മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഭരിക്കുന്ന പാര്‍ട്ടി വര്‍ഗീയ അതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ടിപ്പു സുല്‍ത്താന്റെയും ഔറംഗസേബിന്റെയും പേരില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പരാമര്‍ശത്തെ തുടര്‍ന്ന് കോലാപ്പൂരില്‍ നടന്ന വര്‍ഗീയ സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു ശരദ് പവാറിന്റെ വിമര്‍ശനം.
‘ചില മൊബൈല്‍ മെസേജുകളുടെ പേരിലാണ് കോലാപൂരിലും അഹമ്മദ് നഗറിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടായത്. ഇത്തരം മെസേജുകളുടെ പേരില്‍ തെരുവുകള്‍ തകര്‍ക്കുന്നതില്‍ നിന്നും എന്താണ് മനസിലാക്കേണ്ടത്. ഭരിക്കുന്ന പാര്‍ട്ടി ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഭരിക്കുന്നവര്‍ ക്രമസമാധാനം ഉറപ്പ് വരുത്തേണ്ടതാണ്. എന്നാല്‍ ഭരിക്കുന്നവര്‍ തന്നെ തെരുവുകള്‍ തകര്‍ക്കുകയും രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത ഉണ്ടാക്കുകയും ചെയ്യുന്നത് സംസ്ഥാനത്തിന് നല്ലതല്ല,’ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമായി പ്രതിഷേധങ്ങള്‍ ഒതുങ്ങിയത് നന്നായെന്നും ശരദ് പറഞ്ഞു. ഇതിന് പിന്നില്‍ ആസൂത്രണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇത് ആസൂത്രണം ചെയ്ത വര്‍ഗീയ സംഘര്‍ഷമാണ്. ഔറംഗാബാദില്‍ ഒരാള്‍ ഔറംഗസേബിന്റെ ഫോട്ടോ കാണിക്കുന്നത് ഞാന്‍ ടി.വിയില്‍ കണ്ടു. പൂനെയില്‍ ഇതിന്റെ പേരില്‍ ഒരു വര്‍ഗീയ സംഘര്‍ഷം നടക്കുന്നു. എന്താണ് ഇതിന്റെയൊക്കെ അര്‍ത്ഥം,’ അദ്ദേഹം ചോദിച്ചു.
ഒഡിഷയിലും മറ്റ് സംസ്ഥാനങ്ങളിലും പള്ളികള്‍ക്ക് നേരെ അക്രമം നടക്കുന്നുവെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു പ്രത്യയശാസ്ത്രമാണെന്നും പവാര്‍ പറഞ്ഞു.
‘ഒഡിഷയിലും മറ്റ് സംസ്ഥാനങ്ങളിലും പള്ളികള്‍ക്ക് നേരെ അക്രമം നടക്കുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു വ്യക്തിയല്ല. ഒരു പ്രത്യയശാസ്ത്രമാണ്. ഈ പ്രത്യയശാസ്ത്രം സമൂഹത്തിന് നല്ലതല്ല,’ പവാര്‍ പറഞ്ഞു.
ചൊവ്വാഴ്ച സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ അധിക്ഷേപകരമായ ഓഡിയോ മെസേജിനൊപ്പം ടിപ്പുസുല്‍ത്താന്റെ ചിത്രം ഉപയോഗിച്ചെന്ന് കാട്ടി കോലാപൂരില്‍ ചില സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
സംഭവത്തില്‍ ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വെക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോലെ ആവശ്യപ്പെട്ടു.
‘ഔറംഗസേബിനെ പ്രശംസിക്കുന്നവര്‍ ഇപ്പോള്‍ എങ്ങനെയാണ് ഉണ്ടായത്? സംസ്ഥാനത്ത് ഓരോ ദിവസവും സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയാണ്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും എന്താണ് ചെയ്യുന്നത്? നിയമവാഴ്ച ഇല്ലാത്ത തരത്തിലാണ് സംസ്ഥാനത്തിന്റെ സാഹചര്യം. അക്രമികളാണ് സംസ്ഥാനം ഭരിക്കുന്നത്,’ നാന പട്ടോലെ പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തണമെന്നും സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മെയ് 19ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധി സംഘം ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി പട്ടോലെ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമത്തിന് പിന്നിലെ സൂത്രധാരനെ പുറത്ത് കൊണ്ടുവരണമെന്ന് അജിത് പവാറും ആവശ്യപ്പെട്ടു.
‘ സ്വാതന്ത്ര്യം നല്‍കിയാല്‍ അന്വേഷണം നടത്താനും യഥാര്‍ത്ഥ കുറ്റവാളിയെ ജയലിലടക്കാനും സാധിക്കും. എന്നാല്‍ അക്രമത്തിന് പിന്നിലെ യഥാര്‍ത്ഥ കുറ്റവാളിയെ അറസ്റ്റ് ചെയ്യണമെന്ന് സര്‍ക്കാര്‍ കരുന്നുണ്ടോ?,’ അദ്ദേഹം ചോദിച്ചു.
Content Highlight: Ruling party support communal violence : Sharat pawar