വെള്ളിയാഴ്ച നടന്ന സൗദി പ്രോ ലീഗ് മത്സരത്തില്‍ അല്‍ വെഹ്ദയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് അല്‍ നസര്‍ മത്സരം തങ്ങളുടെ കൈപ്പിടിയിലൊതുക്കിയത്.
പോര്‍ച്ചുഗീസ് ഇതിഹാസ താരം റൊണാള്‍ഡോയായിരുന്നു ക്ലബ്ബിനായി നാല് ഗോളുകളും സ്വന്തമാക്കിയത്. മത്സരത്തിന്റെ 21,40,53 മിനിട്ടുകളില്‍ പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടിയ റോണോ മത്സരം 61 മിനിട്ട് പിന്നിട്ടപ്പോള്‍ സെറ്റ് പീസില്‍ നിന്നല്ലാതെയും അല്‍ വെഹ്ദയുടെ വല കുലുക്കി. ഇതോടെ ലീഗ് മത്സരങ്ങളില്‍ തന്റെ ഗോള്‍ നേട്ടം 500 എന്ന മാന്ത്രിക സംഖ്യയിലേക്കെത്തിക്കാന്‍ റൊണാള്‍ഡോക്കായി.
അല്‍ നസറിലെത്തിയതിന് ശേഷം റോണോ കളിച്ച രണ്ട് മത്സരങ്ങളില്‍ താരത്തിന് ഗോളൊന്നും നേടാനായിരുന്നില്ല. സൗദി സൂപ്പര്‍ കപ്പില്‍ നടന്ന മത്സരത്തില്‍ അല്‍ നസര്‍ തോല്‍വി വഴങ്ങുകയും തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. തുടര്‍ന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് റോണോയെ തേടിയെത്തിയിരുന്നത്. അല്‍ നസര്‍ കോച്ച് റൂഡി ഗാര്‍ഷ്യയും താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ അല്‍ വെഹ്ദക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റൊണാള്‍ഡോയെ പുകഴ്ത്തി പലരും രംഗത്തെത്തിയിട്ടുണ്ട്. അല്‍ നസര്‍ കോച്ച് തന്നെയാണ് അതില്‍ പ്രധാനി.
റൊണാള്‍ഡോ മികച്ച ഘട്ടത്തിലെത്തിയിരിക്കുകയാണെന്നും കളിയില്‍ സഹതാരങ്ങള്‍ക്കൊപ്പം താളം പിടിക്കാനും ഒത്തൊരുമയോടെ കളിക്കാനും അദ്ദേഹത്തിനായിട്ടുണ്ടെന്നും ഗാര്‍ഷ്യ പറഞ്ഞു.
‘ക്രമേണ, റൊണാള്‍ഡോ സഹതാരങ്ങള്‍ക്കൊപ്പം ഇഴകിച്ചേര്‍ന്ന് കളിക്കുന്ന ഘട്ടത്തിലേക്ക് എത്തി. റൊണാള്‍ഡോ എന്താണ് ആഗ്രഹിക്കുന്നതെന്നും എപ്പോഴാണ് ഗോള്‍ നേടുന്നതെന്നുമെല്ലാം ടീം അംഗങ്ങള്‍ക്കും തിരിച്ചറിയാനായി. ഒറ്റ മാച്ചില്‍ നാല് ഗോളുകള്‍ നേടാന്‍ സാധിച്ചതിനാല്‍ റൊണാള്‍ഡോക്ക് ഇത് മികച്ച സായാഹ്നം തന്നെയാണ്,’ ഗാര്‍ഷ്യ പറഞ്ഞു.
അതേസമയം, മത്സരത്തില്‍ വിജയിച്ചതോടെ പ്രോ ലീഗില്‍ നിലവില്‍ 16 മത്സരങ്ങളില്‍ നിന്നും 37 പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനത്താണിപ്പോള്‍ അല്‍ നസര്‍. ഫെബ്രുവരി 17ന് ഇന്ത്യന്‍ സമയം 8:30ന് അല്‍ താവൂനെതിരെയാണ് അല്‍ ആലാമിയുടെ അടുത്ത മത്സരം.