| Tuesday, 20th August 2024, 8:22 am

വിവരാവകാശ അപേക്ഷ: മറുപടി നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നിശ്ചിത ദിവസത്തിനകം വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കാത്ത വിവരാവകാശ ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗം ടി.കെ. രാമകൃഷ്ണന്‍. കോഴിക്കോട് നടന്ന വിവരാവകാശ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവരാവകാശ അപേക്ഷയില്‍ ചോദിച്ച വിവരങ്ങള്‍ മറ്റൊരു ഓഫീസില്‍ നിന്നാണ് ലഭ്യമാക്കേണ്ടതെങ്കില്‍ പോലും അത് ആ ഓഫീസിലേക്ക് കൈമാറണ്ട ചുമതല വിവരാവകാശ ഓഫീസര്‍ക്കുണ്ട്. വിവരങ്ങള്‍ ഈ ഓഫീസില്‍ ലഭ്യമല്ല, അറിയില്ല തുടങ്ങിയ മറുപടി നല്‍കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവരാവകാശ അപേക്ഷയില്‍ രണ്ടാം അപ്പീല്‍ കൂടി വരുന്ന പ്രവണതക്കെതിരെയും അദ്ദേഹം സംസാരിച്ചു.

കമ്മീഷന് മുമ്പാകെ രണ്ടാം അപ്പീലുകള്‍ ധാരാളമായി വരുന്നുണ്ട്, ഇത് താഴെത്തട്ടില്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച വരുന്നതിനാലാണ്. രണ്ടാം അപ്പീലുകളുടെ എണ്ണം കുറയ്ക്കുന്നതില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് (എസ്.പി.ഐ.ഒ) നിര്‍ണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

11 അപേക്ഷകളാണ് കോഴിക്കോട് നടന്ന സിറ്റിങ്ങില്‍ പരിഗണിച്ചത്. 11 എണ്ണവും തീര്‍പ്പാക്കി.

നിശ്ചിത സമയത്തിനുള്ളില്‍ (30 ദിവസം) ആവശ്യപ്പെട്ട രേഖകള്‍ നല്‍കുന്നതില്‍ വളയനാട് വില്ലേജിലെ എസ്.പി.ഐ.ഒ വീഴ്ച വരുത്തിയതായി കമ്മീഷന്‍ പറഞ്ഞു. പല അപേക്ഷയിലും എസ്.പി.ഐ.ഒമാര്‍ക്ക് വീഴ്ചയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: RTI request: Commission to take action against officials who did not respond

We use cookies to give you the best possible experience. Learn more