| Saturday, 18th May 2024, 5:04 pm

സലാറിന് പിന്നാലെ മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ പൃഥ്വി? സലാറിന്റെ രണ്ടാം ഭാഗത്തില്‍ ഷൈന്‍ ടോം?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പോയ വര്‍ഷം പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായ സിനിമയായിരുന്നു പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാര്‍. പ്രഭാസ് നായകനായെത്തിയ ചിത്രത്തില്‍ വരദരാജ മന്നാറെന്ന നായകതുല്യ കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്. സിനിമയില്‍ ഇരുവരും ഒന്നിച്ചുള്ള സീനുകളില്‍ പൃഥ്വിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഈ വര്‍ഷമിറങ്ങിയ ആടുജീവിതത്തിലൂടെ വീണ്ടും പാന്‍ ഇന്ത്യന്‍ തലത്തില്‍ ചര്‍ച്ചയായി. ഇതിന് പിന്നാലെ മറ്റൊരു ബ്രഹ്‌മാണ്ഡ സിനിമയില്‍ കൂടി പൃഥ്വി ഭാഗമാകുന്നുവെന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ആര്‍.ആര്‍.ആറിന് ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയിലാണ് പൃഥ്വി ഭാഗമാകുന്നുവെന്ന റൂമറുകള്‍ വരുന്നത്.

തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവാണ് രാജമൗലിയുടെ പുതിയ നായകന്‍. ആദ്യമായാണ് മഹേഷ് ബാബുവും രാജമൗലിയും ഒന്നിക്കുന്നത്. ആമസോണ്‍ കാടുകളില്‍ പ്രധാന ഭാഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന ചിത്രം ആക്ഷന്‍ അഡ്വഞ്ചര്‍ ഴോണറില്‍ ഉള്‍പെടുന്നതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം അവസാനം ഷൂട്ട് തുടങ്ങുന്ന സിനിമക്കായി മഹേഷ് ബാബു വന്‍ തയാറെടുപ്പുകളാണ് നടത്തുന്നത്. സിനിമക്ക് വേണ്ടിയുള്ള ലുക്ക് ലീക്കാകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ താരം പ്രത്യക്ഷപ്പെടാറില്ല.

പൃഥ്വിക്ക് പിന്നാലെ മറ്റൊരു മലയാള താരം കൂടി സലാറിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചേക്കുമെന്നാണ് മറ്റൊരു റൂമര്‍. രണ്ടാം ഭാഗത്തില്‍ ഷൈന്‍ ടോം ചാക്കോയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നാനി നായകനായ ദസറയില്‍ ഷൈന്‍ ടോമിന്റെ വില്ലന്‍ വേഷം ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

Content Highlight: Rumors out that Prithviraj going to do a role in Rajamouli film and Shine Tom will be a part in Salaar 2

We use cookies to give you the best possible experience. Learn more