| Monday, 9th September 2024, 1:48 pm

സൗദി ഫുട്‌ബോള്‍ യൂറോപ്യന്‍ ഫുട്‌ബോളിനേക്കാളും താഴ്ന്നതല്ല, ഞങ്ങള്‍ അത് തെളിയിച്ചു; റൂബന്‍ നീവ്സ്

സ്പോര്‍ട്സ് ഡെസ്‌ക്

നേഷന്‍സ് ലീഗില്‍ സ്‌കോട്ലാന്‍ഡിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ച് പോര്‍ച്ചുഗല്‍ തുടര്‍ച്ചയായ വിജയം സ്വന്തമാക്കിയിരിക്കുന്നത്. ടീമിന് വേണ്ടി ആദ്യ പകുതിക്ക് ശേഷം സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും റൂബന്‍ നീവ്സിനെയും മാര്‍ട്ടീനോ കളത്തിലിറക്കിയിരുന്നു.

നിലവില്‍ രണ്ട് താരങ്ങളും സൗദി ഫുട്‌ബോള്‍ ക്ലബ്ബുകളിലാണ് കളിക്കുന്നത്. അല്‍ നസര്‍ വേണ്ടി റൊണാള്‍ഡോ പന്ത് തട്ടുമ്പോള്‍ റൂബന്‍ അല്‍ ഹിലാലിന് വേണ്ടിയാണ് കളിക്കുന്നത്.

എന്നാല്‍ താരങ്ങല്‍ യൂറോപ്യന്‍ ക്ലബ്ബ് വിട്ട് സൗദി അറേബ്യന്‍ ലീഗില്‍ കളിക്കുന്നതില്‍ പലരും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ റൂബന്‍ നീവ്സ് യൂറോപ്യന്‍ ഫുട്‌ബോളിന്റെ നിലവാരം സൗദി ഫുട്‌ബോളിനുമുണ്ടെന്ന് പറഞ്ഞിരിക്കുകയാണ്. സൗദി ഫുട്ബോളിന്റെ മത്സരക്ഷമതയെ ചോദ്യം ചെയ്യുന്ന ആളുകളെ ഞാന്‍ സൗദി ഫുട്ബോള്‍ കാണാന്‍ ക്ഷണിക്കുന്നുവെന്നും താരം പറഞ്ഞു.

‘സൗദി ഫുട്ബോളിന്റെ മത്സരക്ഷമതയെ ചോദ്യം ചെയ്യുന്ന ഈ ആളുകളെ ഞാന്‍ സൗദി ഫുട്ബോള്‍ കാണാന്‍ ക്ഷണിക്കുന്നു. നിങ്ങള്‍ എന്റെ ജി.പി.എസ് ഡാറ്റ സൗദി ഫുട്‌ബോളില്‍ നിന്ന് ഇംഗ്ലീഷ് ഫുട്‌ബോളുമായി താരതമ്യം ചെയ്താല്‍ ഞാന്‍ സൗദി ഫുട്‌ബോളില്‍ കൂടുതല്‍ ഓടുന്നു. ഞാന്‍ 40 ഡിഗ്രി സെല്‍ഷ്യസിലാണ് ഓടുന്നത്.

ഞാന്‍ ഇവിടെ നന്നായി തയ്യാറെടുക്കുന്നതായി തോന്നുന്നു, ശാരീരികമായി ഞാന്‍ ഒരു മികച്ച ഘട്ടത്തിലാണെന്ന് കരുതുന്നു. ക്രിസ്റ്റ്യാനോയും ഞാനും ഇറങ്ങി, സൗദി ഫുട്‌ബോള്‍ യൂറോപ്യന്‍ ഫുട്‌ബോളിനേക്കാള്‍ താഴ്ന്നതല്ലെന്ന് ഞങ്ങള്‍ വീണ്ടും കാണിച്ചു, പ്രത്യേകിച്ച് ശാരീരികമായി,’ നീവ്‌സ് പറഞ്ഞു (ഒജോഗോ വഴി).

ഇന്നലെ സ്‌കോട് ലാന്‍ഡിനെതിരെ നടന്ന മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ തന്നെ സ്‌കോട്ടിഷ് പട പോര്‍ച്ചുഗലിനെ ഞെട്ടിച്ചു. നോര്‍വിച്ച് സൂപ്പര്‍ താരം കെന്നി മക് ലീനിന്റെ അസിസ്റ്റില്‍ സ്‌കോട് മക്ടോമിനയ് ആണ് സ്‌കോട്ലാന്‍ഡിനായി വലകുലുക്കിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പെഡ്രോയെ പിന്‍വലിച്ച് മാര്‍ട്ടീനോ റൊണാള്‍ഡോയെ കളത്തിലിറക്കി. റൂബന്‍ നീവ്സിനെയും മാര്‍ട്ടീനോ കളത്തിലിറക്കിയിരുന്നു.
രണ്ടാം പകുതിയുടെ ഒമ്പതാം മിനിട്ടില്‍ തന്നെ പോര്‍ച്ചുഗലിന്റെ ബ്രൂണോ ഫെര്‍ണാണ്ടസാണ് വല കുലുക്കി.

നിശ്ചിത സമയം അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ബാക്കി നില്‍ക്കെ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ലീഡ് സ്വന്തമാക്കി. നുനോ മെന്‍ഡിസിന്റെ അസിസ്റ്റിലാണ് റോണോ ഗോള്‍ സ്വന്തമാക്കിയത്.

Content Highlight: Ruben Neves Talking About Saudi Football

We use cookies to give you the best possible experience. Learn more