മുടി മുറിപ്പിച്ചു, പെന്‍സില്‍കൊണ്ട് കുത്തി, വിദ്യാഭ്യാസ അവകാശനിയമപ്രകാരം പ്രവേശനം നേടിയവര്‍ക്ക് വിവേചനം
India
മുടി മുറിപ്പിച്ചു, പെന്‍സില്‍കൊണ്ട് കുത്തി, വിദ്യാഭ്യാസ അവകാശനിയമപ്രകാരം പ്രവേശനം നേടിയവര്‍ക്ക് വിവേചനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th July 2012, 5:12 am

ബാംഗ്ലൂര്‍: വിദ്യാഭ്യാസ അവകാശനിയമ പ്രകാരം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ കടുത്ത വിവേചനം നേരിടുന്നതായി റിപ്പോര്‍ട്ട്. ബാംഗ്ലൂരിലെ സ്‌കൂളില്‍ ആറ് വയസുകാരിയാണ് ഏറ്റവുമൊടുവില്‍ വിവേചനത്തിന് ഇരയായത്. സ്‌കൂള്‍ അധികൃതരും സഹവിദ്യാര്‍ത്ഥികളും പെണ്‍കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് മാതാവ് ഗീത വെളിപ്പെടുത്തി. അധ്യാപികയോട് പരാതിപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് അവര്‍ പറഞ്ഞു. []

പെണ്‍കുട്ടിയുടെ മുടി പ്രത്യേക രീതിയില്‍ സ്‌കൂള്‍ അധികൃതര്‍ വെട്ടിമാറ്റി. സഹവിദ്യാര്‍ത്ഥികള്‍ പെന്‍സില്‍ കൊണ്ട് മുറിവേല്‍പ്പിച്ചുവെന്നും ഗീത പറയുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ 25% സംവരണ സീറ്റില്‍ പ്രവേശനം നേടിയതിനാലാണ് ഇത്തരം പീഡനങ്ങള്‍ സഹിക്കേണ്ടി വരുന്നതെന്നും ഗീത ആരോപിക്കുന്നു.

ജൂണില്‍ ബാംഗ്ലൂരിലെ ലാഗറേ മേഖലയില്‍ നിന്ന് എട്ട് വിദ്യാര്‍ത്ഥികളെ ഓക്‌സ്‌ഫോഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരും സംവരണ സീറ്റിലാണ് പ്രവേശനം നേടിയത്. ഇതില്‍ മൂന്ന്  കുട്ടികളുടെ മുടി മുറിച്ചു. സഹപാഠികളാണ് മുടി വെട്ടിയതെന്നാണ് കുട്ടികള്‍ പറയുന്നത്. എന്നാല്‍ അധ്യാപകര്‍ ഇത് തടയാനോ എതിര്‍ക്കാനോ തുനിഞ്ഞില്ലെന്നും കുട്ടികള്‍ ആരോപിക്കുന്നു.

ഇതിന് പുറമേ സ്‌കൂളില്‍ നടക്കുന്ന മിക്ക പരിപാടികളില്‍ നിന്നും ഇവരെ അകറ്റി നിര്‍ത്തുന്നതായും ആരോപണമുണ്ട്. സ്‌കൂളിലെ അവസാന നിരയിലെ ബെഞ്ചിലാണ് കുട്ടികള്‍ക്ക് ഇരിപ്പിടം അനുവദിച്ചത്. ഇവര്‍ക്ക് ഗൃഹപാഠം നല്‍കുകയോ, മറ്റുകുട്ടികളെപ്പോലെ ബോര്‍ഡിലെഴുതാന്‍ അനുവദിക്കുകയോ ചെയ്യാറില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. പരീക്ഷകളില്‍ നിന്നും തങ്ങളുടെ കുട്ടികളെ മാറ്റി നിര്‍ത്തിയെന്നും വിവേചനത്തിനിരയായ കുട്ടിയുടെ മാതാവ് ഗീത പറഞ്ഞു.

മറ്റ് കുട്ടികള്‍ക്ക് ഡയറിയും ബെല്‍റ്റും ടൈയും അനുവദിച്ചെങ്കിലും ഇവര്‍ക്ക് ഇതൊന്നും അനുവദിച്ചിട്ടില്ല. ഇക്കാര്യം സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ ഇവ സ്‌കൂളില്‍ സ്‌റ്റോക്കില്ലെന്നായിരുന്നു മറുപടി.

ഇത്തരമൊരു സംഭവമുണ്ടായതില്‍ ദു:ഖമുണ്ടെന്നും അത്യന്തം അപലപിക്കുന്നെന്നും കര്‍ണ്ണാടക അണ്‍എയ്ഡഡ് സ്‌കൂള്‍സ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജി.എസ് ശര്‍മ്മ പറഞ്ഞു. ഈ സ്‌കൂളിനെ കെ.യു.എസ്.എം.എയില്‍ നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍ണ്ണാടക വിദ്യാഭ്യാസ സെക്രട്ടറി ജി. കുമാര്‍ നായ്ക് പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.