സൂറത്ത്: സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഒരു തല തിരഞ്ഞവനു പിന്നാലെയാണ്. തല തിരിഞ്ഞവന്‍ എന്നു കേട്ടപ്പോള്‍ സ്വഭാവത്തില്‍ അല്‍പ്പം “തിരിഞ്ഞവന്‍” ആണെന്നു കരുതിയോ? എങ്കില്‍ തെറ്റി. സ്വാഭാവമല്ല ആശാന്റെ തല അക്ഷരാര്‍ത്ഥത്തില്‍ തിരിയും. തിരിയുമെന്നു പറഞ്ഞാല്‍ 180 ഡിഗ്രി തന്നെ തിരിയും.
പതിനെട്ടുകാരനായ യാഷ് ഷായാണ് തന്റെ ശരീരം അസാമാനമായ രീതിയില്‍ ചുഴറ്റുന്നത്. കഴുത്തും ശരീര ഭാഗങ്ങളും 180 ഡിഗ്രി തിരിക്കുന്ന യാഷ് ഷാ ഗുജറാത്തിലെ സൂറത്ത് ജില്ലക്കാരനാണ്. കയ്യും കാലുമൊക്കെ പുഷ്പം പോലെ വളയ്ക്കുകയും മടക്കുകയും ചെയ്യുന്ന യാഷിനെ കണ്ടാല്‍ തോന്നും ഇവന്റെ ശരീരം റബ്ബറു കൊണ്ടുണ്ടാക്കിയതാണെന്ന്. ഹോളിവുഡ് സിനിമയായ ഫെന്റാസ്റ്റിക് ഫോറിലെ റബ്ബര്‍ മനുഷ്യന്റേതു പോലെയാണ് യാഷിന്റെ ശരീരം. എപ്പോഴും ഏങ്ങോട്ടും തിരിക്കുകയും വളയ്ക്കുകയും ചെയ്യാം.
അമേരിക്കന്‍ കായികാഭ്യാസിയായ ഡാനിയല്‍ ബ്രൗണിങ് സ്മിത്തിന്റെ ഷോ കണ്ടാണ് യാഷ് തന്റെ കായികാഭ്യാസം തുടങ്ങുന്നത്. പതിനാലാം വയസ്സില്‍ പരിശീലനം തുടങ്ങിയ ഈ റബര്‍മനുഷ്യന്‍ സ്വപ്രയത്‌നത്തില്‍ പുതിയ വഴി വെട്ടിത്തുറക്കുകയാണ്.
മുത്തച്ഛനാണ് യാഷിന്റെ വഴികാട്ടി. മുത്തച്ഛന്‍ നല്‍കിയ പ്രചോദനം വളരെ വലുതാണെന്നും ഈ വിജയം മുത്തച്ഛന് അവകാശപ്പെട്ടതാണെന്നും യാഷ് ഷാ മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കണമെന്നും ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരു കായികാഭ്യാസിയാവണമെന്നുമാണ് ആ കൗമാരതാരത്തിന്റെ ആഗ്രഹം.