മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.ഡി.എ സഖ്യത്തിന് തിരിച്ചടിയുണ്ടാകുമെന്ന് നിക്ഷേപകനും സാമ്പത്തിക വിദഗ്ധനുമായ രുചിർ ശര്‍മ. സംസ്ഥാനത്തെ ബി.ജെ.പി സഖ്യകക്ഷികളായ അജിത് പവാറിന്റെ എന്‍.സി.പിയും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയും തിരിച്ചടി നേരിടുമെന്ന് രുചിർ ശര്‍മ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഇഞ്ചോടിച്ച് മത്സരമുണ്ടാവുമെന്നും രുചിർ ശര്‍മ ചൂണ്ടിക്കാട്ടി. ഇന്ത്യ ടുഡേയുടെ പോപ്പ് ആപ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയ്ക്ക് പുറമെ കര്‍ണാടകയിലെ ജനതാദള്‍ എസും തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നാണ് രുചിറിന്റെ വിലയിരുത്തല്‍.
ബീഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി സഖ്യകക്ഷികള്‍ മോശമായ പ്രകടനമാണ് നടത്തിയതെന്നും രുചിർ പറഞ്ഞു. മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ പകുതിയും ഇന്ത്യാ സഖ്യം നേടുമെന്നും രുചിർ ശര്‍മ ചൂണ്ടിക്കാട്ടി. ആന്ധ്രയില്‍ ടി.ഡി.പി ഒഴികെയുള്ള ബി.ജെ.പി ഘടകകക്ഷികള്‍ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയില്‍ ശിവസേനയും എന്‍.സി.പിയും പ്രതിസന്ധിയിലാകാന്‍ കാരണമാകുന്നത് കര്‍ഷകരുടെ രോഷമാണെന്നാണ് പ്രധാന കണ്ടെത്തല്ലെന്ന് രുചിർ പറഞ്ഞു.
ഔറംഗബാദ്, നാസിക്, സോലാപൂര്‍ എന്നിവിടങ്ങളിലെ മാധ്യമപ്രവര്‍ത്തകരുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഈ നിഗമനത്തിലെത്തിയതെന്നും രുചിർ പറഞ്ഞു. ഉള്ളി കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ നിരോധനം സാധാരണക്കാരായ വോട്ടര്‍മാരില്‍ എന്‍.ഡി.എ സഖ്യത്തിനെതിരെ രോഷം വളര്‍ത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി സഖ്യമുള്ള ഉദ്ധവ് താക്കറെയുടെ ശിവസേനയോടും ശരത് പവാറിന്റെ എന്‍.സി.പിയോടും ജനങ്ങള്‍ക്ക് സഹതാപ തരംഗമുണ്ടെന്നും രുചിർ ശര്‍മ ചൂണ്ടിക്കാട്ടി.
ആന്ധ്രയില്‍ 25ല്‍ ആറ് സീറ്റില്‍ മാത്രമാണ് ബി.ജെ.പി മത്സരിക്കുന്നതെങ്കിലും ടി.ഡി.പിയുടെ ഏത് വിജയവും എന്‍.ഡി.എയുടെ നേട്ടത്തിന് കാരണമാകുമെന്നാണ് മറ്റൊരു വിലയിരുത്തല്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും കനത്ത പോരാട്ടത്തിലാണ്. രണ്ട് കാരണങ്ങളാല്‍ കര്‍ണാടകയില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിട്ടേക്കാമെന്നും അദ്ദേഹം പറയുന്നു. ബി.ജെ.പിക്കുള്ളിലെ ചേരിപ്പോരും കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന സ്ത്രീ വോട്ടര്‍മാരുമായിരിക്കും തിരിച്ചടിക്കുള്ള രണ്ട് കാരണങ്ങള്‍.
കൊവിഡിന് ശേഷം മോദിയും ജനങ്ങളും തമ്മിലുള്ള വിടവ് വര്‍ധിച്ചെന്നും രുചിർ ശര്‍മ പറഞ്ഞു. ഇന്ത്യയിലെ നഗര-ഗ്രാമങ്ങള്‍ക്കിടയില്‍ വലിയ രീതിയില്‍ വിഭജനമുണ്ടായിട്ടുണ്ടെന്നും രുചിന്‍ പറയുന്നു. കര്‍ണാടകയെയും മഹാരാഷ്ട്രയെയും താരതമ്യപ്പെടുത്തുമ്പോള്‍ കര്‍ണാടകയുടെ സാമ്പത്തിക നിലവാരം ഉയരുകയാണ് ചെയ്തതെന്നും രുചിർ ശര്‍മ ചൂണ്ടിക്കാട്ടി.
Content Highlight: Ruchir Sharma, an investor and financial expert, says that the NDA alliance will suffer a setback in Maharashtra