|

വന്നു എറിഞ്ഞു കീഴടക്കി! ടി-20 ചരിത്രത്തിലെ ആദ്യ താരം; നമീബിയൻ തീയുണ്ടകളിൽ ഒമാൻ ചാരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ടി-20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഒമാന്‍ നമീബയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നമീബിയ നേടിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

നമീബിയ നായകന്‍ ജെര്‍ഹാര്‍ഡ് ഇറാസ്മസിന്റെ ഈ തീരുമാനം ശരിവെക്കുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്. ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ 19.4 ഓവറില്‍ 109 റണ്‍സിന് പുറത്താവുകയായിരുന്നു.

നമീബിയ ബൗളിങ്ങില്‍ റൂബന്‍ ട്രമ്പല്‍മാന്‍ നാല് വിക്കറ്റും ഡേവിഡ് വീസ് മൂന്ന് വിക്കറ്റും ക്യാപ്റ്റന്‍ ജെര്‍ഹാര്‍ഡ് ഇറാസ്മസ് രണ്ട് വിക്കറ്റും ബെര്‍ണാട് സ്‌കോല്‍ട്‌സ് ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ ഒമാന്‍ ബാറ്റിങ് നിര തകര്‍ന്നടിയുകയായിരുന്നു

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ നമീബിയ ഒമാന്‍ ബാറ്റര്‍മാരെ എറിഞ്ഞുവീഴ്ത്തുകയായിരുന്നു. ആദ്യ ഓവറിലെ രണ്ടു പന്തുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് റൂബന്‍ ട്രമ്പല്‍മാന്‍ എതിരാളികളെ ഞെട്ടിക്കുകയായിരുന്നു.

കശ്യപ് പ്രജാപതിയെയും ക്യാപ്റ്റന്‍ ആക്യുബ് ഇലിസിനെയും എല്‍.ബി.ഡബ്യൂ ആക്കി കൊണ്ടാണ് റൂബന്‍ കരുത്തുകാട്ടിയത്. ഇതിന് പിന്നാലെ ഒരു ചരിത്ര നേട്ടവും റൂബന്‍ സ്വന്തമാക്കി.

ടി-20യില്‍ ഒരു മത്സരത്തിന്റെ ആദ്യ ഓവറിലെ രണ്ട് പന്തുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ താരമെന്ന നേട്ടമാണ് റൂബന്‍ ട്രമ്പല്‍മാന്‍ സ്വന്തമാക്കിയത്. മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ വിക്കറ്റ് കീപ്പര്‍ നസീം കുഷിയെയും താരം പുറത്താക്കി.

39 പന്തില്‍ 34 റൺസ് നേടിയ ഖാലിദ് കാലിയാണ് ഒമാന്‍ ബാറ്റിംഗ് നിരയിലെ ടോപ് സ്‌കോറര്‍. 20 പന്തില്‍ 22 നേടിയ സീഷാന്‍ മഖ്‌സൂധും മികച്ച ചെറുത്തുനില്‍പ്പ് നടത്തി. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

Content Highlight: Ruben Trumpelmann create a new record in T20

Video Stories