Daily News
കോട്ടയത്ത് കയ്യേറ്റത്തിനും ക്വാറിക്കുമെതിരെ പരാതിപ്പെട്ട ആര്‍.ടി.ഐ ആക്ടിവിസ്റ്റിനെ ജെ.സി.ബി കൊണ്ട് അപായപ്പെടുത്താന്‍ ശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Aug 19, 05:44 am
Saturday, 19th August 2017, 11:14 am

കോട്ടയം: കയ്യേറ്റത്തിനും, ക്വാറിയ്ക്കും അനധികൃത കെട്ടിട നിര്‍മാണത്തിനുമെതിരെ നിയമപരമായി പൊരുതിയ യുവാവിനെ ജെ.സി.ബികൊണ്ട് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ആര്‍.ടി.ഐ ആക്ടിവിസ്റ്റും ആം ആദ്മി പാര്‍ട്ടിയുടെ ലീഗല്‍ കണ്‍സല്‍ട്ടന്റുമായ മഹേഷ് വിജയനാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

നീലിമംഗലം തറയില്‍ വീട്ടില്‍ മുഹമ്മദ് ഫൈസലിന്റെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മഹേഷ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവിടെ അവധി ദിവസങ്ങളിലും രാത്രിയിലും അനധികൃത നിര്‍മാണങ്ങള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മഹേഷ് വീണ്ടും പരാതിയുമായി നഗരസഭയെ സമീപിക്കുകയായിരുന്നു.


Also Read: ഡിയര്‍ അര്‍ണബ് ജീ, വീട്ടുകാര്യം തീര്‍ക്കാന്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഓര്‍ഡര്‍ ചെയ്യുന്നതൊക്കെ കുറച്ചിലല്ലേ?: അര്‍ണബിനെ പൊളിച്ചടുക്കി ഡോക്ടറുടെ തുറന്നകത്ത്


പരാതിപ്പെട്ടശേഷം തിരിച്ചു സൈക്കിളില്‍ മടങ്ങവേയാണ് ജെ.സി.ബികൊണ്ട് അപായപ്പെടുത്താന്‍ ശ്രമമുണ്ടായത്.

“പാറയില്‍ ക്രഷറിന്റെ കെ.എല്‍ 05 എ.എം 588 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ജെ.സി.ബികൊണ്ട് എന്നെ ആറ്റിലേയ്ക്ക് ഇടിച്ചിടാന്‍ ശ്രമിക്കുകയും സൈക്കിളോടെ ഞാന്‍ ആറ്റിലേക്ക് വീഴുകയും ചെയ്തു. എഴുന്നേറ്റ എന്നെ പ്രദേശവാസിയായ ക്രഷര്‍ ഉടമ പാറയില്‍ കുര്യനും കണ്ടാലറിയാവുന്ന മറ്റൊരാളും ഓടിവന്ന് കഴുത്തിന് പിടിച്ച് പുറത്ത് കമ്പുകൊണ്ട് അടിയ്ക്കുകയും വയറിന് ചവിട്ടുകയും ചെയ്തു.” എന്നാണ് മഹേഷ് പരാതിയില്‍ പറയുന്നത്.

തുടര്‍ന്ന് തന്നെ തടഞ്ഞുവെച്ചശേഷം മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ളവരെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി എല്ലാവരും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നും മഹേഷ് പരാതിയില്‍ പറയുന്നു.

അരമണിക്കൂറോളം ഇവരുടെ ബന്ധനത്തിലായിരുന്നു താനെന്നും പിന്നീട് താന്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും മഹേഷ് പറയുന്നു.