|

ആവേശം വാനോളം; ലോകകപ്പിന് നാളെ തുടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

റഗ്ബി യൂണിയന്‍ വേള്‍ഡ് കപ്പിന് നാളെ ആരംഭം. ഫ്രാന്‍സാണ് ഈ തവണത്തെ ലോകകപ്പിന് വേദിയാകുന്നത്. സെപ്റ്റംബര്‍ എട്ടിന് (ഇന്ത്യയില്‍ സെപ്റ്റംബര്‍ ഒമ്പതിന്) ആരംഭിക്കുന്ന കായികമാമാങ്കം ഒക്ടോബര്‍ 28 വരെയാണ് നീണ്ടുനില്‍ക്കുന്നത്.

മുന്‍ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡും (ഓള്‍ ബ്ലാക്‌സ്) ആതിഥേയരായ ഫ്രാന്‍സുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. സ്റ്റേഡ് ഡി ഫ്രാന്‍സില്‍ ഇന്ത്യന്‍ സമയം രാത്രി 12.45നാണ് മത്സരം അരങ്ങേറുന്നത്.

ന്യൂസിലാന്‍ഡ് – ഫ്രാന്‍സ് മത്സരത്തിന് പുറമെ ഇറ്റലി – നമീബിയ, അയര്‍ലന്‍ഡ് – റൊമേനിയ, ഓസ്‌ട്രേലിയ – ജോര്‍ജിയ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും മത്സരങ്ങളും നാളെ നടക്കും.

സെപ്റ്റംബര്‍ പത്തിനാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍സായ സൗത്ത് ആഫ്രിക്ക (സ്പ്രിങ്‌ബോക്‌സ്) ആദ്യ മത്സരത്തിനിറങ്ങുന്നത്. സ്‌റ്റേഡേ വെലോഡ്രോമില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.

നാല് ഗ്രൂപ്പുകളിലായി 20 ടീമുകളാണ് ഇത്തവണ ലോകകപ്പിനിറങ്ങുന്നത്. ഓള്‍ ബ്ലാക്‌സും സ്പ്രിങ്‌ബോക്‌സും കുത്തകയാക്കിവെച്ച ലോകകപ്പിലേക്ക് ഏഷ്യന്‍ ശക്തിയായി ജപ്പാന്‍ മാത്രമാണ് കളത്തിലിറങ്ങിന്നത്.

പൂള്‍ എ

ഫ്രാന്‍സ്
ഇറ്റലി
നമീബിയ
ന്യൂസിലാന്‍ഡ്
ഉറുഗ്വായ്

പൂള്‍ ബി

അയര്‍ലന്‍ഡ്
റൊമേനിയ
സ്‌കോട്‌ലാന്‍ഡ്
സൗത്ത് ആഫ്രിക്ക
ടോംഗ

പൂള്‍ സി

ഓസ്‌ട്രേലിയ
ഫിജി
ജോര്‍ജിയ
പോര്‍ച്ചുഗല്‍
വേല്‍സ്

പൂള്‍ ഡി

അര്‍ജന്റീന
ചിലി
ഇംഗ്ലണ്ട്
ജപ്പാന്‍
സമോവ

ഇതുവരെ നടന്ന ഒമ്പത് ലോകകപ്പുകളില്‍ മൂന്ന് തവണ ഓള്‍ ബ്ലാക്‌സും മൂന്ന് തവണ സ്പ്രിങ്‌ബോക്‌സുമാണ് കപ്പുയര്‍ത്തിയത്. രണ്ട് തവണ ഓസ്‌ട്രേലിയ (വാലബീസ്) കിരീടമണിഞ്ഞപ്പോള്‍ 2003ല്‍ ഇംഗ്ലണ്ടും (ദി ലയണ്‍സ്) കിരീടം നേടി.

കഴിഞ്ഞ തവണ കൈവിട്ട കിരീടം തിരിച്ചുപിടിക്കാന്‍ വേണ്ടിയാകും ന്യൂസിലാന്‍ഡ് ഇറങ്ങുന്നത്. 2011ലും 2015ലും ചാമ്പ്യന്‍മാരായി ഹാട്രിക് കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഓള്‍ ബ്ലാക്‌സിന് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെടേണ്ടി വരികയായിരുന്നു. മൂന്നാം സ്ഥാനവുമായാണ് ന്യൂസിലാന്‍ഡ് ജപ്പാനില്‍ നിന്നും തിരികെ വിമാനം കയറിയത്.

അതേസമയം, കിരീടം നിലനിര്‍ത്താനുറച്ചാണ് സൗത്ത് ആഫ്രിക്ക ഫ്രാന്‍സിലേക്ക് പറക്കുന്നത്. 2019ല്‍ ഇംഗ്ലണ്ടിനെ 12-32 എന്ന സ്‌കോറില്‍ പരാജയപ്പെടുത്തിയാണ് സ്പ്രിങ്‌ബോക്‌സ് മൂന്നാം കിരീടത്തില്‍ മുത്തമിട്ടത്.

പലതവണയും കലാശപ്പോരാട്ടങ്ങളില്‍ പരാജയപ്പെട്ട ഫ്രാന്‍സ് സ്വന്തം മണ്ണില്‍, സ്വന്തം ആരാധകര്‍ക്ക് മുമ്പില്‍ ആദ്യ കിരീടം നേടാനാണ് ശ്രമിക്കുന്നത്. 1987ലും 2011ലും ന്യൂസിലാന്‍ഡിനോട് ഫൈനലില്‍ പരാജയപ്പെട്ടപ്പോള്‍ 199ല്‍ ഓസ്‌ട്രേലിയയോടും ലെസ് ബ്ലൂസ് ഫൈനലില്‍ തോല്‍വി വഴങ്ങി.

റഗ്ബി വേള്‍ഡ് കപ്പിന്റെ ചരിത്രത്തില്‍ നാല് ജേതാക്കള്‍ മാത്രമാണ് ഇതുവരെയുണ്ടായിട്ടുള്ളത്. ആ ചരിത്രം 2023ല്‍ പഴങ്കഥയാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content highlight: Rugby world cup 2023 starts tomorrow

Latest Stories