മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നതായി സംശയം ബലപ്പെടുകയാണെന്ന് മുന്‍ ഹൈക്കോടതി ജഡ്ജിയും സോഷ്യല്‍ ആക്ടിവിസ്റ്റുമായ ഖോല്‍സെ പാട്ടീല്‍. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അട്ടിമറിക്കപ്പെടുന്ന എന്ന തരത്തില്‍ ഒട്ടേറെ ആരോപണങ്ങള്‍ ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ക്വിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.
“മോദിയുടെയും ഷായുടെയും ഭൂതകാലം നോക്കുമ്പോള്‍ വോട്ടിങ് മെഷീനുകളില്‍ ക്രമക്കേടു നടന്നതായി ഞാന്‍ ബലമായി സംശയിക്കുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട ഒട്ടേറെ അട്ടിമറികള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധിക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. പേപ്പര്‍ ട്രെയില്‍ മെഷീനാണു വേണ്ടത്. അതുണ്ടാവുന്നില്ലെങ്കില്‍ നമുക്ക് മുമ്പത്തെപ്പോലെ ബാലറ്റു പേപ്പറുകളിലേക്കു തന്നെ പോകാം.” ഖോല്‍സെ പാട്ടീല്‍ പറയുന്നു.
ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം വോട്ടര്‍വെരിഫെയ്ഡ് പേപ്പര്‍ ഓഡിറ്റ് ട്രെയില്‍ അല്ലെങ്കില്‍ വി.വി.പി.എ.ടി കൊണ്ടുവരണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എളുപ്പം ഹാക്കു ചെയ്യാമെന്നും അട്ടിമറിക്കാമെന്നുമുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്ന വേളയില്‍ വി.വി.പി.എ.ടിയിലേക്കു മാറാന്‍ സുപ്രീം കോടതി തെരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദേശം നല്‍കിയിരുപന്നു.
വോട്ടു രേഖപ്പെടുത്തിയ ഉടന്‍ അതിന്റെ പ്രിന്റൗട്ട് ലഭിക്കുകയും അതുവഴി വോട്ടു ചെയ്തയാള്‍ക്ക് ആര്‍ക്കാണ് വോട്ടുചെയ്തതെന്ന് ഉറപ്പിക്കാന്‍ കഴിയുകയും ചെയ്യുന്ന രീതിയാണ്. ഈ പ്രിന്റ് ഔട്ട് ബാലറ്റ് ബോക്സില്‍ ഇടുന്നതോടെയാണഅ വി.വി.പി.എ.ടി വഴിയിലുള്ള വോട്ടിങ് പൂര്‍ത്തിയാകുന്നത്.
2019 ആകുമ്പോഴേക്കും പൂര്‍ണമായും വി.വി.പി.എ.ടിയിലേക്കു മാറാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ഇതിന്റെ ഭാഗമായി 2014ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ എട്ട് ലോക്സഭ മണ്ഡലങ്ങളില്‍ വി.വി.പി.എ.ടി മെഷീന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ നിന്നും ആവശ്യത്തിനു ഫണ്ട് ലഭിക്കാത്തതു കാരണം 2019ല്‍ ഇത് പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പറയുന്നത്.
നേരത്തെ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന വേളയില്‍ വോട്ടിങ് മെഷീനെതിരെ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തിയ ബി.ജെ.പി 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം നിലപാട് മാറ്റിയിരിക്കുകയാണ്.
ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എളുപ്പം അട്ടിമറി നടത്താവുന്നതും ഹാക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നുമാണ് എന്നാരോപിച്ച് ശക്തമായി രംഗത്തുവന്നയാളാണ് ബി.ജെ.പി എം.പി കീര്‍ത്തീ സോമയ്യ. എന്നാലിപ്പോള്‍ വോട്ടിങ് മെഷീന്‍ ക്രമക്കേട് ആരോപിക്കുന്നത് രാജിവെക്കുന്നതാണ് നല്ലതെന്ന നിലപാടിലാണ് അദ്ദേഹം.
“ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കു പകരം വി.വി.പി.എ.ടി മെഷീനുകള്‍ വയ്ക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ ഇതിനുവേണ്ടി 5000 കോടി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അതിന് 10-12 വര്‍ഷമെടുക്കും. പരിഷ്‌കരണം തുടര്‍ച്ചയായ നടപടിയാണ്. അതിനു സമയമെടുക്കും. ഉദ്ധവ് താക്കറെയും ശരത് പവാറും ആരോപണമുന്നയിക്കുന്നത് അവര്‍ക്ക് സ്ഥാപിത താല്‍പര്യങ്ങളുള്ളതുകൊണ്ടാണ്. വോട്ടിങ് മെഷീന്‍ അട്ടിമറിക്കപ്പെട്ടെന്ന് തോന്നുന്നെങ്കില്‍ അവരുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെല്ലാം ആദ്യം രാജിവെക്കട്ടെ.” എന്നാണ് സോമയ്യ ഇപ്പോള്‍ പറയുന്നത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്നാവിസും സോമയ്യയും ചേര്‍ന്ന് 2010ല്‍ വോട്ടിങ് മെഷീനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ എളുപ്പം അട്ടിമറിക്കാന്‍ കഴിയുന്ന ഒന്നാണെന്ന് ഹൈദരാബാദ് ടെക്നീഷ്യനായ ഹരിപ്രസാദിനെക്കൊണ്ട് ഡെമോണ്‍സ്ട്രേറ്റ് ചെയ്ത് കാട്ടുകയും ചെയ്തിരുന്നു.
മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടന്നു എന്ന ആരോപണങ്ങള്‍ ശക്തമായത്. നാസിക്, പൂനെ എന്നിവിടങ്ങളിലെ ചില വാര്‍ഡുകളില്‍ രേഖപ്പെടുത്തിയ വോട്ടുകളെക്കാള്‍ കൂടുതലാണ് എണ്ണിയപ്പോള്‍ വന്നതെന്നും ബി.ജെ.പിക്ക് അനുകൂലമായി വോട്ടിങ് മെഷീനില്‍ ക്രമക്കേടു നടന്നു എന്നും ആരോപിച്ച് ശിവസേനയുള്‍പ്പെടെയുള്ള കക്ഷികള്‍ രംഗത്തെത്തിയിരുന്നു.