കഷ്ടകാലത്തിലൂടെ സഞ്ചരിക്കുന്ന പ്രിമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തേടി കൂനിന്മേല്‍ കുരു പോലെ മറ്റൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്. ടീമിന്റെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ ടീം വിടാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
താരം ചെല്‍സിയിലേക്കാണ് ടീം മാറുന്നതെന്നാണ് ഇപ്പോള്‍ വരുന്ന അഭ്യൂഹങ്ങള്‍. റോണോയുടെ ഏജന്റായ ജോര്‍ജ് മെന്‍ഡസുമായി ബ്ലൂസിന്റെ ഉടമയായ ടോഡ് ബോഹ്‌ലി ചര്‍ച്ചകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മരിന ഗ്രാനോവ്സ്‌കിയ സ്ഥാനം ഒഴിഞ്ഞതിനു ശേഷം ടോഡ് ബോഹ്‌ലി ക്ലബിന്റെ സ്‌പോര്‍ട്ടിങ് ഡയറക്റ്റര്‍ സ്ഥാനവും കൈകാര്യം ചെയ്യുന്നുണ്ട്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഭാവി അനിശ്ചിതത്വത്തില്‍ നില്‍ക്കുന്ന സമയത്താണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. അടുത്ത സീസണിലേക്കുള്ള ക്ലബിന്റെ ട്രാന്‍സ്ഫറുകള്‍ ഒന്നും നടക്കാത്തതിനാല്‍ റൊണാള്‍ഡോയ്ക്ക് അതൃപ്തിയുണ്ടായിരുന്നു.
കഴിഞ്ഞ സീസണില്‍ യുണൈറ്റഡിന് കിരീടമൊന്നും നേടാന്‍ സാധിച്ചില്ലായിരുന്നു. ഈ സീസണില്‍ ട്രാന്‍സ്ഫറുകള്‍ മന്ദഗതിയില്‍ നില്‍ക്കുന്നതിനാല്‍ കിരീടം നേടാനുള്ള സാധ്യത വളരെ കുറയും എന്നതിനാല്‍ ക്ലബ് വിടുന്ന കാര്യം താരം ആലോചിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
🚨 EXCL: Todd Boehly met Jorge Mendes in Portugal last week. Idea of Cristiano Ronaldo to Chelsea among subjects discussed. Unclear if #CFC will pursue. Man Utd expect him to stay. 37yo loves #MUFC but has concerns. With @dansheldonsport for @TheAthleticUKhttps://t.co/pHXelZAIIb
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ താല്‍പര്യമുള്ള റൊണാള്‍ഡോയെ സ്വന്തമാക്കാനുള്ള ചര്‍ച്ചകള്‍ ടോഡ് ബോഹ്‌ലി ഏജന്റായ ജോര്‍ജ് മെന്‍ഡസുമായി നടത്തിയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല എന്നാണ് ദി അത്‌ലറ്റികിന്റെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ താരം ബയേണിലേക്ക് ചേക്കേറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജര്‍മന്‍ ക്ലബ് തന്നെ അതു നിഷേധിച്ചിരുന്നു.
റൊണാള്‍ഡോയുടെ കരാര്‍ ഒരു വര്‍ഷം മാത്രമേ ബാക്കിയുള്ളൂവെങ്കിലും താരത്തെ വില്‍ക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആഗ്രഹിക്കുന്നില്ല. ക്ലബ് പരിശീലകനായി പുതുതായി സ്ഥാനമേറ്റെടുത്ത എറിക് ടെന്‍ ഹാഗ് അടുത്ത സീസണില്‍ തന്റെ പദ്ധതികളില്‍ റൊണാള്‍ഡോക്ക് ഇടമുണ്ടാകുമെന്ന് പറഞ്ഞിരുന്നു.
എന്നാല്‍ പ്രീമിയര്‍ ലീഗിലെ മറ്റു വമ്പന്‍ ക്ലബുകളെപ്പോലെ മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ വേണ്ടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമം നടത്താത്തതില്‍ റൊണാള്‍ഡോക്ക് അതൃപ്തിയുണ്ട്. ചെല്‍സി സ്ട്രൈക്കറായ ലുക്കാക്കു ഇന്റര്‍ മിലാനിലേക്ക് ലോണ്‍ കരാറില്‍ ചേക്കേറുന്നതിനാല്‍ പകരക്കാരനായി റൊണാള്‍ഡോ എത്താനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.
എന്നാല്‍ തന്റെ കൂടുമാറ്റത്തെ കുറിച്ചും മാഞ്ചസ്റ്ററിലെ ഭാവിയെ കുറിച്ചും റോണോ ഇതുവരെ സംസാരിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്ററിലേക്ക് തിരിച്ചെത്തിയ റോണോയായിരുന്നു ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയത്. 38 മത്സരത്തില്‍ നിന്നും 24 ഗോളാണ് താരം യുണൈറ്റഡിനായി അടിച്ചുകൂട്ടിയത്. എന്നാല്‍ ടീം മൊത്തത്തില്‍ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്.