India
ജെ.ഡി.എസിനെ അവഗണിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും: സീറ്റ് തർക്കത്തിൽ ബി.ജെ.പിക്ക് മുന്നറിയിപ്പുമായി കുമാരസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Mar 19, 08:38 am
Tuesday, 19th March 2024, 2:08 pm

ബെംഗളൂരു: കര്‍ണാടകയില്‍ സീറ്റ് വിഭജനത്തെ ചൊല്ലി സഖ്യ കക്ഷികളായ ബി.ജെ.പിയും ജനതാദള്‍ (സെക്കുലര്‍) തമ്മില്‍ തര്‍ക്കം രൂക്ഷമാകുന്നു. കോലാര്‍ സീറ്റിനെ ചൊല്ലിയാണ് ഇരു പാര്‍ട്ടികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ കോലാര്‍ വിട്ട് കൊടുക്കാന്‍ പാര്‍ട്ടി തയ്യാറല്ലാത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം.

തര്‍ക്കത്തില്‍ പരിഹാരം കാണാന്‍ സാധിക്കാതായതോടെ അതൃപ്തി പരസ്യമാക്കി ജെ.ഡി.എസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എച്ച്.ഡി. കുമാരസ്വാമി രംഗത്തെത്തി. ജെ.ഡി.എസിനെ അവഗണിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അദ്ദേഹം ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കി.

‘കര്‍ണാടകയില്‍ മൂന്ന് സീറ്റിന് ജെ.ഡി.എസിന് അര്‍ഹതയുണ്ട്. ജെ.ഡി.എസിനെ അവഗണിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. കര്‍ണാടകയിലെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 18ലും ബി.ജെ.പിയെ ഞങ്ങള്‍ പിന്തുണക്കും. കൂടാതെ നാല് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ ബി.ജെ.പിയുടെ വോട്ട് വര്‍ധിക്കാനും ജെ.ഡി.എസ് സഹായിക്കും,’ കുമാരസ്വാമി പറഞ്ഞു. ബി.ജെ.പിക്ക് ജെ.ഡി.എസിന്റെ ശക്തി എന്താണെന്ന് അറിയാമെന്നും മൂന്ന് ലോക്‌സഭാ സീറ്റിലും പാര്‍ട്ടി സ്വതന്ത്രമായി മത്സരിച്ചാല്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജെ.ഡി.എസ് നേതാക്കള്‍ പങ്കെടുത്തിരുന്നില്ല.

ബി.ജെ.പിയില്‍ നിന്ന് സീറ്റുകളുടെ കാര്യത്തില്‍ തീരുമാനം ലഭിക്കാത്തതിനെ തുടര്‍ന്ന് തര്‍ക്കത്തിലുള്ള കോലാര്‍, ഹാസന്‍, മാണ്ഡ്യ എന്നീ ലോക്‌സഭാ സീറ്റുകളില്‍ നിന്ന് ജെ.ഡി.എസ് മത്സരിക്കുമെന്ന് കുമാരസ്വാമി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കര്‍ണാടകയില്‍ ഇതുവരെ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായിട്ടില്ല.

Content Highlight: Rumblings in JDS-BJP alliance over Kolar seat