| Monday, 21st February 2022, 11:46 pm

സ്വകാര്യവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് വിവരാവകാശത്തിന് മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് വിവരാവകാശം നിയമ പ്രകാരമുള്ള മറുപടി. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ റിപ്പോര്‍ട്ട് അതേപടി പൊതുരേഖയായി നല്‍കുവാന്‍ കഴിയില്ലെന്ന് സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.ആര്‍. പ്രമോദ് വിവരാവകാശത്തിന് മറുപടി നല്‍കി.

കഴിഞ്ഞ ഒമ്പതാം തിയതിയാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൊതുരേഖയായി പ്രസിദ്ധീകരിക്കാന്‍ അപേക്ഷ സമര്‍പ്പിച്ചത്. മലയാള സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും അതിക്രമങ്ങളും പഠിച്ച് റിപ്പോര്‍ട്ട് നല്‍കുവാന്‍ സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് ഹേമ കമ്മീഷന്‍.

2019ലാണ് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹേമ, മുതിര്‍ന്ന നടി ശാരദ, വിരമിച്ച ഉന്നത ഉദ്യോഗസ്ഥ കെ. ബി. വത്സലകുമാരി എന്നിവര്‍ അംഗങ്ങളായി ഒരു കമ്മിറ്റി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചത്.

ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കാനാവില്ലെന്ന് ഹൈക്കോടതിയും പറഞ്ഞിരുന്നു. ഇത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്.

സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും കമ്മീഷന് സാക്ഷികള്‍ നല്‍കിയ മൊഴിയില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ‘ദിശ’ എന്ന സംഘടന സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. പീഡന പരാതികള്‍ പരിഗണിക്കുന്നതിന് ജില്ലാ തലങ്ങളിലായി 258 നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

CONTENT HIGHLIGHTS: RTI reply that the HEMA Commission report could not be published as it contained personal information of individuals.

We use cookies to give you the best possible experience. Learn more