| Saturday, 29th July 2023, 5:32 pm

'സൂര്യ 43 ' യിൽ ദുൽഖറും? നിർമാതാവിന്റെ സ്റ്റോറി വൈറൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സൂരറൈ പോട്രു എന്ന ചിത്രത്തിന് ശേഷം സുധ കൊങ്കരയും സൂര്യയും ഒന്നിക്കുന്ന ചിത്രത്തിൽ ദുൽഖറും എത്തിയേക്കും. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന് താത്കാലികമായാണ് സൂര്യ 43 എന്ന പേരിട്ടിരിക്കുന്നത്.

സംഗീത സംവിധായകൻ ജി.വി. പ്രകാശിന്റെ നൂറാമത്തെ ചിത്രമാണെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഇത്തവണ സൂരറൈ പോട്രു ടീമിനൊപ്പം ദുൽഖറിന്റെ സാന്നിധ്യം നിർമാതാവ് രാജശേഖർ പാണ്ട്യൻ ആണ് സോഷ്യൽ മീഡിയവഴി അറിയിച്ചത്.

ആരാധകൻ തയ്യാറാക്കിയ വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തിരുന്നു. സൂര്യ, സുധ കൊങ്ങര, ദുൽഖർ എന്നിവരെ സ്റ്റോറിൽ അദ്ദേഹം മെൻഷൻ ചെയ്തതിനൊപ്പം ഇറ്റ്സ് ഹാപ്പനിംഗ്‌ ( അത് സംഭവിക്കുന്നു) എന്ന ക്യാപ്‌ഷനോടെയാണ് സ്റ്റോറി പങ്കുവെച്ചത്. എന്നാൽ സുധ കൊങ്ങര- സൂര്യ കൊമ്പൊയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദുൽഖർ ഉണ്ടായേക്കുമെന്നുള്ള ചർച്ചകൾ നേരത്തെ ചൂടുപിടിക്കുന്നുണ്ടായിരുന്നു.

സൂര്യ 43ന്റെ ഷൂട്ടിങ് 2023 ഡിസംബറിൽ ആരംഭിക്കുമെന്ന് മറ്റ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഇ-ടൈംസ് എന്റര്ടെയ്ൻമെന്റ് അറിയിച്ചു.

ദേശീയ അവാർഡ് നേടിയ ‘സൂരറൈ പോട്രു’വിന്റെ ഹിന്ദി റീമേക്ക് അനൗൺസ് ചെയ്‌തിരുന്നു. അക്ഷയ് കുമാറും രാധിക മദനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രം 2024 ഫെബ്രുവരി 16 ന് റിലീസ് ചെയ്യും.

സൂര്യയുടെ ഹിസ്റ്റോറിക്കല്‍ ഫിക്ഷനായൊരുങ്ങുന്ന കങ്കുവയുടെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഈയിടെ പുറത്തുവന്ന കങ്കുവയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സൂര്യയുടെ പിറന്നാള്‍ ദിനത്തിലാണ് കങ്കുവയുടെ പുത്തന്‍ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുന്നത്.

വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി, മലയാളം തുടങ്ങി പത്ത് ഭാഷകളിലും മൊഴിമാറ്റം ചെയ്താണ് റിലീസ് ചെയ്യുക. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിരുത്തെ ശിവയാണ്. രജനികാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

3D യിലാണ് ചിത്രം ഒരുങ്ങുന്നത്. യു.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് നേടിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. രജിനികാന്ത് നായകനായ അണ്ണാത്തെയ്ക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ.

Content Highlights: rumor has it that dulquer is in suriya 43

We use cookies to give you the best possible experience. Learn more