മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ആറാമത്തെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. തമിഴിലെ പ്രശസ്ത സംവിധായകനായ ഗൗതം വാസുദേവ് മേനോന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന നിലയിലാണ് ചിത്രം ചര്‍ച്ചയായത്. ടര്‍ബോ നേടിയ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടിക്കമ്പനി നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു.
ഇപ്പോഴിതാ ചിത്രത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. വാരണം ആയിരത്തിന് ശേഷം ഗൗതം വാസുദേവ് മേനോന്‍ സൂര്യയെ വെച്ച് ചെയ്യാനിരുന്ന കഥയാണ് ഗൗതം മേനോന്‍ ഇപ്പോള്‍ മമ്മൂട്ടിയെ വെച്ച് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോമഡിയുടെ പശ്ചാത്തലത്തില്‍ പറയുന്ന ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ് മമ്മൂട്ടി- ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നതെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് സൂര്യാ ചിത്രത്തിന്റെ കഥയാണോ ഇതെന്ന സംശയം ശക്തമാകുന്നത്.
‘തുപ്പറിയും ആനന്ദന്‍’ എന്ന പേരില്‍ സൂര്യയും ഗൗതം മേനോനും തമ്മില്‍ സിനിമ ചെയ്യുന്നുവെന്ന് റൂമറുകള്‍ ഉണ്ടായിരുന്നു. ആനന്ദന്‍ എന്ന പ്രൈവറ്റ് ഡിറ്റക്ടീവിന്റെ വേഷമാണ് സൂര്യ ചെയ്യുന്നതെന്നും കോമഡിയുടെ പശ്ചാത്തലത്തില്‍ ഇന്‍വെസ്റ്റിഗേഷന്‍ ചിത്രമാണ് അതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അതേ പേരിലുള്ള തമിഴിലെ പുസ്തകത്തിന്റെ അഡാപ്‌റ്റേഷനാണ് ചിത്രമെന്ന് ഗൗതം മേനോന്‍ പറഞ്ഞിരുന്നു.
ആ കഥയുടെ റൈറ്റ്‌സ് താന്‍ വാങ്ങിയിരുന്നെന്നും 1970കളില്‍ നടക്കുന്ന കഥയാണ് സിനിമയുടേതെന്നും ഗൗതം മേനോന്‍ പറഞ്ഞിരുന്നു. എന്നാല്‍ ബജറ്റ് പ്രശ്‌നങ്ങള്‍ കാരണം സംവിധായകന്‍ ആ ചിത്രം ഉപേക്ഷിക്കുകയായിരുന്നു. എ.ബി.സി.ഡി എന്ന ദുല്‍ഖര്‍ ചിത്രത്തിന്റെ രചയിതാക്കളായ നീരജ്- സൂരജ് എന്നിവരാണ് മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. തുപ്പറിയും ആനന്ദന്റെ കഥ മോഡേണ്‍ കാലഘട്ടത്തില്‍ പറയുന്ന കഥയാകും ചിത്രത്തിന്റേതെന്നാണ് റൂമറുകള്‍.
സപ്ത സാഗരാദാച്ചെ എല്ലോ എന്ന കന്നഡ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ രുക്മിണി വാസന്ത് ചിത്രത്തിലെ നായികയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്ക് പുറമെ ഗോകുല്‍ സുരേഷ്, ലെന, ജഗദീഷ്, ആദം സാബിക് (ഓസ്ലര്‍ ഫെയിം) എന്നിവരാണ് മറ്റ് താരങ്ങള്‍. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം തുടക്കത്തിലോ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlight: Rumors about the story of Mammootty Gautham Vasudev Menon movie