മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് എഴുത്തുകാരന്‍ റൂബിന്‍ ഡിക്രൂസ്. കോഴിക്കോട് സ്വദേശികളും സി.പി.ഐ.എം അംഗങ്ങളുമായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധ നിയമം (യു.എ.പി.എ) ചുമത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യു.എ.പി.എ കരിനിയമമാണ്, പിന്‍വലിക്കണം എന്നാണ് സി.പി.ഐ.എം നയം. കയ്യില്‍ കിട്ടിയ നോട്ടീസ് കൈവശം വയ്ക്കുന്നത് എന്ത് അടിസ്ഥാനത്തില്‍ ആണ് യു.എ.പി.എ ചുമത്താവുന്ന കുറ്റം ആവുന്നത് എന്ന് റൂബിന്‍ ഡിക്രൂസ് ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് റൂബിന്റെ പ്രതികരണം.
റൂബിന്‍ ഡിക്രൂസിന്റെ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം
പാര്‍ടി കുടുംബം എന്നാല്‍ ഇതാണ്. സജിതയുടെ അമ്മ മരണം വരെ സി.പി.ഐ.എം അംഗമായിരുന്നു. പാര്‍ടി പതാക പുതച്ച്, അലന്‍ അടക്കമുള്ള പാര്‍ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചാണ് സാവിത്രി ടീച്ചറെ ചിതയിലേക്ക് വച്ചത്. മരണാനന്തര ചടങ്ങ് പാര്‍ടി നടത്തിയ അനുസ്മരണ യോഗം മാത്രം. ജീവിതകാലം മുഴുവന്‍ പാര്‍ടി പ്രവര്‍ത്തക ആയിരുന്ന സാവിത്രി ടീച്ചര്‍ പാവപ്പെട്ടവരുടെ കൂടെ ജീവിച്ചു പ്രവര്‍ത്തിക്കുന്നതിനായി കല്ലായിയില്‍ നിന്നു മാറി മാനാരിപ്പാടത്തെ ചേരിയോട് ചേര്‍ന്ന് വീട് വച്ചു.
സഖാവ് പിണറായി വിജയനൊക്കെ അറിയാവുന്ന ആളായിരുന്നു സാവിത്രി ടീച്ചര്‍.
അലന്റെ അച്ഛന്‍ ശുഐബ് കുറ്റിച്ചിറയിലെ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി ആയിരുന്നു. പിണറായി- വി.എസ് ഗ്രൂപ്പ് തര്‍ക്കത്തില്‍ പിണറായി പക്ഷക്കാരന്‍ ആയിരുന്നു. തര്‍ക്കം കഴിഞ്ഞപ്പോള്‍, അതു മടുത്തു പാര്‍ടി അംഗത്വം ഉപേക്ഷിച്ചു. ഇപ്പോഴും പാര്‍ടി അനുഭാവി.
അലന്റെ അമ്മ സബിത സജീവ കെ.എസ.ടി.എ പ്രവര്‍ത്തക. കെ.എസ്ടി. എ കോഴിക്കോട് ജില്ലാകമ്മിറ്റി അംഗം.
ഞാന്‍ പരിചയപ്പെടുന്ന കാലത്ത് സജിതയും സി.പി.ഐ.എം അംഗവും സജീവ പ്രവര്‍ത്തകയും ആയിരുന്നു.
അലനും പാര്‍ടി അംഗം ആകാനുള്ള പ്രായം പോലും ആകും മുമ്പ് പാര്‍ടി അംഗം ആയ ആളാണ്. ഇപ്പോഴും സി.പി.ഐ.എം അംഗം.
ഈ കുടുംബത്തിലെ എല്ലാവരെയും സി എച്ച് കണാരന്‍ മന്ദിരത്തില്‍ ഇരിക്കുന്ന എല്ലാവര്‍ക്കും അറിയാം. അത്തരം കുടുംബത്തിലെ ഒരു ടീനേജറെ ആണ് ഒരു മാവോയിസ്റ്റ് നോട്ടീസിന്റെ ഒരു കോപ്പി കയ്യില്‍ കണ്ടു എന്ന പേരില്‍ അറസ്റ്റ് ചെയ്ത്, ഇരുമ്പ് വിലങ്ങിട്ട് രാവിലെ നാലു മണിക്ക് പൊലീസ് വീട്ടില്‍ കൊണ്ടുവരുന്നത്.
ഒരു രാഷ്ട്രീയ സ്വാധീനവും ഇല്ലാത്ത ഒരു കുടുംബത്തിലെ ഒരു കുട്ടിയാണെങ്കിലോ?
യു.എ.പി.എ കരിനിയമമാണ്, പിന്‍വലിക്കണം എന്നാണ് സി.പി.ഐ.എം നയം. കയ്യില്‍ കിട്ടിയ നോട്ടീസ് കൈവശം വയ്ക്കുന്നത് എന്ത് അടിസ്ഥാനത്തില്‍ ആണ് യു.എ.പി.എ ചുമത്താവുന്ന കുറ്റം ആവുന്നത്?
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ