| Saturday, 18th November 2017, 9:27 am

'ആ ഓഫീസര്‍ എന്നെ വംശീയമായി അധിക്ഷേപിച്ചു'; സിഡ്നി എയര്‍പോര്‍ട്ട് അതോറിറ്റിക്കെതിരെ തമിഴ് സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രജനി കാന്ത് ചിത്രമായ കബാലിക്ക് സംഗീതം നല്‍കിയ പ്രശസ്ത സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ സിഡ്നി എയര്‍പോര്‍ട്ട് അതോറിറ്റിക്കെതിരെ രംഗത്തെത്തിയിരിക്കുന്നു. സുരക്ഷ നിര്‍വ്വഹണത്തിന്റെ പേരില്‍ തന്നെ വംശീയമായി അധിക്ഷേപിച്ചുവെന്നാണ് സന്തോഷ് ട്വിറ്ററിലുടെ വ്യക്തമാക്കിയത്. എട്ടു തവണ പരിശോധനയെന്ന പേരില്‍ തന്നെ തെരഞ്ഞടുത്തു.

തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥന്റെ പെരുമാറ്റം അസഹീനയമായിരുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സിഡ്നി എയര്‍പോര്‍ട്ടില്‍ വംശീയമായി സുരക്ഷനടപടികള്‍ എര്‍പ്പെടുത്തുന്ന രീതി നിര്‍ത്തണമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിഡ്നി എയര്‍പോര്‍ട്ട് അധികാരികള്‍.

എയര്‍പോര്‍ട്ടിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും മികച്ചൊരു അനുഭവം നല്‍കണമെന്നതു മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും, അതിനു പിന്നില്‍ മറ്റ് യാതൊരു രഹസ്യ അജന്‍ഡയോ നീക്കങ്ങളോ ഇല്ലെന്നും എയര്‍പോര്‍ട്ട് അധികാരികള്‍ വ്യക്തമാക്കി. ഗവണ്‍മെന്റ് നിശ്ചയിച്ച സ്‌ക്രീനിംഗ് ടെസ്റ്റുകളാണ് എയര്‍ പോര്‍ട്ട് അതോറിറ്റി നടപ്പാക്കുന്നത്. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി എയര്‍പോര്‍ട്ടിനുള്ളിലെ യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്.

രാജ്യത്തിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങളില്‍ ഒന്നുമാത്രമാണ് അവ എന്ന് സിഡ്നി എയര്‍പോര്‍ട്ട് വൃത്തങ്ങള്‍ ട്വീറ്റ് ചെയ്തു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ശ്രമങ്ങള്‍ താന്‍ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ അത് സാധാരണ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന, അല്ലെങ്കില്‍ അവഹേളിക്കുന്ന രീതിയിലേക്ക് വഴിമാറാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അധികാരികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ലക്ഷ്യത്തെ മാനിക്കുന്നു. എന്നാല്‍ ഇത്തരം സംവിധാനങ്ങളില്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണമെന്ന അദ്ദേഹം നിര്‍ദ്ദേശിച്ചു. ചില വംശീയ മുന്‍വിധികളോടെ യാത്രക്കാരോട് പെരുമാറുന്ന ഓഫീസര്‍മാരെ നിയന്ത്രിക്കുന്നത് നന്നായിരിക്കുമെന്നും സന്തോഷ് നാരാണന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.

We use cookies to give you the best possible experience. Learn more