ടീസറിലും ട്രെയ്‌ലറിലും കണ്ടില്ല, ഇനി ദുല്‍ഖറാണോ കല്‍ക്കി?
Entertainment
ടീസറിലും ട്രെയ്‌ലറിലും കണ്ടില്ല, ഇനി ദുല്‍ഖറാണോ കല്‍ക്കി?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 12th June 2024, 4:19 pm

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരനിര ഒന്നിക്കുന്ന ചിത്രമാണ് കല്‍ക്കി 2898 എ.ഡി. മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസ്, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുക്കോണ്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. നീണ്ട ഇടവേളക്ക് ശേഷം കമല്‍ ഹാസന്‍ വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും കല്‍ക്കിക്കുണ്ട്. 600 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം 2989ലെ ഡിസ്‌റ്റോപ്പിയന്‍ കഥയാണ് പറയുന്നത്. പ്രൊജക്ട് കെ എന്ന പേരില്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റ ഗ്ലിംപ്‌സ് പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ടിരുന്നു.

ടൈറ്റില്‍ കഥാപാത്രമായ കല്‍ക്കിയായാണ് പ്രഭാസ് ഈ സിനിമയില്‍ വരുന്നത് എന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടപ്പോള്‍ പ്രഭാസിന്റെ കഥാപാത്രത്തിന്റെ പേര് ഭൈരവ എന്നാണെന്ന് എല്ലാവര്‍ക്കും മനസിലായത്. കഴിഞ്ഞ ദിവസം റിലീസായ ട്രെയ്‌ലറിലും കല്‍ക്കി ആരാണെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല.

അതോടൊപ്പം തന്നെ സിനിമയുടെ അനൗണ്‍സ്‌മെന്റിന്റെ സമയത്ത് ദുല്‍ഖര്‍ സല്‍മാനും ചിത്രത്തിന്റെ ഭാഗമാകുമെന്ന് സംവിധായകന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇറങ്ങിയ ഒരു അപ്‌ഡേറ്റിലും ദുല്‍ഖറിനെ കാണിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ദുല്‍ഖറിന്റെ കഥാപാത്രം എന്തായിരിക്കുമെന്നുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

ടൈറ്റില്‍ കഥാപാത്രമായ കല്‍ക്കിയായാണ് ദുല്‍ഖര്‍ എത്തുന്നത് എന്നാണ് ഒരു റൂമര്‍. എന്നാല്‍ പുരാണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമയായതിനാല്‍ പരശുരാമന്റെ അവതാരമായിട്ടായിരിക്കും ദുല്‍ഖര്‍ ചിത്രത്തില്‍ വരുന്നതെന്നും ചില റൂമറുകളുണ്ട്. ഇന്ത്യന്‍ സിനിമ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ദുല്‍ഖറും നല്ലൊരു വേഷത്തിലെത്തുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

ദുല്‍ഖറിന് പുറമെ മലയാളി താരങ്ങളായ അന്നാ ബെന്നും, ശേഭനയും കല്‍ക്കിയുടെ ഭാഗമാകുന്നുണ്ട്. ബോളിവുഡ് താരം ദിശാ പഠാനി, പശുപതി, ബ്രഹ്‌മാനന്ദം എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന ചിത്രം ജൂണ്‍ 27ന് തിയേറ്ററുകളിലെത്തും.

Content Highlight: Rumors about Dulquer Salman’s character in Kalki 2898 AD