| Monday, 9th September 2024, 2:21 pm

റൊണാള്‍ഡോ 1000 ഗോള്‍ നേടുമോ? ശത്രുപാളയത്തിലെ പ്രിയപ്പെട്ടവന്‍ പറയുന്നതിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

കരിയറില്‍ 1000 ഗോള്‍ എന്ന സ്വപ്‌ന നേട്ടത്തിലെത്താന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഉറപ്പായും സാധിക്കുമെന്ന് പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണലും അല്‍ ഹിലാല്‍ സൂപ്പര്‍ താരവുമായ റൂബന്‍ നീവ്‌സ്. റൊണാള്‍ഡോക്ക് എന്തും സാധ്യമാകുമെന്നും അദ്ദേഹം അത് നേടുമെന്നാണ് താന്‍ ഉറച്ചുവിശ്വസിക്കുന്നതെന്നും നീവ്‌സ് പറഞ്ഞു.

ഒ ജോഗോക്ക് നല്‍കിയ അഭിമുഖത്തിലാണ് അല്‍ ഹിലാല്‍ സൂപ്പര്‍ താരം ഇക്കാര്യം പറഞ്ഞത്.

‘ക്രിസ്റ്റ്യാനോക്ക് എന്തും സാധ്യമാകും. അദ്ദേഹത്തിന് അത് ഉറപ്പായും നേടാന്‍ സാധിക്കുമെന്ന് തന്നെയാണ് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നത്,’ നീവ്‌സ് പറഞ്ഞു.

നേഷന്‍സ് ലീഗിലെ രണ്ടാം മത്സരത്തിലും പോര്‍ച്ചുഗല്‍ വിജയിച്ചിരുന്നു. സ്‌കോട്‌ലാന്‍ഡിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് പോര്‍ച്ചുഗല്‍ വിജയിച്ചുകയറിയത്. 88ാം മിനിട്ടില്‍ റൊണാള്‍ഡോയാണ് വിജയഗോള്‍ നേടിയത്. പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ താരത്തിന്റെ 132ാം ഗോളും കരിയറില്‍ 901ാം ഗോളുമായിരുന്നു അത്.

സ്‌കോട്‌ലാന്‍ഡിനെതിരായ മത്സരത്തെ കുറിച്ചും റൂബന്‍ നീവ്‌സ് സംസാരിച്ചു.

‘അത് വളരെ മനോഹരമായ ഒരു മത്സരമായിരുന്നു. മത്സരത്തിലുടനീളം ഞങ്ങള്‍ ആധിപത്യം പുലര്‍ത്തി. സെറ്റ് പീസുകളില്‍ നിന്നും ഗോള്‍ നേടുന്നതടക്കം പല ഏരിയകളിലും സ്‌കോട്‌ലാന്‍ഡ് വളരെ മികച്ച ടീമാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ഞങ്ങള്‍ അതിന് തയ്യാറായി തന്നെയായിരുന്നു കളത്തിലിറങ്ങിയത്, എങ്കിലും അവര്‍ ലീഡ് നേടി.

അവര്‍ ഒരു ടിപ്പിക്കല്‍ ബ്രിട്ടീഷ് ടീം ആയതുകൊണ്ട് തന്നെ അതിന് ശേഷം അവരെ തോല്‍പിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. പക്ഷേ ഞങ്ങള്‍ വിജയം സ്വന്തമാക്കാനായി ആവശ്യത്തിന് അവസരങ്ങള്‍ സൃഷ്ടിച്ചു. ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് മൂന്ന് പോയിന്റ് ലഭിച്ചു. അത് പ്രധാനപ്പെട്ട കാര്യമായിരുന്നു,’ നീവ്‌സ് പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയായിരുന്നു പോര്‍ച്ചുഗല്‍ തങ്ങളുടെ പ്ലെയിങ് ഇലവനെ കളത്തിലിറക്കിയത്. 4-3-3 എന്ന രീതിയിലാണ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടീനസ് തന്റെ കുട്ടികളെ കളത്തിലിറക്കിയത്. മറുവശത്ത് 4-2-3-1 ഫോര്‍മേഷനാണ് സ്‌കോട്ലാന്‍ഡ് അവലംബിച്ചത്.

മത്സരത്തിന്റെ ഏഴാം മിനിട്ടില്‍ തന്നെ സ്‌കോട്ടിഷ് പട പോര്‍ച്ചുഗലിനെ ഞെട്ടിച്ചു. നോര്‍വിച്ച് സൂപ്പര്‍ താരം കെന്നി മക് ലീനിന്റെ അസിസ്റ്റില്‍ സ്‌കോട് മക്ടോമിനയ് ആണ് സ്‌കോട്‌ലാന്‍ഡിനായി വലകുലുക്കിയത്.

തിരിച്ചടിക്കാന്‍ പോര്‍ച്ചുഗല്‍ മുന്നേറ്റ നിര കിണഞ്ഞുശ്രമിച്ചെങ്കിലും അതെല്ലാം സ്‌കോട്ടിഷ് പ്രതിരോധ മതിലില്‍ തട്ടി അവസാനിച്ചു.

ആദ്യ പകുതിയില്‍ പറങ്കിപ്പടയെ ഗോളടിക്കാന്‍ അനുവദിക്കാതിരുന്നപ്പോള്‍ 1-0ന്റെ ലീഡുമായി സ്‌കോട്‌ലാന്‍ഡ് മത്സരത്തില്‍ മേല്‍ക്കൈ നേടി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പെഡ്രോയെ പിന്‍വലിച്ച് മാര്‍ട്ടീനോ റൊണാള്‍ഡോയെ കളത്തിലിറക്കി. ഒപ്പം റൂബന്‍ നീവ്സിനെയും മാര്‍ട്ടീനോ കളത്തിലിറക്കിയിരുന്നു.

രണ്ടാം പകുതിയുടെ ഒമ്പതാം മിനിട്ടില്‍ തന്നെ പോര്‍ച്ചുഗല്‍ ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി. ബ്രൂണോ ഫെര്‍ണാണ്ടസാണ് പോര്‍ച്ചുഗലിന്റെ രക്ഷകനായി അവതരിച്ചത്.

ശേഷം നിശ്ചിത സമയം അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ബാക്കി നില്‍ക്കെ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ലീഡ് സ്വന്തമാക്കി. നുനോ മെന്‍ഡിസിന്റെ അസിസ്റ്റിലാണ് റോണോ ഗോള്‍ സ്വന്തമാക്കിയത്.

ഈ വിജയത്തിന് പിന്നാലെ ലീഗ് വണ്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ ഒന്നാമതാണ് പോര്‍ച്ചുഗല്‍. കളിച്ച രണ്ട് മത്സരത്തില്‍ രണ്ടിലും വിജയിച്ചാണ് പോര്‍ച്ചുഗല്‍ ഒന്നാമത് തുടരുന്നത്.

ഒക്ടോബര്‍ 13നാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പോളണ്ടാണ് എതിരാളികള്‍. നാഷണല്‍ സ്റ്റേഡിയം വര്‍സോയാണ് വേദി.

Content highlight: Ruben Neves about Cristiano Ronaldo scoring 1000 goals

We use cookies to give you the best possible experience. Learn more