തിരുവനന്തപുരം: നേതാക്കള്‍ കോഴ വാങ്ങിയെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ആര്‍.എസ് വിനോദിനെ ബിജെപി പുറത്താക്കി. നിലവില്‍ ബിജെപിയുടെ സംസ്ഥാന സഹകരണ സെല്‍ കണ്‍വീനറാണ് ആര്‍.എസ് വിനോദ്. വിനോദിനെതിരെയുള്ള ആരോപണം അതീവഗുരുതരമാണെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് വിനോദ് കളങ്കമുണ്ടാക്കിയതായി പാര്‍ട്ടി വിലയിരുത്തുന്നെന്നും കുമ്മനം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും സംസ്ഥാനനേതൃത്വം അവശ്യപ്പെട്ടു. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജ് ആരംഭിക്കാനായി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അനുമതി വാങ്ങിക്കൊടുക്കാന്‍ ആര്‍.എസ് വിനോദ്. 5.6 കോടി രൂപ കൈപ്പറ്റിയ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം ചോര്‍ന്നിരുന്നു.
വര്‍ക്കലയിലെ സ്വാശ്രയ മെഡിക്കല്‍ കോളേജ് ഉടമയ്ക്ക് എം.ബി.ബി.എസിന് 150 സീറ്റുകള്‍ അധികമായി അനുവദിക്കാന്‍ നടത്തിയ ഇടപെടലുകളിലാണ് കേരളത്തിലെ ബി.ജെ.പിയെ വെട്ടിലാക്കിയത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍ കൂടി വന്നതോടെ കുമ്മനം രാജശേഖരന്‍ അന്വേഷണ കമ്മീഷനെ വെയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
കെ.പി ശ്രീശനും എ.കെ നസീറും ഉള്‍പ്പെടുന്ന രണ്ടംഗ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ട് ശനിയാഴ്ച ആലപ്പുഴയില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന സമിതി പരിഗണിക്കാന്‍ ഇരിക്കെയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നത്.
സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ സംസ്ഥാന നേതൃത്വത്തിനു നല്‍കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. കോളേജ് തുടങ്ങാന്‍ കോഴ വാങ്ങിയതിനു പുറമെ നേതാക്കള്‍ നടത്തുന്ന ഹവാല- കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോര്‍ട്ടിലുണ്ട്.
വര്‍ക്കലയിലെ എസ്.ആര്‍ കോളേജ് ഉടമ ആര്‍ ഷാജിയില്‍നിന്ന് ബി.ജെ.പി സഹകരണസെല്‍ കണ്‍വീനര്‍ ആര്‍. എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്‍കിയതായി ഷാജി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് വിനോദിനെതിരെ നേതൃത്വം നടപടിയെടുത്തത്.
ആര്‍. ഷാജി ബി.ജെ.പി സംസ്ഥാന കമ്മിറ്റിക്ക് രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. ഔദ്യോഗികനേതൃത്വം പരാതി ഒതുക്കാന്‍ ശ്രമിച്ചെങ്കിലും വി മുരളീധരന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇത് ചര്‍ച്ചയാക്കി. ദല്‍ഹിയിലുള്ള സതീശ് നായര്‍ക്ക് കുഴല്‍പ്പണമായി തുക കൈമാറിയെന്ന് വിനോദ് സമ്മതിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു
അന്വേഷണത്തിനിടെ എം.ടി രമേശിനെതിരെയും മൊഴി ലഭിച്ചിരുന്നു. അതേസമയം റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ ധാര്‍മിക ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്ന് ആര്‍.എസ്.എസ് നേതൃത്വത്തെ കുമ്മനം അറിയിച്ചിട്ടുണ്ട്.