ഗാന്ധിനഗര്‍: ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന്റെ വാര്‍ത്താസമ്മേളനം തടഞ്ഞ് പട്ടേല്‍ സമുദായക്കാര്‍. ഗാന്ധിനഗറില്‍ പത്രസമ്മേളനത്തിനായി എത്തിയ നിതിന്‍ പട്ടേല്‍ സംസാരിക്കാന്‍ ആരംഭിച്ചയുടന്‍ തന്നെ ബി.ജെ.പി വിരുദ്ധ മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്.
പത്രസമ്മേളനം നടത്തനായി ഹാളില്‍ എത്തി മാധ്യമങ്ങളോട് സംസാരിച്ചുതുടങ്ങവേയാണ് പട്യാദാര്‍ വിഭാഗക്കാര്‍ ബി.ജെ.പി വിരുദ്ധ മുദ്രാവാക്യവുമായി ഹാളിനകത്ത് കയറിയത്.
അപ്രതീക്ഷിതമായുണ്ടായ നടപടിയില്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചുപോയ മന്ത്രി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഹാളിലുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ മുറിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. എങ്കിലും മുറിവിട്ടുപോകാന്‍തയ്യാറാകാതെ ഇവര്‍ ഉച്ചത്തില്‍ തന്നെ മുദ്രാവാക്യം മുഴക്കി.
സംവരണം ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ നിരവധി പട്യാദാര്‍ വിഭാഗക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 2015 മുതല്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് എതിരാണ് ഈ വിഭാഗക്കാര്‍.
പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദിക് പട്ടേലുമായുള്ള അഭിമുഖം ഇവിടെ വായിക്കാം
സംസ്ഥാനത്ത് ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പരമ്പരാഗതമായി ബി.ജെ.പിക്ക് പിന്തുണ നല്‍കിയ പട്ടേല്‍ വിഭാഗക്കാര്‍ തങ്ങള്‍ക്ക് എതിരായതില്‍ ബി.ജെ.പിയും ആശങ്കയിലാണ്. വലിയൊരു വിഭാഗം വോട്ടുകളാണ് പട്ടേല്‍ വിഭാഗക്കാരുടേതായി സംസ്ഥാനത്തുള്ളത്.
എന്തുതന്നെ സംഭവിച്ചാലും ഡിസംബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം പട്ടേല്‍ ക്വാട്ട മൂവ്‌മെന്റ് നേതാവായ ഹാര്‍ദിക് പട്ടേല്‍ സമുദായക്കാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.