| Wednesday, 15th May 2024, 12:48 pm

വിന്റേജ് ലാൽ മാജിക് വീണ്ടും കാണാം; മലയാളികളുടെ പ്രിയ സംവിധായകനൊപ്പം വീണ്ടും ഒന്നിക്കാൻ മോഹൻലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സത്യൻ അന്തിക്കാട് മോഹൻലാൽ സിനിമകൾ എന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. മോഹൻലാലിനെ ഒരു സാധാരണക്കാരനായി സത്യൻ അന്തിക്കാട് അവതരിപ്പിച്ചപ്പോഴെല്ലാം മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ.

നാടോടിക്കാറ്റ്, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം തുടങ്ങിയ ചിത്രങ്ങളെല്ലാം അതിന് ഉദാഹരണമാണ്. കുറച്ചു നാളുകളായി ഇരുവരും ഒരു സിനിമയ്ക്കായി ഒന്നിച്ചിട്ട്. എന്നും എപ്പോഴുമാണ് രണ്ടുപേരും അവസാനമായി ഒന്നിച്ച ചിത്രം. എന്നാൽ തന്റെ അടുത്ത ചിത്രം മോഹൻലാലിനൊപ്പമായിരിക്കുമെന്ന് സത്യൻ അന്തിക്കാട് ഈയിടെ ഒരു സൂചന നൽകിയിരുന്നു.

രസമുള്ള ഒരു കഥയുമായി സത്യൻ അന്തിക്കാടും മോഹൻലാലും ഉടനെ വരുമെന്ന് സത്യന്റെ മകനും സംവിധായകനുമായ അഖിൽ സത്യനും ഈയിടെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി ഇട്ടിരുന്നു.

എന്നാൽ അതുറപ്പിക്കുന്ന തരത്തിൽ പുതിയൊരു അപ്ഡേഷനാണ് അഖിൽ സത്യൻ സ്റ്റോറി ഇട്ടിരിക്കുന്നത്.

മോഹൻലാലിന്റെയും സത്യൻ അന്തിക്കാടിന്റെയും ഒരു ഫോട്ടോയോടൊപ്പം സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറിനെയും അഖിൽ സത്യൻ മെൻഷൻ ചെയ്തിട്ടുണ്ട്. ജസ്റ്റിൻ പ്രഭാകർ ആയിരിക്കാം ചിത്രത്തിന്റെ സംഗീതം എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ആരാധകരടക്കം നിരവധിപേരാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. 2024ൽ പ്രതീക്ഷയുള്ള ഒരുപിടി മോഹൻലാൽ ചിത്രങ്ങളുണ്ട്.

എമ്പുരാൻ, തരുൺ മൂർത്തി – മോഹൻലാൽ ചിത്രം, ബറോസ്, റമ്പാൻ തുടങ്ങിയ സിനിമകൾക്കൊപ്പം വീണ്ടുമൊരു സത്യൻ അന്തിക്കാട് മാജിക് കിട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Content Highlight: Rumor’s  Of  New Movie Of Mohanlal With Sathyan Anthikkad

We use cookies to give you the best possible experience. Learn more