ന്യൂദല്‍ഹി: വി.ഡി സവര്‍ക്കറെ പരിഹസിച്ചുള്ള കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ ട്വീറ്റിന് പിന്നാലെ പ്രതികരണവുമായി ബി.ജെ.പി നേതാവ് ഖുശ്ബു സുന്ദര്‍ രംഗത്തെത്തിയതോടെ ട്വിറ്ററില്‍ കോണ്‍ഗ്രസ്-ബി.ജെ.പി വാക്‌പോര്. കഴിഞ്ഞ ദിവസം പവന്‍ ഖേര സവര്‍ക്കറെ പരിഹസിച്ചു കൊണ്ടുള്ള ട്വീറ്റ് പങ്കുവെച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ദല്‍ഹി പൊലീസ് എത്തുകയും യു.കെയില്‍ വെച്ച് രാജ്യത്തെ കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ട്വീറ്റ്.
‘മാപ്പ് പറയാന്‍ ഇത് സവര്‍ക്കറാണെന്ന് കരുതിയോ’ എന്നായിരുന്നു പവന്‍ ഖേര ട്വിറ്ററില്‍ കുറിച്ചത്. ഇത് സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
സ്വാതന്ത്ര്യ സമരകാലത്ത്, ബ്രിട്ടീഷുകാരുമായി സഹകരിക്കുന്നതിന് മുമ്പ് വി.ഡി സവര്‍ക്കറെ പാര്‍പ്പിച്ചിരുന്ന ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു ബി.ജെ.പി നേതാവ് ഖുശ്ബു സുന്ദര്‍ ട്വീറ്റിനോട് പ്രതികരിച്ചത്. സെല്ലുലാര്‍ ജയിലില്‍ വെച്ചായിരുന്നു വി.ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് പറയുന്നത്. ഇതിന് പിന്നാലെ അദ്ദേഹത്തെ ജയില്‍മോചിതനാക്കിയിരുന്നു.
‘രാഹുല്‍ ഗാന്ധിക്ക് ഈ തടവറയില്‍ കുറച്ച് ദിവസമെങ്കിലും ജീവിക്കാനാകുമോ? നിങ്ങളുടെ പാര്‍ട്ടി പരിഹസിക്കുന്നത് വീര്‍ സവര്‍ക്കറെയല്ല. മറിച്ച് അദ്ദേഹം ഭാരതമാതാവിന് വേണ്ടി ചെയ്ത ത്യാഗങ്ങളെയാണ്. അല്ല അതിന് നിങ്ങള്‍ക്ക് ത്യാഗം എന്താണെന്നൊക്കെ അറിയാമോ?’ എന്നായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.
തന്റെ കുടുംബത്തില്‍ അത്രമേല്‍ പ്രിയപ്പെട്ട ആളുകള്‍ രാജ്യത്തിന് വേണ്ടി ഏറ്റവും വലിയ ത്യാഗങ്ങള്‍ ചെയ്യുന്നത് കണ്ട് വളര്‍ന്ന മനുഷ്യനോടാണ് നിങ്ങള്‍ ത്യാഗമെന്താണെന്ന് അറിയുമോ എന്ന് ചോദിക്കുന്നത്. രാഷ്ട്രീയം നിങ്ങളുടെ പ്രാഥമിക ബുദ്ധിയും ബോധവും ഇല്ലാതാക്കിയേക്കാം പക്ഷേ അത് നിങ്ങള്‍ എന്ന മനുഷ്യന്റെയുള്ളിലെ മനുഷ്യത്വം ഇല്ലാതാക്കരുത് എന്നായിരുന്നു ഇതിനോട് പവന്‍ ഖേരയുടെ പ്രതികരണം.
‘രാജ്യം മുഴുവന്‍ അവരെ ഓര്‍ക്കുന്നുണ്ട് ഞാനും ഓര്‍ക്കുന്നുണ്ട്. ആ രണ്ടുപേര്‍ മാത്രമല്ല രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തത്. ഈ രാജ്യത്തിന് വേണ്ടി ജീവന്‍ വരെ ബലി നല്‍കിയ നിരവധി പോരാളികളുണ്ട്. അവരെയും ഓര്‍ക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ രാഹുല്‍ ഗാന്ധി ഇപ്പോഴും പോകുന്നത് അദ്ദേഹത്തിന്റെ പൂര്‍വികര്‍ നടത്തിയ ത്യാഗങ്ങളുടെ ബലത്തിലാണ്. അദ്ദേഹം ഇനിയും വളരാനുണ്ട്.
വളര്‍ന്ന് ത്യാഗത്തിന്റെ അര്‍ത്ഥം എന്താണെന്ന് ശരിക്കും മനസിലാക്കാനുമുണ്ട്. എന്റെ ഉള്ളിലെ മനുഷ്യന്‍ ഇപ്പോഴും ജീവനോടെയുണ്ട്. അതുകൊണ്ടാണ് ഞാന്‍ കോണ്‍ഗ്രസ് വിട്ടത്,’ ഖുശ്ബു മറുപടിയായി കുറിച്ചു.
ബി.ജെ.പിയില്‍ അംഗമാകുന്നതിന് മുന്‍പ് കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു ഖുശ്ബു സുന്ദര്‍. ദ്രാവിഡ മുന്നേറ്റ കഴകത്തില്‍ നിന്നായിരുന്നു രാഷ്ട്രീയത്തിന്റെ തുടക്കം.
Indeed the country remembers them, And so do I. But alas, it was not the two members alone who sacrificed for the nation. Let us remember many such warriors who gave up their lives for the the country. Unfortunately Mr.Gandhi seems to be riding on the sacrifices his family has… https://t.co/PJoTaEQc0N