| Friday, 28th June 2019, 11:39 am

സിയാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ത്തന്നെ; പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ഉത്തരവ്. സംസ്ഥാന വിവരാവകാശ കമ്മീഷന്റെതാണ് ഉത്തരവ്. പൊതുസ്ഥാപനം അല്ലെന്ന് പറഞ്ഞ് സിയാല്‍ വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നിഷേധിക്കുന്നതിനെത്തുടര്‍ന്നാണ് കമ്മീഷന്റെ നടപടി.

വിവരാവകാശ നിയമം നിലവില്‍ വന്നതുമുതല്‍ നെടുമ്പാശ്ശേരി വിമാനത്താവളം നിയമത്തിന്റെ പരിധിയിലായിരുന്നു. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഖേന വിവരാവകാശ അപേക്ഷകള്‍ക്ക് സിയാല്‍ മറുപടിയും നല്‍കിയിരുന്നു. പിന്നീട് തങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ അല്ലെന്ന് കാണിച്ച് സിയാല്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് അതുവരെ ലഭിച്ച വിവരാവകാശ അപേക്ഷകളെല്ലാം സിയാല്‍ തള്ളുകയും ചെയ്തു.

ഇതിനെതിരെ ഹൈക്കോടതിയിലും വിവരാവകാശ കമ്മീഷനിലും നിരവധി പരാതികളെത്തി. പരാതികളില്‍ വാദം കേട്ട ഹൈക്കോടതി, വിഷയത്തില്‍ തീരുമാനമെടുക്കാന്‍ വിവരാവകാശ കമ്മീഷനെ ചുമതലപ്പെടുത്തി. അപ്പീലുകളില്‍ വാദം കേട്ട കമ്മീഷന്‍, സിയാല്‍ പൊതുസ്ഥാപനമല്ലെന്ന വാദം തളളി. സിയാലിന്റെ ബോര്‍ഡ് ഓഫ് ഡയറ്കടേഴ്‌സില്‍ ചെയര്‍മാന്‍ സ്ഥാനത്തുള്ള മുഖ്യമന്ത്രി അടക്കം മൂന്ന് മന്ത്രിമാര്‍ അംഗങ്ങളുമാണ്.

സിയാലിന്റെ പ്രവര്‍ത്തനത്തിന് ധനസഹായം നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സിയാല്‍ ബാധ്യസ്ഥരാണെന്നാണ് കമ്മീഷന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നത്. അപേക്ഷരുടെ ചോദ്യങ്ങള്‍ അവഗണിച്ചത് തെറ്റാണെന്നും വിമര്‍ശനമുണ്ട്.

We use cookies to give you the best possible experience. Learn more