| Monday, 6th February 2023, 4:53 pm

മെസിയെ മാറ്റി നിര്‍ത്തിയാല്‍ അവര്‍ക്കെന്തുണ്ട്? അര്‍ജന്റീനയല്ല, ജര്‍മനിയാണ് മികച്ചത്: ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പില്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയെ കുറിച്ച് രൂക്ഷ പരാമര്‍ശവുമായി ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി റൂഡി വോളര്‍. ജര്‍മന്‍ ദേശീയ ടീമാണ് അര്‍ജന്റീനയെക്കാള്‍ മികച്ചതെന്നും ലയണല്‍ മെസി മാത്രമാണ് അര്‍ജന്റീനയില്‍ മികച്ച താരമായിട്ടുള്ളതെന്നും വോളര്‍ പറഞ്ഞു. കെ.എസ്.ടി.എക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

‘മെസിയെ മാറ്റി നിര്‍ത്തിയാല്‍ അര്‍ജന്റീനയില്‍ മറ്റാരുണ്ട്? മെസി തീര്‍ച്ചയായും പ്രഗത്ഭനായ കളിക്കാരനാണ്. അതൊഴിച്ചാല്‍ ആര്‍ക്കും പറയാനാകില്ല, അര്‍ജന്റീന ഞങ്ങളെക്കാള്‍ മികച്ചതാണെന്ന്. ലോകകപ്പില്‍ അവര്‍ അവിശ്വസനീയ പ്രകടനം നടത്തി. മികച്ച രീതിയില്‍ പ്രതിരോധിച്ചു. അതാണ് അര്‍ജന്റീനയെ ലോകചാമ്പ്യന്മാരാക്കിയത്,’ അദ്ദേഹം പറഞ്ഞു.

നിലവിലെ ജര്‍മനിയുടെ മോശം ഫോമിനെ കുറിച്ചും സംസാരിച്ച വോളര്‍ താരങ്ങളെ കൃത്യമായി വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്നും പറഞ്ഞു. ആധുനിക ഫുട്‌ബോളില്‍ സെന്റര്‍ ബാക്കുകള്‍ പ്രതിരോധിച്ചാല്‍ മാത്രം പോരെന്നും അതിനു പുറമെ ടീമിന്റെ മുന്നേറ്റങ്ങളെ സഹായിക്കാന്‍ കഴിയുന്നവര്‍ കൂടിയാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘പതിറ്റാണ്ടുകളായി ഞങ്ങള്‍ മികച്ച സ്‌ട്രൈക്കേഴ്‌സിനെ മാത്രമല്ല, നല്ല ഡിഫന്‍ഡേഴ്‌സിനെയും ഉണ്ടാക്കിയെടുത്തിട്ടുണ്ട്. നിലവില്‍ ടീം നല്ല ഫോമിലല്ല തുടരുന്നത്. പക്ഷെ തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഫോമിലേക്ക് മടങ്ങിയെത്താന്‍ കഴിയും,’ വോളര്‍ പറഞ്ഞു.

തുടര്‍ച്ചയായി ലോകകപ്പില്‍ നേരിടുന്ന തിരിച്ചടികള്‍ ജര്‍മന്‍ ഫുട്‌ബോള്‍ ഫെഡറേഷനിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പുതിയ നിരവധിയാളുകള്‍ ഫെഡറേഷന്റെ നേതൃത്വത്തിലേക്ക് വന്നു. ബയേര്‍ ലെവര്‍കൂസന്റെ മുന്‍ താരമായ റൂഡി വോളര്‍ അതിലൊരാളാണ്.

Content Highlights: Rudi Voller says Argentina is only better than Germany only because of Lionel Messi

We use cookies to give you the best possible experience. Learn more