national news
ഭേദഗതി ചെയ്യപ്പെട്ട വിവരാവകാശ നിയമത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നല്‍കിയ വിവരാവകാശ അപേക്ഷ തള്ളി കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Nov 24, 02:55 am
Saturday, 24th November 2018, 8:25 am

ന്യൂദല്‍ഹി: വര്‍ഷകാല പാര്‍ലിമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ഭേദഗതി ചെയ്യപ്പെട്ട വിവരാവകാശ നിയമത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു കൊണ്ടു നല്‍കിയ അപേക്ഷ തള്ളി കേന്ദ്ര സര്‍ക്കാര്‍.

സംസ്ഥാന, കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരുടെ പ്രവര്‍ത്തന കാലാവധിയും ശമ്പളവും പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാകുന്ന തരത്തിലാണ് ബില്ലിലെ പുതിയ മാറ്റങ്ങള്‍. എന്നാല്‍ ഇത് കമ്മീഷണര്‍മാരുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് തടസ്സമാകും എന്നാണ് വിമര്‍ശകരുടെ വാദം.


Also Read ഗൗരി ലങ്കേഷിനെ കൊന്നവരുടെ ലിസ്റ്റില്‍ സിദ്ധാര്‍ത്ഥ് വരദരാജനുമെന്ന് പൊലീസ് കുറ്റപത്രം


സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനി(സി.ഐ.സി)ലേക്കുള്ള അപേക്ഷകരുടെ വിവരങ്ങളും ഈ ഒഴിവുകള്‍ നികത്താനുള്ള സ്റ്റാന്‍ഡിങ്ങ് കമ്മിറ്റിയിലെ അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ ആര്‍.ടി.ഐ അപേക്ഷയും കേന്ദ്രം തള്ളി. പതിനൊന്നംഗ കമ്മീഷനില്‍ ഡിസംബര്‍ ഒന്നോടെ 9 ഒഴിവുകള്‍ വരും.

പുതുക്കിയ വിവരാവകാശ രേഖയുടെ പകര്‍പ്പ് ആവശ്യപ്പെട്ടു കൊണ്ട് 2018 മെയ്യില്‍ നാഷണല്‍ ക്യാമ്പയ്‌ന് ഫോര്‍ പീപിള്‍സ് റൈറ്റ് റ്റു ഇന്‍ഫര്‍മേഷന്‍ (എന്‍.സി.പി.ആര്‍.ഐ) കൊ-കണ്‍വീനര്‍ അഞ്ജലി ഭരദ്വാജിന്റെ ആര്‍.ടി.ഐ നേരത്തെ തള്ളിയിരുന്നു. വിവരാവകാശ നിയമ ഭേദഗതി ഇപ്പോഴും പരിഗണനയിലാണ് മാറ്റങ്ങളില്‍ ഇനിയും തീര്‍ച്ചവരുത്തിയിട്ടില്ലെന്ന് കാണിച്ചായിരുന്നു അപേക്ഷ നല്‍കിയത്.


Also Read മോദിയ്ക്ക് ഹിന്ദു-മുസ്‌ലിം രോഗമാണ്: കെ.സി.ആര്‍


“ഞങ്ങള്‍ വീണ്ടും ഇതേ ആവശ്യവുമായി മറ്റൊരു അപേക്ഷ നല്‍കി, എന്നാല്‍ ഒക്ടോബര്‍ 24ന് ഇതും കേന്ദ്രം തള്ളി. മുമ്പ് പറഞ്ഞ അതേ കാരണം കാണിച്ചായിരുന്നു അപേക്ഷ തള്ളിയത്. സുതാര്യതയുടെ മൂര്‍ത്ത രൂപമായിരിക്കേണ്ട കമ്മീഷനിലെ നിയമനപ്രക്രിയയില്‍ യാതൊരു സുതാര്യതയും ഇല്ലാതായിരിക്കുകയാണ്”- ഭരദ്വാജ് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു.