| Monday, 21st May 2012, 2:44 pm

അസമില്‍ ഡാം വിരുദ്ധ സമരക്കാര്‍ക്ക് പീഡനം: അഖില്‍ ഗൊഗോയ് നിരാഹാരം തുടങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: അസമില്‍ ഡാമിനെതിരെ സമരം ചെയ്യുന്നവരെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് അന്നാ സംഘത്തിന്റെ കോര്‍ കമ്മിറ്റി അംഗവും കൃഷക് മുക്തി സംഗ്രാം സമിതി ജനറല്‍ സെക്രട്ടറിയുമായ അഖില്‍ ഗൊഗോയ് നിരാഹാര സമരം തുടങ്ങി. ലാഖിംപൂര്‍ ജില്ലയില്‍ നിര്‍മ്മിക്കുന്ന അണക്കെട്ടിനെതിരെ കഴിഞ്ഞ ഡിസംബര്‍ മുതല്‍ സമരം ചെയ്യുന്ന സംഘടനകളും ഗൊഗോയിയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അഖില്‍ ഗൊഗോയിക്ക് ഉദരസംബന്ധമായ രോഗങ്ങളുള്ളതുകൊണ്ട് പ്രസംഗിക്കാന്‍ സാധിക്കുന്നില്ലെന്നും പലപ്പോഴും വേദന കടിച്ചമര്‍ത്തുന്നത് കാരണമെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വേദനകുറയുമ്പോള്‍ സമരപ്പന്തലിലെത്തിയവരുമായി ഇടപഴകുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവുമാണ്. ദൃഢനിശ്ചയത്തോടെയാണ് സമരം തുടങ്ങിയത്.

ആരോഗ്യം മോശമാണെങ്കിലും അനിശ്ചിതകാല നിരാഹാരസമരം തുടരും. ലോവര്‍ സുബാന്‍സിരി ഡാമിന്റെ നിര്‍മാണം സര്‍ക്കാര്‍ നികത്തുകയും സമരസമിതിയംഗങ്ങളെ പീഡിപ്പിക്കുന്നത് പോലീസ് അവസാനിപ്പിക്കുകയും വേണം. അല്ലാത്ത പക്ഷം മരണം വരെ താന്‍ നിരാഹാരമിരിക്കുമെന്നും അഖില്‍ ഗൊഗോയ് പറഞ്ഞു. അസമിലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഗൊഗോയിയുടെ സമരപ്പന്തലില്‍ സജീവമാണ്.

ഗുവാഹത്തി നഗരത്തിലെ ദിഘാലിപുഖ്രി പ്രദേശത്ത് എന്‍ സി പിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് സമരപ്പന്തല്‍. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സമരം നടത്തരുതെന്ന് ഗുവാഹത്തി എം.പി ബിജോയ ചക്രവര്‍ത്തി ആവശ്യപ്പെട്ടു. നല്ല ആരോഗ്യത്തോടെ ഗൊഗോയ് സമരം നടത്തണമെന്നാണ് തങ്ങളുടെ ആവശ്യം. ആരോഗ്യം കണക്കിലെടുത്ത് അനിശ്ചിതകാല നിരാഹാര സമരത്തെ സംബന്ധിച്ച് ഒന്നുകൂടി ചിന്തിക്കണമെന്നും ചക്രവര്‍ത്തി ആവശ്യപ്പെട്ടു.

ലോവര്‍ സുബന്‍സിരി ജലവൈദ്യുതി പദ്ധതിയ്ക്കും ഇനി വരാന്‍ പോകുന്ന അരുണാചല്‍പ്രദേശിലെ വലിയ ജലവൈദ്യുത പദ്ധതികള്‍ക്കും കൃത്യമായ പഠനങ്ങളില്ലാതെയാണ് അനുമതി നല്‍കിയത്. പ്രകൃതിയ്ക്കും ജീവനുമുള്ള വെല്ലുവിളികള്‍, സുരക്ഷ എന്നിവയെ സംബന്ധിച്ച് വ്യക്തമായ പഠനങ്ങള്‍ നടത്താതെയാണ് പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഡാമുകള്‍ നദികളെ നശിപ്പിക്കാന്‍ വേണ്ടിയുള്ളതാവരുതെന്ന് അഖില്‍ ഗൊഗോയ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more