‍. രണ്ട് ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് സ്‌ക്രീനിലെത്തുമ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക ആവോളം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടലുകള്‍.

ഇതോടൊപ്പം അജിത്തിനെ നായകനാക്കി ഒരു സ്റ്റാന്‍ഡ് അലോണ്‍ ചിത്രം പ്രശാന്ത് അണിയിച്ചൊരുക്കുമെന്നും റൂമറുകളുണ്ട്. സലാര്‍ 2വിന് ശേഷം ജൂനിയര്‍ എന്‍.ടി.ആറിനെ നായകനാക്കി ചെയ്യാനിരുന്ന സിനിമ വൈകുന്നവേളയിലാണ് പ്രശാന്ത് അജിത് കുമാറിനൊപ്പം കൈകോര്‍ക്കുന്നത്. നിലവില്‍ മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചിയിലാണ് അജിത് അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

വിടാമുയര്‍ച്ചിക്ക് ശേഷം ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് ആന്‍ഡ് ദി അഗ്ലിയില്‍ അജിത് ജോയിന്‍ ചെയ്യും. 2025 പെങ്കലിന് ഗുഡ് ബാഡ് ആന്‍ഡ് ദി അഗ്ലി റിലീസാകുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷമാകും അജിത് പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുക. പ്രശസ്ത മൂവി വെബ്‌സൈറ്റായ ഡി.ടി നെക്സ്റ്റാണ് ഇക്കാര്യം അറിയിച്ചത്.

Content Highlight: Rumors that Ajith Kumar might be part of Prashanth Neel’s KGF cinematic universe with Yash

We use cookies to give you the best possible experience. Learn more