6 ലക്ഷം പെണ്‍കുട്ടികളില്‍ പ്രസവരക്ഷക്കെന്ന പേരിലുള്ള നിര്‍ബന്ധിത വാക്‌സിനേഷന് ഇന്ന് തുടക്കം
Kerala
6 ലക്ഷം പെണ്‍കുട്ടികളില്‍ പ്രസവരക്ഷക്കെന്ന പേരിലുള്ള നിര്‍ബന്ധിത വാക്‌സിനേഷന് ഇന്ന് തുടക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd February 2014, 3:55 pm

[]കോഴിക്കോട്: പ്രസവരക്ഷയ്‌ക്കെന്ന പേരില്‍ പുതിയൊരു കുത്തിവെപ്പ് വാക്‌സിനുമായി സര്‍ക്കാര്‍ വീണ്ടും സജീവമാകുകയാണ്. റൂബെല്ലാ വാക്‌സിന്‍ കുത്തിവെപ്പ്.

എന്താണ് റുബല്ലേ എന്നല്ലേ, ഇത് ഒരു ചെറിയ വൈറല്‍ രോഗത്തിന്റെ പേരാണ്. ചെറിയ പനി, ജലദോഷം, തൊണ്ട വേദന, ദേഹത്ത് ചുവന്ന തിണര്‍പ്പ് തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.

രോഗം ബാധിക്കുന്ന പകുതിയിലേറെ പേര്‍ക്കും ഈ ലക്ഷണങ്ങള്‍ എല്ലാം കണ്ടുകൊള്ളണമെന്നുമില്ല. ഒരിക്കല്‍ റൂബെല്ലാപ്പനി ബാധിച്ചുകഴിഞ്ഞാല്‍ പിന്നീട് ജീവിതകാലം മുഴുവന്‍ ശരീരം റൂബെല്ലയ്‌ക്കെതിരായ പ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് പറയാറ്.

ചുരുക്കി പറഞ്ഞാല്‍ കുട്ടികളിലും പുരുഷന്‍മാരിലും ഉണ്ടാകുന്ന റൂബെല്ല ഒരു തരത്തിലും പ്രശ്‌നക്കാരനല്ലെന്ന് സാരം.

എന്നാല്‍ സ്ത്രീകള്‍ ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ ആദ്യത്തെ മൂന്നുമാസക്കാലത്തിനിടെ റൂബെല്ല വന്നാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന് കണ്‍ജെനിറ്റല്‍ സിന്‍ഡ്രോം അതായത് അന്ധത, ബധിരത, മൂകത, ഹൃദയത്തകരാറ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അതായത് ഗര്‍ഭകാലത്തെ ആദ്യ മൂന്ന്മാസം റൂബെല്ല വന്നാല്‍ മാത്രമാണ് പ്രശ്‌നമെന്നര്‍ത്ഥം. പഠനങ്ങളില്‍ പറയുന്ന പ്രകാരം 70 ശതമാനം ആളുകളിലും ചെറുപ്പത്തില്‍ തന്നെ റൂബെല്ല പിടിപെടുകയും ശരീരം സ്വാഭാവിക പ്രതിരോധശേഷി ആര്‍ജ്ജിക്കാറുണ്ടെന്നുമാണ്.

എന്നാല്‍ സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ ഇന്ന് മുതല്‍ റൂബെല്ലാ വാക്‌സിന്‍ കുത്തിവെപ്പിന് ആരോഗ്യവകുപ്പ് തുടക്കം കുറിക്കുകയാണ്.

ഒമ്പത് മുതല്‍ 12ാം ക്‌ളാസുവരെ പഠിക്കുന്ന ആറ് ലക്ഷത്തോളം പെണ്‍കുട്ടികള്‍ക്കാണ് ഈ നിര്‍ബന്ധിത വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ വേണ്ടത്ര ബോധവത്ക്കരണം നടത്താതെയാണ് കുട്ടികള്‍ക്ക് ഈ കുത്തിവെപ്പ് നല്‍കുന്നതെന്നതാണ് സത്യം.

ഈ കുട്ടികളുടെയൊന്നും രക്ഷിതാക്കളോട് പോലും അനുവാദം ചോദിക്കാതെയാണ് സ്‌കൂളുകളില്‍ ഈ പദ്ധതി നടക്കുന്നത്.

മുംബൈ ആസ്ഥാനമായ സീറം ഇന്‍സ്റ്റിറ്ര്യൂട്ട് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ നിന്ന് മൂന്ന് ലക്ഷം പേര്‍ക്കുള്ള മരുന്ന് ഇതിനകം തന്നെ കേരളത്തില്‍ എത്തിക്കഴിഞ്ഞു. ആരോഗ്യ വകുപ്പിന്റേയും നോഡല്‍ ഏജന്‍സിയായ സോഷ്യല്‍ സെക്യൂരിറ്റി മിഷന്റേയും സംയുക്ത പദ്ധതി കൂടിയാണ് ഇത്.

18 മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് എം.എം.ആര്‍ വാക്‌സിന്‍ നല്‍കുന്നതിനൊപ്പം അടുത്ത 12 വര്‍ഷത്തേക്ക് കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് റുബെല്ലക്കെതിരെ പ്രതിരോധകുത്തിവെപ്പ് നല്‍കാനാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതി. സര്‍ക്കാര്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നതെന്നും ഓര്‍ക്കണം.

സ്വകാര്യ- അണ്‍ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ഇല്ല, അതിനര്‍ത്ഥം അവരൊന്നും ഗര്‍ഭിണികളാവില്ലെന്നാണോ അതോ അവര്‍ക്കൊന്നും ഈ രോഗം വരാന്‍ സാധ്യതയില്ലെന്നാണോയെന്ന് ആരോഗ്യവകുപ്പ് തന്നെ പറയേണ്ടിയിരിക്കുന്നു.

കേരളത്തിലെ ആറ് ലക്ഷം പെണ്‍കുട്ടികളെ അവരുടെ ഭാവിയിലെ പ്രസവവും രോഗസാധ്യതയും മാത്രം കണക്കിലെടുത്ത് ഈ പ്രതിരോധ കുത്തിവെപ്പ് നല്‍കുക എന്നതില്‍ അല്പമൊരു അതിശയോക്തിയില്ലേയെന്ന് സംശയിക്കാം.

ശൈശവാവസ്ഥയില്‍ എം.എം.ആര്‍ വാക്‌സില്‍ എടുത്തിട്ടില്ലാത്തവര്‍ക്കും ഗര്‍ഭിണിയാകുന്നതുവരെ റൂബെല്ലാ രോഗം വന്നിട്ടില്ലാത്തവര്‍ക്കും പ്രസവിക്കാന്‍ തീരുമാനിക്കുന്ന സന്ദര്‍ഭത്തില്‍ ഇങ്ങനെയൊരു രോഗബാധയെകുറിച്ച് ബോധ്യപ്പെടുത്തിയതിന് ശേഷം മാത്രം നടത്തേണ്ട ഈ പ്രതിരോധ കുത്തിവെപ്പ് എന്തിന് തിടുക്കപ്പെട്ട് സ്‌കൂള്‍ കുട്ടികളില്‍ പരീക്ഷിക്കുന്നു എന്നതിന് ആരും മറുപടി തരുന്നില്ല.

ഇതിന് പിന്നിലുള്ള വികാരം എന്തെന്ന്  ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു.

അടുത്തിടെ പെന്റാവാലന്റ് വാക്‌സിനുകള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് ഏറെ ചര്‍ച്ചയായിരുന്നു. കുത്തിവെപ്പിനെ തുടര്‍ന്ന് ചില കുഞ്ഞുങ്ങള്‍ മരണമടഞ്ഞതിനും നമ്മള്‍ സാക്ഷികളായി.

അത്തരത്തില്‍ സാമ്പത്തിക ലാഭത്തിനും മറ്റുമായി മരുന്ന് കമ്പനികളും ഉത്പാദകരും സര്‍ക്കാരിലെ മേലാളന്മാരും ചേര്‍ന്ന് നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിന് നമ്മുടെ കുട്ടികളെ എന്തിന് പരീക്ഷണവസ്തുക്കളാക്കണമെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്.