| Saturday, 9th June 2018, 3:30 pm

കനത്ത മഴയില്‍ പ്രതിസന്ധിയിലായി മലയോര റബ്ബര്‍ കര്‍ഷകര്‍; തിരിച്ചടിയായി റബ്ബറിന്റെ വിലയിടിവും ടാപ്പിംഗ് കൂലിയും

ഗോപിക

തിരുവനന്തപുരത്തെ മലയോരമേഖല പ്രദേശത്തെ കര്‍ഷകരുടെ പ്രധാന കൃഷികളിലൊന്നാണ് റബ്ബര്‍. ലാഭം ഏറ്റവും കൂടുതല്‍ ലഭിച്ചിരുന്ന കൃഷിയായതുകൊണ്ടു തന്നെ കൂടുതല്‍ പേര്‍ റബ്ബര്‍ കൃഷിയിലേക്ക് തിരിയുകയും ഉപജീവന മാര്‍ഗ്ഗമായി തെരഞ്ഞെടുക്കയും ചെയ്തു. സ്വന്തമായി സ്ഥലമുള്ളവര്‍ റബ്ബര്‍ കൃഷി തുടങ്ങിയും മറ്റു ചിലര്‍ ഭീമമായ തുക പാട്ടം നല്‍കി റബ്ബര്‍ കൃഷിയിലേക്ക് തിരിഞ്ഞവരുമാണ്.

തിരുവനന്തപുരത്തിന്റെ മലയോര മേഖലയായ മീനാങ്കല്‍, കീഴ്പാലൂര്‍, എന്നിവിടങ്ങളില്‍ റബ്ബര്‍ കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് അധികവും. സ്ത്രീകളടക്കമുള്ളവര്‍ ഈ ഭാഗങ്ങളില്‍ ടാപ്പിംഗ് തൊഴിലായി സ്വീകരിച്ച് മുന്നോട്ടെത്തുകയും ചെയ്തിരുന്നു.  എന്നാല്‍ ഇപ്പോള്‍ സാമ്പത്തിക നഷ്ടം മാത്രമേ ഈ രംഗത്തു നിന്നുണ്ടാകുന്നുള്ളുവെന്നാണ് റബ്ബര്‍ കര്‍ഷകര്‍ പറയുന്നത്.

കാലവര്‍ഷം എത്തിയതോടെ ടാപ്പിംഗ് മുടങ്ങിയ അവസ്ഥയിലാണിപ്പോള്‍. മഴ മാത്രമല്ല ഇവരെ ബാധിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന കാര്‍ഷികേതര വിഭാഗമാണ് റബ്ബര്‍. ചെറുകിട കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ചെലവ് കുറഞ്ഞ കൃഷിയായിരുന്നിട്ടും മലയോരമേഖലയിലെ റബ്ബര്‍ കര്‍ഷകര്‍ ഇപ്പോഴും സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ തന്നെയാണ്.


ALSO READ: മലയോര സെറ്റില്‍മെന്റുകളില്‍ വന്യജീവി ശല്യം രൂക്ഷം; ഊരുനിവാസികളോട് വനംവകുപ്പിന്റെ അവഗണന തുടരുന്നു


ഒരു കിലോ റബ്ബറിന് 150 രൂപ അടിസ്ഥാനവില നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഫലത്തില്‍ ഇവ പ്രാവര്‍ത്തികമാകുന്നില്ലെന്നാണ് റബ്ബര്‍ കര്‍ഷകരുടെ പരാതി.

മലയോരമേഖലയിലെ റബ്ബര്‍ തോട്ടങ്ങള്‍ ഇപ്പോള്‍ ടാപ്പിംഗ് നിലച്ച അവസ്ഥയിലാണ് കാണപ്പെടുന്നത്.  മഴ വരുത്തിവെച്ച നാശ നഷ്ടങ്ങള്‍ക്ക് പുറമേ റബ്ബറിന് കൃത്യമായ വില ലഭിക്കാത്തതും കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. വിലക്കുറവ് കാരണം റബ്ബറില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെ മിക്കവാറും പ്രദേശത്തെ ടാപ്പിംഗ് ഇതേവരെ ആരംഭിച്ചിട്ടില്ല.

മുമ്പ് മറ്റ് കൃഷികള്‍ ചെയ്തയിടങ്ങളില്‍ നിന്നും അവ ഒഴിവാക്കി സാമ്പത്തികമായി ലാഭം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍ പലരും റബ്ബര്‍ കൃഷിയിലേക്ക് തിരിഞ്ഞത്. എന്നാല്‍ കാലാവസ്ഥ മാറിയതും റബ്ബറിന് വിലകുറഞ്ഞതും ഇപ്പോള്‍ കര്‍ഷക പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്.

50 സെന്റ് പുരയിടത്തില്‍ റബ്ബര്‍ കൃഷിയുള്ളയാളാണ് ജലജ. ടാപ്പിംഗിനായി കൂലിക്ക് ആളെ നിര്‍ത്താതെ സ്വന്തമായി തന്നെയാണ് ഇവര്‍ കൃഷി നടത്തുന്നത്. എന്നാല്‍ മഴ തുടങ്ങിയതു മുതല്‍ ടാപ്പിംഗ് ഇതേവരെ നടന്നിട്ടില്ല. ഒരു കാലത്ത് നല്ല വരുമാനം തന്നിരുന്ന കൃഷി കൂടിയായിരുന്നു ഇത്.


READ MORE: ബേപ്പൂരില്‍ ഭക്ഷണശാലകളില്‍ വിളമ്പുന്നത് പഴകിയ ഭക്ഷണം; നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തം


എന്നാലിപ്പോള്‍ റബ്ബര്‍ ഉപേക്ഷിച്ച് തൊഴിലുറപ്പിന് പോകേണ്ട അവസ്ഥയാണുള്ളതെന്ന് ജലജ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

അതേസമയം റബ്ബറിന്റെ വിലയിടിവും കാര്‍ഷിക പ്രതിസന്ധിയും ഏറെ ബാധിച്ച മറ്റൊരു വിഭാഗമാണ് ടാപ്പിംഗ് തൊഴിലാളികള്‍. ഓരോ ദിവസത്തെയും  ടാപ്പിംഗില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് മഴക്കാലം വന്നതോടെ ഇല്ലാതായിരിക്കുന്നത്.

റബ്ബറിന്റെ വിലയിടിവ് വന്നതോടെ പലരും റബ്ബര്‍ തോട്ടങ്ങളില്‍ ജോലിക്ക് വിളിക്കാതായതായും കര്‍ഷകനും ടാപ്പിംഗ് തൊഴിലാളിയുമായ ആര്യനാട് സ്വദേശി അജയന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

നിലവില്‍ 110 മുതല്‍ 120 വരെ ഒരു കിലോഗ്രാം റബ്ബര്‍ ഷീറ്റിന് വിലയുണ്ട്. എന്നാല്‍ ഇതുവരെയും സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ വിപണി വില ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ അഭിപ്രായം. മിക്കവാറും കടകളില്‍ വിപണി വിലയെക്കാള്‍ രണ്ടും മൂന്നും രൂപ വരെ കുറച്ചാണ് വില്‍പ്പനക്കാര്‍ ശേഖരിക്കുന്നതെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.

തിരുവനന്തപുരം ജില്ലയിലെ അതിര്‍ത്തി പ്രദേശം കൂടിയായ വെള്ളറടയിലും സമാനമായ സ്ഥിതി തന്നെയാണ് നിലനില്‍ക്കുന്നത്. ഇവിടെ ചെറുകിട റബ്ബര്‍ കര്‍ഷകര്‍ വാങ്ങുന്ന റബ്ബറിന്റെ ഭൂരിഭാഗവും അതിര്‍ത്തിയിലെ ഗോഡൗണുകളിലേക്കാണ് എത്തിക്കുന്നത്.


ALSO READ: കരമന ദേശീയപാതക്കിരുവശവും മാലിന്യങ്ങള്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ കൂമ്പാരമാകുന്നു; നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടും നടപടിയെടുക്കാതെ അധികൃതര്‍


ഈ മേഖലയില്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന റബ്ബര്‍ കച്ചവട സ്ഥാപനങ്ങള്‍ വളരെ കുറവാണ്. അതിനാല്‍ സബ്‌സിഡി തുക ലഭിക്കാനുള്ള ബില്ലുകള്‍ വേണ്ടപ്പെട്ട സൊസൈറ്റികളില്‍ കൃത്യസമയത്ത് എത്തിക്കാന്‍ കഴിയാതെ വരുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്.

ഒരേക്കര്‍ പുരയിടത്തില്‍ റബ്ബര്‍ കൃഷി നടത്തുന്ന കര്‍ഷകനാണ് തങ്കരാജ്. എന്നാല്‍ ഇപ്പോള്‍ മഴ പിടിച്ചതോടെ കൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്. കിട്ടുന്ന വരുമാനത്തിന്റെ പകുതിയും ടാപ്പിംഗ് തൊഴിലാളികള്‍ക്ക് കൂലി നല്‍കാനും മറ്റ് ഉല്‍പ്പാദന ചെലവുകള്‍ക്കുമായാണ് പോകുന്നത്.

വിപണി മൂല്യം ഉയരാത്ത സാഹചര്യത്തില്‍ കൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്. റബ്ബര്‍ വിപണിയില്‍ കര്‍ഷകര്‍ക്ക് ഒരുവിധം ആശ്വാസം നല്‍കിയിരുന്ന റബ്ബര്‍ ഒട്ടുപാലിന്റെ വിലയും താഴ്ന്നതോടെ കേരളത്തിന്റെ മലയോര മേഖലയെ താങ്ങി നിര്‍ത്തുന്ന റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more