ഈ പറഞ്ഞ കളിയെ കുറിച്ച് ഭൂരിഭാഗം മലയാളികള്‍ക്കും വേണ്ടത്ര അറിവോ ചിലപ്പോള്‍ കേട്ടുകേള്‍വിയോ ഉണ്ടാകില്ല. ഇതിനെ കുറിച്ച് കേട്ടവര്‍ക്കാകട്ടെ കളിയുടെ നിയമങ്ങളെ കുറിച്ചും വലിയ ധാരണയുണ്ടാകാനിടയില്ല.
പൊതുവെ കായിക പ്രേമികളാണ് മലയാളികള്‍. ക്രിക്കറ്റും ഫുട്‌ബോളും വോളിബോളും ബാഡ്മിന്റണും ഒരുപരിധി വരെ ടെന്നീസും മലയാളികളുടെ ഇടനെഞ്ചില്‍ സ്ഥാനം പിടിച്ചതാണ്. പാടവരമ്പത്ത് ക്രിക്കറ്റും ഫുട്‌ബോളും കളിച്ച് വേള്‍ഡ് കപ്പ് വരുമ്പോള്‍ സ്വന്തം ടീമിനായി ബെറ്റ് വെച്ചും പോരടിച്ചും മലയാളി തന്റെ കായിക പാരമ്പര്യത്തെ കെടാതെ കൊണ്ടുനടക്കുകയാണ്.
എന്നാല്‍ കായിക ലോകത്ത് ഏറെ ആരാധകരുള്ള ഒരു മത്സരം മലയാളികള്‍ക്കിടയില്‍ ഇന്നും വേണ്ടത്ര വേരാഴ്ത്തിയിട്ടില്ല. ദി മോസ്റ്റ് ഫിസിക്കല്‍ ഗെയിം എന്ന് വിശേഷിപ്പിക്കാവുന്ന റഗ്ബിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
ഈ പറഞ്ഞ കളിയെ കുറിച്ച് ഭൂരിഭാഗം മലയാളികള്‍ക്കും വേണ്ടത്ര അറിവോ ചിലപ്പോള്‍ കേട്ടുകേള്‍വിയോ ഉണ്ടാകില്ല. ഇതിനെ കുറിച്ച് കേട്ടവര്‍ക്കാകട്ടെ കളിയുടെ നിയമങ്ങളെ കുറിച്ചും വലിയ ധാരണയുണ്ടാകാനിടയില്ല.
ഗ്രിഡ് അയേണിലെ ഓരോ പുല്‍നാമ്പുകളെയും കോരിത്തരിപ്പിക്കുന്ന, മറ്റേത് മത്സരത്തേക്കാളും ഫിസിക്കലായ, അക്ഷരാര്‍ത്ഥത്തില്‍ ബ്രൂട്ടലായ ഒരു ഗെയിം, അതാണ് റഗ്ബി.
ക്രിക്കറ്റും ഫുട്‌ബോളും പോലെ ലോകത്ത് ഏറെ ആരാധകരുള്ള കായികവിനോദമാണ് റഗ്ബി. ന്യൂസിലാന്‍ഡിന്റെ കായിക വിനോദമായ റഗ്ബി ഇന്ന് കായിക ലോകത്തെ ആവേശം കൊള്ളിക്കുന്ന ഗെയിമുകളില്‍ ഒന്നുകൂടിയാണ്. ഓരോ പോയിന്റും ടാക്കിളുകളും ഡ്രോപ് കിക്കുകളും അതിലേറെ വിശേഷപ്പെട്ട സ്‌കില്ലുകളുമായി റഗ്ബി ആരാധകരെ ഹരം കൊള്ളിക്കുകയാണ്.
മറ്റ് മത്സരങ്ങളെ പോലെ തന്നെ വേള്‍ഡ് കപ്പും റഗ്ബിക്കുണ്ട്. റഗ്ബിയിലെ എക്കാലത്തേയും മികച്ച ടീമുകളേയും താരങ്ങളേയും പരിചയപ്പെടാം.
ന്യൂസിലാന്‍ഡ്
വിളിപ്പേര്: ഓള്‍ ബ്ലാക്‌സ് – All Blacks (പുരുഷ ടീം), ബ്ലാക് ഫേണ്‍സ് – Black Ferns (വനിതാ ടീം)
നേട്ടങ്ങള്‍: ചാമ്പ്യന്‍മാര്‍ (മൂന്ന് തവണ)
ന്യൂസിലാന്‍ഡിനെ ഏറ്റവും പ്രശസ്തമാക്കിയ കളി ഏതെന്ന് ചോദിച്ചാല്‍ പലരുടേയും ഉത്തരം ക്രിക്കറ്റ് എന്നായിരിക്കും. മാര്‍ട്ടിന്‍ ക്രോയും ബ്രണ്ടൻ മക്കെല്ലവും ഡാനിയല്‍ വെറ്റോറിയും റോസ് ടെയ്‌ലറും കെയ്ന്‍ വില്യംസണും ചേര്‍ന്ന് കായിക ലോകത്ത് ന്യൂസിലാന്‍ഡിനെ ക്രിക്കറ്റര്‍മാരുടെ നാടായി അടയാളപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇതേ ചോദ്യം ഒരു ന്യൂസിലാന്‍ഡുകാരനോട് ചോദിക്കുകയാണെങ്കില്‍ സംശയലേശമന്യേ അവര്‍ പറയുന്നത് റഗ്ബിയെന്നായിരിക്കും.
റഗ്ബിയിലെ ഏറ്റവും ഡോമിനേറ്റിങ് ആന്‍ഡ് സക്‌സസ്ഫുള്‍ ടീമിലൊന്നാണ് ന്യൂസിലാന്‍ഡ്. ഓരോ ന്യൂസിലാന്‍ഡുകാരന്റെയും രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് റഗ്ബി.
ഏതൊരു മത്സരത്തിനിറങ്ങുമ്പോഴും മഓരി (Maori) ഗോത്രവിഭാഗത്തിന്റെ വാര്‍ ഡാന്‍സായ ‘ഹക്ക’ (Haka) ചെയ്തുകൊണ്ട് മത്സരത്തിന് മുമ്പ് തന്നെ എതിരാളികളില്‍ അധീശത്വം സ്ഥാപിക്കുന്ന ന്യൂസിലാന്‍ഡ് തന്നെയാണ് ഏറ്റവുമധികം തവണ ലോകചാമ്പ്യന്‍മാരായിട്ടുള്ളത് (ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം).
1987ല്‍ ആരംഭിച്ച വേള്‍ഡ് കപ്പിലെ ഉദ്ഘാടന സീസണില്‍ തന്നെ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡ് രണ്ട് തവണ കൂടി ആ നേട്ടം ആവര്‍ത്തിച്ചു. 2011ലും 2015ലും കപ്പുയര്‍ത്തി ലോകകപ്പ് നിലനിര്‍ത്തിയ ഏക ടീമാവാനും ന്യൂസിലാന്‍ഡിനായി.
ന്യൂസിലാന്‍ഡിനൊപ്പം തന്നെ കട്ടയ്ക്ക് നില്‍ക്കുന്ന ടീമാണ് ദക്ഷിണാഫ്രിക്ക. ഗ്രൗണ്ടില്‍ സ്പ്രിങ്‌ബോക് എന്ന കാട്ടുമാനിനെ പോലെ വേഗതകൊണ്ട് ഇതിഹാസം രചിച്ചവരാണ് ദക്ഷിണാഫ്രിക്കയുടെ ഈ കരുത്തര്‍.
1995ലും 2007ലും ചാമ്പ്യമാരായ ദക്ഷിണാഫ്രിക്കയാണ് നിലവിലെ വേള്‍ഡ് ചാമ്പ്യന്‍മാര്‍. 2019ല്‍ ജപ്പാനില്‍ നടന്ന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കീഴടക്കിയായിരുന്നു ദക്ഷിണാഫ്രിക്ക റഗ്ബി ലോകത്തിന്റെ നെറുകയില്‍ ഒരിക്കല്‍ക്കൂടിയെത്തിയത്.
ലോകകപ്പ് നേടുന്നതും ലോകചാമ്പ്യന്‍മാരാവുന്നതും ശീലമാക്കിയവരുമാണ് ഓസ്‌ട്രേലിയ. ക്രിക്കറ്റിലുള്ള അതേ സ്പിരിറ്റ് റഗ്ബിയിലും പുറത്തെടുത്തപ്പോള്‍ വാലബീസ് ചാമ്പ്യന്‍മാരായത് രണ്ട് തവണയാണ്. ലോകകപ്പിന്റെ രണ്ടാം സീസണിലും (1991) 1999ലുമാണ് കങ്കാരുക്കള്‍ കപ്പുയര്‍ത്തിയത്.
2015ല്‍ ഫൈനലില്‍ പ്രവേശിച്ചെങ്കിലും അയല്‍ക്കാരായ ന്യൂസിലാന്‍ഡിനോട് പരാജയപ്പെടാനായിരുന്നു വിധി. 2023ല്‍ നടക്കുന്ന വേള്‍ഡ്കപ്പിന്റെ പത്താമത് എഡിഷനില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കയ്യൊപ്പ് പതിപ്പിച്ച ആ കിരീടം തന്നെയായിരിക്കും ഇവര്‍ ലക്ഷ്യമിടുന്നത്.
ഇംഗ്ലണ്ട്
വിളിപ്പേര്: ദി ലയണ്‍സ് – The Lions
നേട്ടം: ചാമ്പ്യന്‍മാര്‍ (ഒരു തവണ)
ലോക റഗ്ബിയിലെ അച്ചുതണ്ട് ശക്തികളില്‍ പ്രാധാനികളാണ് ഇംഗ്ലണ്ട്. ഒറ്റത്തവണ മാത്രമേ ചാമ്പ്യന്‍മാരായിട്ടുള്ളുവെങ്കില്‍ക്കൂടിയും കരുത്തരായ ഓസ്‌ട്രേലിയയെ ആയിരുന്നു അവര്‍ കീഴടക്കിയത്. ലോകകപ്പ് നേടിയ നാല് ടീമുകളില്‍ ഒന്നാണ് ദി ലയണ്‍സ്.
ഗ്രേറ്റ് ബ്രിട്ടണിന്റെ പാരമ്പര്യം പേറുന്ന ഇംഗ്ലണ്ട് 2003ലാണ് ചാമ്പ്യന്‍മാരായത്. എന്നാല്‍ 2019ല്‍ ഒരിക്കല്‍ക്കൂടി ചാമ്പ്യന്‍മാരാവാനുള്ള അവസരം കൈയകലത്തുനിന്നും സൗത്ത് ആഫ്രിക്ക തട്ടിത്തെറിപ്പിക്കുകയായിരുന്നു. 2023ല്‍ നഷ്ടപ്പെട്ട സാമ്രാജ്യം വീണ്ടെടുക്കാനൊരുങ്ങുന്ന ചക്രവര്‍ത്തിയുടെ മനോഭാവത്തിലാവും ഇംഗ്ലണ്ട് ഇറങ്ങുന്നത്.
വിളിപ്പേര്: ലെസ് ബ്ലൂസ് – les blues
നേട്ടം: റണ്ണേഴ്‌സ് അപ് (2 തവണ)
ഒരിക്കല്‍പോലും റഗ്ബിയുടെ കരീടം അണിയാന്‍ ഭാഗ്യം ലഭിക്കാത്ത ടീമാണ് ഫ്രാന്‍സ്. ഉദ്ഘാടന സീസണിലും 2011ലും ഫൈനലില്‍ പ്രവേശിച്ചെങ്കിലും രണ്ട് തവണയും ന്യൂസിലാന്‍ഡിനോട് തോല്‍ക്കുകയായിരുന്നു.
2023 ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോള്‍ സ്വന്തം മണ്ണില്‍, സ്വന്തം ആളുകള്‍ക്ക് മുമ്പില്‍ കന്നിക്കിരീടം, അതുമാത്രമാവും ബ്ലൂസിന്റെ ലക്ഷ്യം.
റഗ്ബി ലോകകപ്പിന്റെ ഫൈനല്‍ കളിച്ചവര്‍ ഈ അഞ്ചുപേര്‍ മാത്രമാണ്.
2023ല്‍ ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, വേല്‍സ്, അയര്‍ലാന്‍ഡ്, ഫ്രാന്‍സ്, ഓസ്‌ട്രേലിയ, ജപ്പാന്‍, സ്‌കോട്‌ലാന്‍ഡ്, അര്‍ജന്റീന, ഫിജി, ഇറ്റലി എന്നിങ്ങനെ 12 ടീമുകള്‍ ലോകകപ്പ് സ്വപ്‌നം കണ്ട് കളത്തിലിറങ്ങുമ്പോള്‍ ഈ അഞ്ച് പേരല്ലാതെ പുതിയ ചാമ്പ്യന്‍മാര്‍ പിറക്കുമോ എന്നാണ് കായികലോകം ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് ചരിത്രം തന്നെയാണ്. ആ ചരിത്രം മലയാളികളും ആവേശത്തോടെ വരവേറ്റാല്‍ അത് മറ്റൊരു ചരിത്രവുമാവുമെന്നുറപ്പ്.