2024 എ.സി.സി വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ നേപ്പാള്‍ വുമണ്‍സും മാലിദീപ് വുമണ്‍സും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്.
യു.കെ.എം-വൈ.എസ്.ഡി ഓവല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 20 ഓവറില്‍ 227 എന്ന പടുകൂറ്റന്‍ റണ്‍സാണ് നേടിയത്.
നേപ്പാള്‍ ബാറ്റിങ് നിരയില്‍ റുബീന ചേത്രി 59 പന്തില്‍ പുറത്താവാതെ 116 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. പത്ത് ഫോറുകളും അഞ്ച് പടുകൂറ്റന്‍ സിക്‌സറുകളുമാണ് റുബീനയുടെ ബാറ്റില്‍ നിന്നും പിറന്നത്. 200 സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
ഈ തകര്‍പ്പന്‍ പ്രകടനത്തില്‍ പിന്നാലെ ഒരു ചരിത്ര നേട്ടമാണ് റുബീന സ്വന്തം പേരിലാക്കി മാറ്റിയത്. വുമണ്‍സ് ടി-20യില്‍ നേപ്പാളിന് വേണ്ടി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് റുബീന സ്വന്തമാക്കിയത്.
ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് സീത റാണ മഗര്‍ ആയിരുന്നു. 2021ല്‍ ഖത്തറിനെതിരെയായിരുന്നു താരം ഈ നേട്ടം സ്വന്തമാക്കിയത്. ആ മത്സരത്തില്‍ പുറത്താവാതെ 82 റണ്‍സ് ആയിരുന്നു സീത നേടിയത്.
പൂജ മഹതോ 35 പന്തില്‍ പുറത്താവാതെ 59 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. അഞ്ച് ഫോറുകളും ഒരു സിക്‌സും ആണ് താരം നേടിയത്.
മാലിദ്വീപ് ബൗളിങ് നിരയില്‍ ഷമ്മ അലി മൂന്ന് വിക്കറ്റും നബ്ബ നസീം ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.
Content Highlight: Rubina Chettry create a new history in Nepal cricket.