| Friday, 8th March 2024, 7:59 am

ചെങ്കടലിൽ തകർന്നത് ഇന്ത്യയിലേക്കുള്ള കേബിളുകൾ; കേടുപാടുകൾ പരിഹരിക്കാൻ സാധിക്കില്ലെന്ന് വിലയിരുത്തൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സനാ: ചെങ്കടലിൽ തകർന്ന മൂന്ന് കേബിളുകളും ഇന്ത്യ വഴി ഏഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്നത്. ചെങ്കടലിലെ ട്രാഫിക്കിന്റെ 25 ശതമാനം വരുന്ന യൂറോപ്പ് ഇന്ത്യ ഗേറ്റ്‌വേ (ഇ.ഐ.ജി), സീകോം, എ.എ.ഇ-1 എന്നീ കേബിളുകളായിരുന്നു തകർന്നത്.

യു.കെ മുതൽ മുംബൈ വരെയുള്ളതാണ് ഇ.ഐ.ജി, സീകോം ഫ്രാൻസിൽ നിന്ന് ചെങ്കടൽ വഴി ഇന്ത്യയിലേക്കും ദക്ഷിണാഫ്രിക്കയിലേക്കും നീളുന്നു. എ.എ.ഇ -1 ഇന്ത്യ, ദക്ഷിണ കിഴക്കൻ ഏഷ്യ, ഹോങ് കോങ് എന്നീ പ്രദേശങ്ങളെ ഫ്രാൻസ്, ഇറ്റലി, ഗ്രീസ് എന്നിവയുമായാണ് ബന്ധിപ്പിക്കുന്നത്.

നിലവിൽ ഈ കേബിളുകൾ വഴിയുള്ള ഇന്റർനെറ്റ്‌ മറ്റ് കേബിളുകളിലേക്ക് റീ-റൂട്ട് ചെയ്തിരിക്കുകയാണ്.

തകർന്ന കേബിളുകൾ അടുത്ത കാലത്തൊന്നും ശരിയാക്കുവാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. യെമന്റെ സമുദ്രപരിധിയിൽ വരുന്ന പ്രദേശത്തേക്ക് കപ്പൽ എത്തിക്കുവാൻ അവരുടെ അനുമതി നേടണം എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഹൂത്തികളെ യു.എസ് തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരിക്കുകയാണ്. അവർക്ക് മേൽ ബ്രിട്ടൻ ഉപരോധങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അതിനാൽ ഹൂത്തികളുമായി കമ്പനികൾക്ക് വാണിജ്യ കരാറുകൾ സ്ഥാപിക്കാൻ കഴിയില്ല.

റിപ്പയറിങ്ങിനുള്ള കപ്പൽ എത്തിക്കുന്നതിനുള്ള കാലതാമസവും വർധിച്ചുവരുന്ന ചെലവുമാണ് പിന്നോട്ടടിപ്പിക്കുന്ന മറ്റ് കാരണങ്ങൾ.

ഒരു ദിവസം 1,50,000 ഡോളർ എങ്കിലും ചെലവ് വരുമെന്ന് വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം കേബിളുകൾ ആരെങ്കിലും തകർത്തതാകാൻ സാധ്യതയില്ലെന്നും ആകസ്മികമായ അപകടമായിരിക്കുമെന്നും വാഷിങ്ടണിലെ ടെലി കമ്മ്യൂണിക്കേഷൻസ് സ്ഥാപനമായ ടെലി ജോഗ്രഫിയുടെ സീനിയർ അനലിസ്റ്റ് പോൾ ബ്രോഡ്സ്കി പറഞ്ഞു.

ഫെബ്രുവരി 18ന് ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള റൂബിമാർ എന്ന കപ്പൽ മാർച്ച്‌ രണ്ടിന് മുങ്ങിയിരുന്നു. മുങ്ങുന്നതിന് വടക്കോട്ട് നീങ്ങിയ റൂബിമാർ കാരണമാകാം കേബിളുകൾക്ക് തകരാറ് സംഭവിച്ചതെന്നാണ് വിലയിരുത്തൽ.

Content Highlight: Rubymar sinking: Did Houthi ship attack sever Red Sea internet cables?

Latest Stories

We use cookies to give you the best possible experience. Learn more