പാലക്കാട്: കൂറ്റനാട് മരണയോട്ടം നടത്തിയ ബസ് ജീവനക്കാര്‍ക്കെതിരെ പട്ടാമ്പി ജോയിന്റ് ആര്‍.ടി.ഒ നടപടി തുടങ്ങി. ആദ്യ ഘട്ടത്തില്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ ഇരുവരും വിശദീകരണം നല്‍കണം. ഏഴ് ദിവസത്തിനകം വിശദീകരണം സമര്‍പ്പിക്കണം എന്നാണ് നിര്‍ദേശം.
ബസ് ഉടന്‍ ജോയിന്റ് ആര്‍.ടി.ഒ ഓഫീസില്‍ ഹാജരാക്കാന്‍ ഉടമക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസില്‍ വേഗപ്പൂട്ട് ഉണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കും. സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഗുരുവായൂര്‍ റൂട്ടില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കും.
കഴിഞ്ഞ ദിവസം കൂറ്റനാടിന് സമീപത്ത് വെച്ച് ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജപ്രഭ എന്ന ബസ് സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സാന്ദ്ര എന്ന യുവതിയെ അപകടപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിന് പിന്നാലെയാണ് പട്ടാമ്പി ജോയിന്റ് ആര്‍.ടി.ഒ ബസിനെതിരെ നടപടി ആരംഭിച്ചത്.
മരണയോട്ടം നടത്തിയ ഈ ബസ് സ്‌കൂട്ടര്‍ യാത്രക്കാരിയായ സാന്ദ്ര പിന്തുടര്‍ന്ന് തടഞ്ഞിട്ടത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂര്‍ സ്വദേശിയാണ് സാന്ദ്ര.
കഴിഞ്ഞ ദിവസം രാവിലെ സാന്ദ്ര റോഡിലൂടെ പോകുമ്പോള്‍ പുറകില്‍ നിന്ന് വന്ന ബസ് ഇടിച്ചു, ഇടിച്ചില്ല എന്ന മട്ടില്‍ കടന്നു പോകുകയായിരുന്നു. എതിരെ വന്ന ലോറിയെ കടന്നു പോകുന്നതിനിടെയാണ് ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഈ അതിക്രമം ഉണ്ടായത്.
കടന്നു പോകാനാകില്ല എന്ന് ഉറപ്പായിട്ടും ഡ്രൈവര്‍ നടത്തിയ അതിക്രമം മൂലം ചാലിലേക്ക് സാന്ദ്രയ്ക്ക് വാഹനം ഇറക്കേണ്ടി വന്നു. വാഹനം ഒതുക്കിയെങ്കിലും, തുടര്‍ന്ന് ഒന്നര കിലോമീറ്ററോളം പിന്തുടര്‍ന്ന് സാന്ദ്ര ബസിനെ മറികടന്ന് തടഞ്ഞിടുകയായിരുന്നു. ഇതിന് പിന്നാലെ സാന്ദ്രയുടെ ധീരതയെ അഭിനന്ദിച്ച് പലരും രംഗത്തെത്തിയിരുന്നു.
‘ഈയൊരു അനുഭവം രാജപ്രഭയില്‍ നിന്ന് ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ചാലിശ്ശേരി വരെ ബസിനെ പിന്തുടരാന്‍ തീരുമാനിച്ചത്. ഏകദേശം ഒന്നര മിനിറ്റാണ് ബസ് തടഞ്ഞു നിര്‍ത്തിയത്. എന്നിട്ട് ഡ്രൈവറോട് കാര്യം സംസാരിച്ചു. ഞങ്ങള്‍ സംസാരിക്കുന്ന സമയത്തും ഒന്നും സംഭവിക്കാത്തെ പോലെ അയാള്‍ ഹെഡ്സെറ്റ് എടുത്ത് ചെവിയില്‍ വെച്ചു അതില്‍ സംസാരിച്ചു കൊണ്ടിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് അവിടെ ബസ് കുറച്ചു നേരം പിടിച്ചിടേണ്ടി വന്നത്,’ എന്നാണ് സാന്ദ്ര പറഞ്ഞത്.
വളവുകളില്‍ പോലും ഈ ബസ് അമിത വേഗത്തിലാണ് കടന്നുപോകാറുള്ളതെന്ന് നാട്ടുകാരില്‍ ചിലരും പറഞ്ഞിരുന്നു. ജീവനക്കാരുടെ ഭാഗത്ത് തെറ്റുണ്ടെന്ന് തെളിഞ്ഞാല്‍ നടപടിയുമായി മുന്നോട്ടു പോകാനാണ് മോട്ടാര്‍ വാഹന വകുപ്പിന്റെ തീരുമാനം.