| Wednesday, 4th September 2024, 10:23 am

കൊത്ത രാജയെ പൂട്ടിയ സംവിധായകനൊപ്പം ഒന്നിക്കാൻ ദുൽഖർ; മലയാളത്തിലേക്കുള്ള തിരിച്ചുവരവ്?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിൽ ഏറെ ആരാധകരുള്ള നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ഐഡന്റിറ്റിയിൽ സിനിമയിലേക്ക് എത്തിയ ദുൽഖർ അധികം വൈകാതെ തന്നെ തന്റേതായ ഒരു സ്ഥാനം ഇൻഡസ്ട്രിയിൽ നേടിയെടുത്തിരുന്നു.

വളരെ പെട്ടെന്ന് തന്നെ അന്യഭാഷകളിലും തിരക്കുള്ള ഒരു പാൻ ഇന്ത്യൻ സ്റ്റാറായി ഉയരാൻ ഡി.ക്യുവിന് കഴിഞ്ഞു. കണ്ണും കണ്ണും കൊള്ളയടിത്താൽ, ചുപ്പ് തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടപ്പോൾ സീത രാമം എന്ന തെലുങ്ക് ചിത്രം കഴിഞ്ഞ വർഷത്തെ വലിയ വിജയമായി മാറി.

എന്നാൽ അന്യഭാഷയിൽ തിരക്കുള്ള താരമായി മാറുമ്പോൾ മലയാളത്തിൽ താരത്തിന്റെ സിനിമ ഇറങ്ങിയിട്ട് ഒരു വർഷമായിരിക്കുകയാണ്. കഴിഞ്ഞ ഓണക്കാലത്ത് ഇറങ്ങിയ കിങ് ഓഫ് കൊത്തയായിരുന്നു ഡി.ക്യുവിന്റെ അവസാന മലയാള ചിത്രം. വമ്പൻ ഹൈപ്പിൽ എത്തിയ സിനിമ ബോക്സ്‌ ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.

ഇപ്പോൾ ദുൽഖർ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ആർ.ഡി.എക്സ് എന്ന സൂപ്പർ ഹിറ്റ്‌ ചിത്രം ഒരുക്കിയ നഹാസ് ഹിദായത്തിനൊപ്പം ഡി.ക്യു ഒന്നിക്കുന്നുവെന്നാണ് ഒ.ടി.ടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്.

പുറത്തുവന്ന വിവരങ്ങൾ പ്രകാരം ചിത്രത്തിന്റെ പ്രീ – പ്രൊഡക്ഷൻ അവസാന ഘട്ടത്തിലാണ്. കഥയും തിരക്കഥയും ഏകദേശം പൂർത്തിയായ ചിത്രം ഒരു ആക്ഷൻ എന്റർടൈനറായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം അവസാനത്തോടെ സിനിമയുടെ ഷൂട്ട്‌ തുങ്ങിയേക്കാം.

എന്നാൽ ദുൽഖറോ നഹാസ് ഹിദായത്തോ ഇതിനെ കുറിച്ച് ഓഫീഷ്യലായി ഒന്നും പറഞ്ഞിട്ടില്ല. കഴിഞ്ഞ ഓണക്കാലത്ത് കിങ് ഓഫ് കൊത്തയും ആർ.ഡി.എക്‌സും ഒന്നിച്ചായിരുന്നു തിയേറ്ററിൽ എത്തിയത്. ആർ.ഡി.എക്സ് മികച്ച അഭിപ്രായം നേടിയപ്പോൾ കിങ് ഓഫ് കൊത്ത വലിയ പരാജയമായി മാറി.

പാൻ ഇന്ത്യൻ റിലീസായി എത്തിയ കൽക്കി 2898 എ.ഡി എന്ന പ്രഭാസ് ചിത്രത്തിലായിരുന്നു ദുൽഖർ അവസാനമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രമാണ് ഉടനെ റിലീസാവാനുള്ള ദുൽഖർ സൽമാൻ ചിത്രം.

Content Highlight: Rumors  Of Dulqure Salman – Nahas Hidayath Movie

We use cookies to give you the best possible experience. Learn more