| Friday, 7th May 2021, 2:39 pm

സംസ്ഥാനത്തെ ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയായി തുടരും; ലാബ് ഉടമകളുടെ ഹരജി തള്ളി ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സംസ്ഥാനത്തെ ആര്‍.ടി.പി.സി.ആര്‍ നിരക്ക് 500 രൂപയായി തുടരും. 1700 രൂപയില്‍ നിന്ന് 500 രൂപയാക്കിയ സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ലാബ് ഉടമകളുടെ ആവശ്യം ഹൈക്കോടതി തള്ളി.

ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് 500 രൂപയായി കുറച്ചതിനെതിരെയായിരുന്നു സ്വകാര്യ ലാബ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവ് ഏകപക്ഷീയമാണെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിരക്ക് കുറച്ചതെന്നുമായിരുന്നു ലാബ് ഉടമകളുടെ വാദം.

എന്നാല്‍, രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കേരളത്തില്‍ ഈടാക്കിയിരുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പഞ്ചാബില്‍ 450 രൂപ, ഒറീസ 400 രൂപ, മഹാരാഷ്ട്ര 500 രൂപ എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് എന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

കേരളത്തില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതില്‍ നിരവധി പരാതി ഉണ്ടായിരുന്നുവെന്നും ഇതിനെ തുടര്‍ന്നാണ് നിരക്ക് കുറച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകളുടെ നിരക്ക് നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.

നിരക്കു കുറച്ചത് പരിശോധനാ ഫലത്തിന്റെ നിലവാരത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയോ സബ്സിഡി ലഭ്യമാക്കുകയോ ചെയ്യണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. നിരക്കു കുറയ്ക്കല്‍ ലാബുകള്‍ക്ക് കനത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ഇവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

പരിശോധനയ്ക്ക് 135 രൂപ മുതല്‍ 245 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്ന് കോടതി നിരീക്ഷിച്ചു. മാര്‍ക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് സര്‍ക്കാര്‍ നിരക്കുകള്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് നിരീക്ഷിച്ച കോടതി, കുറഞ്ഞ നിരക്കില്‍ പരിശോധന നടത്താന്‍ വിസമ്മതിക്കുന്ന ലാബുകള്‍ക്കെതിരെ നിയമനടപടി പാടില്ലെന്ന ആവശ്യവും അംഗീകരിച്ചില്ല.

വിപണി നിരക്കനുസരിച്ചു ടെസ്റ്റിന് ആവശ്യമായ സംവിധാനങ്ങള്‍ക്ക് 240 രൂപ മാത്രമാണു ചെലവു വരുന്നത് എന്നതിനാലാണ് 1700 രൂപയില്‍നിന്ന് പരിശോധനാ നിരക്ക് 500 രൂപയായി കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

ഇതര സംസ്ഥാനങ്ങളിലും ചെലവ് ഏതാണ്ട് സമാനമാണെന്നിരിക്കെയാണ് കേരളത്തില്‍ 1700 രൂപ ഈടാക്കുന്നത്. ഇതു പരിഗണിച്ചു വിശദമായ പഠനത്തിനുശേഷമാണ് നിരക്ക് വെട്ടിക്കുറിച്ചത് എന്നാണ് സര്‍ക്കാര്‍ വിശദീകരണം.

ആര്‍.ടി.പി.സി.ആര്‍ പരിശോധനയെ അവശ്യസേവന നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താവുന്നതാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിനു തീരുമാനം എടുക്കാമെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: RTPCR Test Rate Petition Highcourt

We use cookies to give you the best possible experience. Learn more