ടി-20യിലെ സിംഹാസനം അങ്ങ് മാറ്റിവെച്ചേക്ക്...നേപ്പാൾ കൊടുങ്കാറ്റിൽ പിറന്നത് ഒന്നൊന്നര ചരിത്രം
Cricket
ടി-20യിലെ സിംഹാസനം അങ്ങ് മാറ്റിവെച്ചേക്ക്...നേപ്പാൾ കൊടുങ്കാറ്റിൽ പിറന്നത് ഒന്നൊന്നര ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 13th February 2024, 4:04 pm

2024 എ.സി.സി വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ നേപ്പാളിന് കൂറ്റന്‍ വിജയം. മാലിദീപിനെ 214 റണ്‍സിനാണ് നേപ്പാള്‍ പരാജയപ്പെടുത്തിയത്.

നേപ്പാള്‍ ബാറ്റിങ് നിരയില്‍ റുബീന ചേത്രി 59 പന്തില്‍ പുറത്താവാതെ 116 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. പത്ത് ഫോറുകളും അഞ്ച് പടുകൂറ്റന്‍ സിക്സറുകളുമാണ് റുബീനയുടെ ബാറ്റില്‍ നിന്നും പിറന്നത്. 200 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

 

ഈ തകർപ്പൻ പ്രകടനത്തിൽ പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് റുബീനാ ഛേത്രി സ്വന്തമാക്കിയത്. വുമണ്‍സ് ടി-20 ക്രിക്കറ്റില്‍ നാലാം നമ്പര്‍ പൊസിഷനില്‍ കളിക്കുന്ന ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് റുബീന ഛേത്രി സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ഖത്തര്‍ താരം ആയിഷ ആയിരുന്നു. 2019 സൗദി അറേബ്യക്കെതിരെ ആയിരുന്നു ആയിഷയുടെ തകര്‍പ്പന്‍ പ്രകടനം. ആ മത്സരത്തില്‍ പുറത്താവാതെ 113 റണ്‍സാണ് താരം നേടിയത്

വുമണ്‍സ് ടി-20യില്‍ നാലാം നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം, ടീം റണ്‍സ്, എതിര്‍ടീം എന്നീ ക്രമത്തില്‍)

റുബീന ഛേത്രി-നേപ്പാള്‍ -118*-മാലിദ്വീപ്

ആയിഷ-ഖത്തര്‍-113*- സൗദി അറേബ്യ

ഡിയാന്ദ്ര ഡോട്ടിന്‍-വെസ്റ്റ് ഇന്‍ഡീസ്-112*-സൗത്ത് ആഫ്രിക്ക

ഫര്‍ഗാന ഹോക്ക്-ബംഗ്ലാദേശ്- 110*-മാലിദ്വീപ്

ഹീത്തര്‍ നൈറ്റ്-ഇംഗ്ലണ്ട്-108*- തായ്‌ലാന്‍ഡ്

യു.കെ.എം-വൈ.എസ്.ഡി ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നേപ്പാള്‍ 20 ഓവറില്‍ 227 എന്ന പടുകൂറ്റന്‍ റണ്‍സാണ് നേടിയത്.

റുബീനക്ക് പുറമെ പൂജ മഹതോ 35 പന്തില്‍ പുറത്താവാതെ 59 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും ഒരു സിക്സും ആണ് താരം നേടിയത്.

മാലിദ്വീപ് ബൗളിങ് നിരയില്‍ ഷമ്മ അലി മൂന്ന് വിക്കറ്റും നബ്ബ നസീം ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മാലിദ്വീപ് 13.1 ഓവറില്‍ 13 റണ്‍സിന് പുറത്താവുകയായിരുന്നു. നേപ്പാള്‍ ബൗളിങ് നിരയില്‍ അസ്മിനാ കര്‍മാചാര്യ നാല് വിക്കറ്റും പൂജ മഹതോ, റുബീന ഛേത്രി എന്നിവര്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ മാലിദ്വീപ് വെറും 13 റണ്‍സിന് പുറത്താവുകയായിരുന്നു.

Content Highlight: Rubina Chhetry create a new record in women’s T20